‘സഫലമീ യാത്ര…’ – (46)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
തെറ്റാത്ത ഉപദേഷ്ട്ടാവ്
” … ഇനി നിന്റെ ഉപദേഷ്ട്ടാവ് മറഞ്ഞിരിക്കയില്ല; ഇനി നിന്റെ കണ്ണ് നിന്റെ ഉപദേഷ്ട്ടാവിനെ കണ്ട് കൊണ്ടിരിക്കും. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ, വഴി ഇതാകുന്നു, ഇതിലെ നടന്ന് കൊൾവിൻ എന്നൊരു വാക്ക് പിറകിൽ നിന്ന് കേൾക്കും”, യെശയ്യാവ് : 30:20,21
വ്യോമയാന പാതകളെ ഗ്രഹിപ്പിക്കുന്ന ശക്തമായ സംവിധാനങ്ങളുണ്ട്. വി. ഒ. ആർ. എന്ന് അറിയപ്പെടുന്ന ശക്തമായ നിയത്രണ ഉപകരണങ്ങൾ. അവയുടെ സഹായമാണ് കൃത്യമായി വ്യോമയാന പാതകളെക്കുറിച്ചുള്ള അറിവ് വൈമാനികന് നൽകുന്നത്. ലക്ഷ്യങ്ങളിൽ കൃത്യമായി എത്തുവാൻ ഈ സിഗ്നലുകളുടെ ഉപദേശം സഹായകരമാകും.
വ്യോമ പാതകളിൽ നിന്ന് ഇടത്തോ വലത്തോ വഴിമാറുമ്പോൾ, കൃത്യമായ മുന്നറിയിപ്പുകൾ നൽകി, ശരിയായ ദിശയിലേക്ക് മടക്കി കൊണ്ട് വരുവാൻ ഈ യാന്ത്രിക സംവിധാനത്തിന് കഴിയുന്നു.
മിസ്രയിമിലെ കുതിരപ്പടയിലും, ബലവാന്മാരായ കുതിരച്ചേവകരിലും ആശ്രയിക്കുവാൻ ഒരുക്കുന്ന ഹിസ്കീയാവിന്റെ ഉപദേഷ്ട്ടാക്കൾക്ക് ശക്തമായ താകീതുകളാണ് ഈ അധ്യായത്തിൽ യെശയ്യാവ് പ്രവാചക ശബ്ദമായി സംസാരിക്കുന്നത്. കൃത്യമായ ഒരു വി. ഒ. ആർ. സംവിധാനം യിസ്രായേലിന് ആവശ്യമായി വരുന്നു. എല്ലാ അർത്ഥങ്ങളിലും തെറ്റ് പറ്റാത്ത ഒരു ദിശാ നിർണ്ണയ സംവിധാനം. യഹോവയുടെ പ്രബോധനം. ഒരുനാൾ അവിടുന്ന് അവരുടെ ഉപദേഷ്ട്ടാവ് വെളിപ്പെടും. കാതുകൾക്ക് പിന്നിൽ വഴി ഇടത്തോട്ടോ, വലത്തോട്ടോ എന്ന് കൃത്യമായി ഉപദേശിക്കുന്ന ഉപദേഷ്ട്ടാവ്. അത് ദൈവമായ യഹോവ തന്നെ.
ഇന്ന്, ദൈവജനത്തിൽ അവരുടെ ശബ്ദമായ ഒരു നിയന്ത്രിതാവ് ഉണ്ട്. കർത്താവ് വാഗ്ദത്തം ചെയ്ത് കരേറിയപ്പോൾ പിതാവിന്റെ അരികെ നിന്ന് അയച്ചിരിക്കുന്ന കാര്യസ്ഥൻ പരിശുദ്ധാത്മാവ്. “സകല സത്യത്തിലും വഴി നടത്തുന്ന പരിശുദ്ധാത്മാവ്” യോഹന്നാൻ : 16:13. സ്വന്ത ആലോചനയിൽ ആശ്രയിക്കാതെ ജീവിത ചക്രത്തെ നിയന്ത്രിക്കുവാൻ പരിശുദ്ധാത്മാവിൽ ആശ്രയിക്കുക. അവിടുന്ന് മറഞ്ഞിരിക്കാത്ത ഉപദേവഷ്ട്ടാവായി പെരുവഴിയിലൂടെ സീയോനിലേക്ക് നയിക്കും.