മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (08)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (08)
പാ. വീയപുരം ജോർജ്കുട്ടി

ഫറവോൻ യാക്കോബിനോട്, ‘എത്ര വയസ്സായി’ എന്ന് ചോദിച്ചു. യാക്കോബ് മറുപടി പറഞ്ഞത് (ഉല്പത്തി : 47:9), “എന്റെ പരദേശപ്രയാണത്തിന്റെ കാലം 130 സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്ക്കാലം ചുരുക്കവും കഷ്ട്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളവും എത്തീട്ടുമില്ല” വിശ്വാസത്താൽ യാക്കോബ് തന്റെ മക്കളെ ഓരോരുത്തരെയും അവനവന്റെ അനുഗ്രഹം നൽകി അനുഗ്രഹിക്കുകയും ഭാവി സംബന്ധമായ കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഒടുവിൽ തന്റെ വടിയുടെ അറ്റത് ചാരി നമസ്കരിച്ച ശേഷം കാൽ കട്ടിലിന്മേൽ എടുത്ത് വച്ചിട്ട് പ്രാണനെ വിട്ട് തന്റെ ജനത്തോട് ചേർന്നു (ഉല്പത്തി : 49:28-33, എബ്രാ : 11:21) യാക്കോബ് വടിയുടെ അറ്റത് ചാരി നമസ്കരിച്ചു എന്ന് പറഞ്ഞാൽ, വടിയെ നമസ്കരിച്ചു എന്നല്ല. പിന്നെയോ ചരിത്രകാരന്മാർ പറയുന്നത് ഈ വടിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഓരോ വരകൾ താൻ അടയാളപ്പെടുത്തിയിട്ടുണ്ടായിട്ടിരുന്നു. ദൈവത്തിൽ നിന്ന് ഓരോ അനുഗ്രഹം പ്രാപിക്കുമ്പോഴും താൻ വടിമേൽ ഓരോ വര വരയ്ക്കുമായിരുന്നു. ഇപ്പോൾ താൻ വടിയെ നമസ്കരിച്ചു എന്ന് പറഞ്ഞാൽ തന്റെ ജനനം മുതൽ ഇന്ന് വരെയും അത്ഭുതങ്ങളാലും അടയാളങ്ങളാലും തന്നെ നടത്തിയ ദൈവത്തിന്റെ വഴികളെ ഓർത്തു ദൈവത്തെ നമസ്കരിക്കുകയായിരുന്നു.
ഇയ്യോബ് മക്കളെയും മക്കളുടെ മക്കളെയും നാല് തലമുറയോളം കണ്ടു. അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു (ഇയ്യോബ് : 42:16,17) ഗിദെയോൻ നല്ല വാർധ്യക്യത്തിൽ മരിച്ചു (ന്യായ : 8:32) യെഹോയാദാ പുരോഹിതൻ മരിക്കുമ്പോൾ 130 വയസ്സുണ്ടായിരുന്നു (2 ദിന : 24:15)
“മോശ മരിക്കുമ്പോൾ അവന് 120 വയസ്സുണ്ടായിരുന്നു; അവന്റെ കണ്ണ് മങ്ങാതെയും, അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു” (ആവ : 34:7) “ദാവീദ് നന്നാ വയസ്സ് ചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനായി മരിച്ചു” (1 ദിന : 29:28)
“വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ട്” (ഇയ്യോബ് : 12:12) “നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്ക് കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്” (സദൃ : 23:22)
വൃദ്ധന്മാരും യഹോവയെ സ്തുതിക്കേണം (സങ്കീ : 148:12) വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും (യോവേൽ 2:28) “യഹോവയുടെ ആലയത്തിൽ നടുത്താലയായവർ നമ്മുടെ ദൈവത്തിന്റെ പ്രകാരങ്ങളിൽ തഴയ്ക്കും. വാർധ്യക്യത്തിലും അവർ ഫലം കായ്ച്ചു കൊണ്ടിരിക്കും” (സങ്കീ : 92:13,14)
“വാർധ്യക്യത്തിലും നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ” (സങ്കീ : 71:9) “നിങ്ങളുടെ വാർധ്യക്യം വരെ ഞാൻ അനന്യൻ തന്നെ; നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കുകയും ഞാൻ ചുമന്നു വിടുവിക്കുകയും ചെയ്യും” (യെശ : 46:4) ഈ വാക്യം വായിക്കുമ്പോൾ, നരയ്ക്കുവോളമേ ചുമക്കുകയുള്ളൂ എന്നും വാർധ്യക്യം വരെ മാത്രമെ അനന്യനായി കൂടെയിരിക്കുകയുള്ളൂ എന്നും ഒരു ധ്വനി വരുന്നുണ്ട്. ഒരു പക്ഷെ പരിഭാഷയിൽ വന്ന തെറ്റായിരിക്കാം. എന്നാൽ കന്നട ബൈബിളിൽ ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്; ‘നിന്റെ വാർധ്യക്യത്തിലും ഞാൻ നിനക്കു മതിയായവൻ; നരച്ചാലും ഞാൻ നിന്നെ ചുമന്നു കൊണ്ട് വഹിക്കുകയും ചെയ്യും.’ “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല” (എബ്രാ : 13:5)
ഒരു മനുഷ്യന് ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർധ്യക്യം എന്നിങ്ങനെ ജീവിതത്തിൽ പല പടികൾ ഉണ്ടെങ്കിലും ഏതു ഘട്ടത്തിലും നേരിട്ട് ഇടിച്ചു കയറുവാൻ മരണദൂതൻ അവസരം കാത്തു കൊണ്ട് നമ്മുടെ വാതിൽക്കൽ നിൽക്കുകയാണ്. ആകയാൽ നാളത്തേക്ക് ഒരു കാര്യവും മാറ്റിവയ്ക്കാതെ, ലഭിക്കുന്ന സമയം തക്കത്തിൽ ഉപയോഗിച്ച് കൊള്ളേണം. മൂഢനായ വിദ്യാർത്ഥി പരീക്ഷയുടെ തലേനാൾ പഠിക്കാമെന്നു വച്ച് അവസരങ്ങൾ, അവധിക്ക് വയ്ക്കുന്നു. എന്നാൽ ബുദ്ധിമാൻ നേരത്തെ തന്നെ നന്നായി പഠിച്ചു പരീക്ഷയ്ക്കായി ഒരുങ്ങി കാത്തിരിക്കുന്നു.
ക്രൂശിൽ കിടന്ന കള്ളൻ മരണത്തിന് അല്പം മുൻപ് യേശു ക്രിസ്തുവിൽ കൂടെ പറുദീസയിലേക്ക് പോയത് പോലെ പോകാം എന്ന് പ്ലാൻ ചെയ്തു ജീവിതം അലസമായി തള്ളി നീക്കിയാൽ, ഒരു പക്ഷെ മരണത്തിന് മുൻപ് താങ്കൾ ആഗ്രഹിക്കുന്നത് പോലെ ഒരു അവസരം ലഭിച്ചു എന്ന് വരുകയില്ല. സുബോധവും അവസരവും ഉള്ള സമയത് തന്നെ യേശുക്രിസ്തുവിനായി ജീവിതം സമർപ്പിച്ചു കൊൾക.

Leave a Comment

Your email address will not be published. Required fields are marked *

14 + 15 =

error: Content is protected !!