മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (04)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (04)
പാ. വീയപുരം ജോർജ്കുട്ടി
www.sabhavarthakal.com

1) ശൈശവം : ഗർഭം മുതൽ നാല് വയസ്സ് വരെയുള്ള കാലഘട്ടമാണ് ശൈശവം. പരസഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത കാലം. ധാരാളം ലാളനയും സൂക്ഷ്മതയും ലഭിക്കേണ്ട കാലം. തെറ്റും ശരിയും തിരിച്ചറിയുവാൻ കഴിയാത്ത കാലം. തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ പ്രാപ്തിയില്ലാത്ത കാലം. (യെശ : 7 : 15) യാതൊരു കളങ്കവും ഇല്ലാത്ത കാലം.
ശിഷ്യന്മാർ യേശുവിനോട് സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ എന്ന് ചോദിച്ചപ്പോൾ, യേശു ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിർത്തി, ‘നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആയ് വരുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല എന്ന് ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു’ എന്ന് പറഞ്ഞു (മത്തായി : 18:1-3)
“അവൻ കൈവച്ചു പ്രാർത്ഥിക്കേണ്ടതിന് ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ട് വന്നു; ശിഷ്യന്മാർ അവരെ വിലക്കി. യേശുവോ : ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവീൻ; അവരെ തടുക്കരുത്; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ എന്ന് പറഞ്ഞു. അങ്ങനെ അവൻ അവരുടെ മേൽ കൈവച്ചു” (മത്തായി : 19:13-15)
ഈ പ്രായത്തിൽ അവരുടെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി അമ്മമാരുടെ മടിയാണ്. പണ്ട് അമ്മമാർ കുഞ്ഞുങ്ങളെ മടിയിൽ ഇരുത്തി പാൽ കൊടുക്കുന്നതോടൊപ്പം തന്നെ നല്ല ആത്മീക താരാട്ടുകൾ പാടി കൊടുക്കുമായിരുന്നു. ‘കുഞ്ഞേ കുട്ടി വാ വാ സണ്ഡേ സ്കൂളിന് പോകാം’, ‘ആദാമിൻറെ വല്യപ്പച്ചൻ ഹവ്വാ എന്റെ വല്യമ്മച്ചി’ – ഇങ്ങനെയുള്ള പാട്ടുകൾ കെട്ടാണ് കുഞ്ഞുങ്ങൾ ഉറങ്ങിയിരുന്നത്. എന്നാൽ ഇന്ന് മടിയിൽ ഇരുത്താൻ സമയമില്ല. താഴെ നിലത്തു റ്റി. വി. യുടെ മുൻപിൽ കിടത്തുകയും റ്റി. വി. യിലൂടെ പാട്ടുകൾ കേൾപ്പിക്കുകയും ചെയ്യും. കാലത്തിന് വന്ന മാറ്റം.

www.sabhavarthakal.com

2) ബാല്യം : അഞ്ചു വയസ്സ് മുതൽ പത്തു വയസ്സ് വരെയുള്ള കാലം. കുഞ്ഞുങ്ങളെ നന്നാക്കിയെടുക്കാൻ പറ്റിയ കാലഘട്ടമാണിത്. ഉദാഹരണം പറഞ്ഞാൽ, നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പടവലങ്ങാ വളർന്ന് വരുമ്പോൾ അതിന്റെ അറ്റത്തു ചെറിയ കല്ല് കെട്ടി കൊടുക്കും. അങ്ങനെയുള്ള പാടവലങ്ങാ നേരെ വളരുകയും കാഴ്ചയ്ക്ക് ചന്തമുണ്ടായിരിക്കുകയും ചെയ്യും. എന്നാൽ കല്ല് കെട്ടി കൊടുക്കാത്ത (ശ്രദ്ധിക്കാത്ത) വളർന്ന പടവലങ്ങാ വളഞ്ഞു ചുരുണ്ടു കാഴ്ചയ്ക്ക്ക് ഭംഗിയില്ലാതെ ആയി തീരുകയും ചെയ്യും.
മാതാപിതാക്കന്മാരെയും വീട്ടിലുള്ളവരെയും കുഞ്ഞുങ്ങൾ ഏറ്റവും കൂടുതൽ അനുസരിക്കുന്നത് ഈ പ്രായത്തിലാണ്. “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കുക; അവൻ വൃദ്ധനായാലും അത് വിട്ട് മാറുകയില്ല” (സദൃ : 22:6) കവി പാടിയത്, ‘ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്നാണ്.
“ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുത്തന്റെ പ്രവർത്തി വെടിപ്പും നേരുമുള്ളതാകുമോ എന്ന് അറിയാം” (സദൃ : 20:11) ബാങ്കിൽ ജോലി ചെയുന്ന ഒരു ഉദ്യോഗസ്ഥൻ ദിവസവും ബാങ്കിൽ പോകുന്നതിന് മുൻപ് ബാറിൽ കയറി അല്പം മദ്യപിക്കുമായിരുന്നു. ഒരു ദിവസം അദ്ദേഹം ബാറിലോട്ട് കയറുന്നതിന് മുൻപായി തിരിഞ്ഞു നോക്കിയപ്പോൾ തന്റെ ഇളയ മകൻ വീട്ടുകാർ അറിയാതെ തന്നെ പിൻഗമിക്കുന്നതായി കണ്ടു. താൻ ഭയപ്പെട്ടു ഓടി മകനെ വാരിയെടുത്തു ഉമ്മ കൊടുത്തിട്ട് ചോദിച്ചു : ‘മോൻ എന്തിനാ ഇങ്ങനെ വന്നത് ?’ ഉടനെ അവൻ പറഞ്ഞു ” ‘ഞാൻ പപ്പയെ അനുഗമിച്ചതാണ്!’ ആ വാക്ക് അയാളുടെ ഹൃദയത്തിൽ തറച്ചു. ‘എന്റെ മകൻ എന്നെ യഥാർത്ഥമായി അനുഗമിച്ചാൽ അവൻ എന്നെപോലെ മദ്യപാനിയായി തീരുമല്ലോ’ എന്ന് ചിന്തിക്കുകയും അന്ന് മുതൽ തന്റെ മദ്യപാനം ഉപേക്ഷിക്കുകയും ചെയ്തു.
നമ്മുടെ വീട്ടിൽ നടക്കുന്ന വഴക്കുകൾ, അരുതാത്ത സംസാരങ്ങൾ, അടികലശലുകൾ – ഇതെല്ലാം കുഞ്ഞുങ്ങൾ പകർത്തുവാൻ ധാരാളം സാദ്ധ്യതകൾ ഉണ്ട് എന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കേണം.
“ശാമുവേൽ ബാലനോ വളരുന്തോറും യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു” (1 ശമു : 2:26) “അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭർത്താവിനോട് കൂടെ വർഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ (പ്രോത്സാഹനമായി) അവന് കൊണ്ട് വന്ന് കൊടുക്കും” (1 ശമു :2:19)

Leave a Comment

Your email address will not be published. Required fields are marked *

2 × 2 =

error: Content is protected !!