മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (01)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (01)
പാ. വീയപുരം ജോർജ്കുട്ടി

1) മരണം ഒരു യാഥാർഥ്യമാണ്
മരണം ഒരു യാഥാർഥ്യമാണെന്നുള്ളത് ഒരിക്കലും നമുക്ക് വിസ്മരിക്കുവാൻ കഴിയുകയില്ല. ഒരിക്കൽ ഒരു വിധവ ശ്രീബുദ്ധാന്റെ അടുക്കൽ ചെന്ന് തന്റെ മരിച്ചു പോയ കുട്ടിയെ ജീവിപ്പിച്ചു തരുവാൻ അപേക്ഷിച്ചു. ആരും മരിച്ചു പോകാത്ത വീട്ടിൽ നിന്ന് കുറച്ചു കടുക് വാങ്ങി കൊണ്ട് വന്നാൽ കുട്ടിയെ ജീവിപ്പിച്ചു തരാം എന്ന് അദ്ദേഹം വാക്ക് കൊടുത്തു. ഈ സ്ത്രീ വളരെ പ്രത്യാശയോട് കൂടി അനേക ഭവനങ്ങൾ കയറിയിറങ്ങി. എല്ലാവരും കടുക് കൊടുക്കുവാൻ തയ്യാറായി. എന്നാൽ എല്ലാ ഭവനങ്ങളിലും മരണം സംഭവിച്ചിട്ടുണ്ട് എന്ന യാഥാർഥ്യം ആ സ്ത്രീ മനസ്സിലാക്കുകയും നിരാശയോട് കൂടി മടങ്ങി വരികയും ചെയ്തു.
മരിക്കാതെയിരിക്കണമെങ്കിൽ നാം ജനിക്കാതെയിരിക്കണമായിരുന്നു. യേശുക്രിസ്തുവിന്റെ മടങ്ങി വരവിൽ, അന്ന് ജീവനോട് കൂടിയിരിക്കുന്ന വിശുദ്ധന്മാർക്ക് മാത്രമേ മരണം കാണാതെയുള്ള രൂപാന്തരം ലഭിക്കുകയുള്ളൂ. എന്നാൽ സർവ്വശക്തനായ ദൈവത്തിന്റെ പ്രത്യേക കാര്യപരിപാടിയിൽ ഹാനോക്കും ഏലിയാവും മരണം കാണാതെ എടുക്കപ്പെട്ടു എന്ന് വിശുദ്ധ ബൈബിൾ പറയുന്നു.
ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചത് മരിക്കുവാനായിട്ടല്ല, പിന്നെയോ നിത്യകാലം ദൈവത്തോട് കൂടെ വസിക്കേണ്ടതിനാകുന്നു. എന്നാൽ ആദിമ മനുഷ്യനായിരുന്ന ആദാമിനെയും ഹവ്വയേയും വഞ്ചകനായ സാത്താൻ ഉപായത്താൽ ചതിക്കുകയും തിന്നരുത് എന്ന് ദൈവം കല്പിച്ച നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലത്തിൽ നിന്ന് അവർ ഭക്ഷിക്കുകയും ചെയ്തു. തന്മൂലം, ‘തിന്നുന്ന നാളിൽ നീ മരിക്കും’ എന്നുള്ള ദൈവവചന പ്രകാരം, മനുഷ്യ വർഗ്ഗം മരണത്തിന് വിധേയരായിത്തീരുകയും ചെയ്തു (ഉല്പത്തി : 2: 16 – 17)
ഇതിനെ കുറിച്ച് വിശുദ്ധ പൗലോസ് പറയുന്നത്, “അത് കൊണ്ട് ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു” (റോമർ : 5:12)
ദൈവത്തോട് അനുസരണക്കേട് കാണിച്ചു പാപം ചെയ്ത ആദാമിനെയും ഹവ്വയേയും ദൈവം വിസ്തരിച്ചു വിധി കല്പിക്കുമ്പോൾ അവരോട് പറഞ്ഞു : “നിലത്തു നിന്ന് നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും” (ഉല്പത്തി : 3:19)
ആദിമ മനുഷ്യന്റെ പാപത്താൽ മാനവ ജാതി മുഴുവൻ ദൈവ മുൻപാകെ പാപികളായി തീർന്നു (റോമർ : 5:19) “ഒരു വ്യതാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ്‌ ഇല്ലാത്തവരായി തീർന്നു” (റോമർ : 3:23) “നീതിമാൻ ആരുമില്ല; ഒരുത്തൻ പോലുമില്ല” (റോമർ : 3:10) “പാപത്തിന്റെ ശമ്പളം മരണമത്രേ” (റോമർ : 6:23) “ഒരിയ്ക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു” (എബ്രായർ : 9:27) യേശു ക്രിസ്തുവിന്റെ കാൽവരി ക്രൂശിലെ മരണം വരെ മനുഷ്യർ എല്ലാവരും മരണഭീതിക്ക് അടിമകളായിരുന്നു (എബ്രായർ : 2:14,15)

Leave a Comment

Your email address will not be published. Required fields are marked *

sixteen + 19 =

error: Content is protected !!