മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (17)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (17)
പാ.വീയപുരം ജോർജ്കുട്ടി

5) മനുഷ്യന്റെ വില
അനേക വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ആസ്ട്രേലിയൻ ഡോക്ടർ ചാൾസ് എച്ച്. മേയോ അവർകൾ, മനുഷ്യശരീരത്തിന് മരണശേഷം ലഭിക്കുന്ന വസ്തുക്കളെയും അതിന്റെ വിലയേയും പറ്റി ഒരു പഠനം നടത്തുകയുണ്ടായി. അന്നത്തെ നിലവാരം അനുസരിച്ചു അദ്ദേഹം വില നിശ്ചയിച്ചത് ആറ് രൂപ നാല്പത് (6.40) പൈസയായിരുന്നു. താൻ വിശദീകരണം നൽകിയത് ഇപ്രകാരമായിരുന്നു :
1) ഒരു കളിത്തോക്ക് വെടിക്ക് മരുന്നുണ്ടാക്കുന്നതിന് വേണ്ട പൊട്ടാഷ് – വില 25 പൈസ
2) ഏഴു സാധാരണ സോപ്പുകട്ടികൾ ഉണ്ടാക്കുവാൻ വേണ്ട കൊഴുപ്പ് – വില 1 രൂപ 75 പൈസ
3) ഒരു വലിയ ആണി ഉണ്ടാക്കുവാൻ വേണ്ട ഇരുമ്പ് – വില 20 പൈസ
4) ഒരു നായയ്ക്ക് ഒരു പ്രാവശ്യം പേൻ മരുന്നിന് ഉപയോഗിക്കുന്ന ഗന്ധകം – വില 20 പൈസ
5) വയർ വേദനയ്ക്ക് ഒരു പ്രാവശ്യം കഴിക്കുന്ന മരുന്നിന് ഉപയോഗിക്കുന്ന മഗ്നീഷ്യം – വില 25 പൈസ
6) ഒരു ചെറിയ കോഴിക്കൂട് വെള്ളയടിക്കുവാൻ വേണ്ട ചുണ്ണാമ്പ് – വില 25 പൈസ
7) 2200 തീകുറ്റികൾ ഉണ്ടാക്കുവാനുള്ള ഫോസ്ഫറസ് – വില 3 രൂപ 50 പൈസ
(അത് കൊണ്ടാണ് മനുഷ്യൻ പറയുന്നത്, ‘കേറി ഒരയ്ക്കല്ലേ’ എന്ന്. കത്തി പോകുവാൻ സാധ്യത ഉണ്ട്)
8) നാല് ഗ്ലാസ്സ് ചായ ഉണ്ടാക്കുവാനുള്ള പഞ്ചസാരയും ലഭിക്കും. (ചിലരിൽ നിന്ന് അതിൽ കൂടുതലും ലഭിച്ചേക്കാം)
പട്ടിണി നിമിത്തം ഒരിക്കൽ ഒരു സ്ത്രീ പറഞ്ഞു, ‘നൂറ് രൂപ തരികയാണെങ്കിൽ എന്റെ കുഞ്ഞിനെ തന്നേക്കാം’ എന്ന്. എന്നാൽ മറ്റൊരു സ്ത്രീ പറഞ്ഞു, ‘ഒരു കോടി രൂപ തന്നാലും എന്റെ കുഞ്ഞിനെ തരുകിലാ’ എന്ന്. അപ്പോൾ മനുഷ്യന്റെ വില എങ്ങനെ നിശ്ചയിക്കുവാൻ കഴിയും ? യേശുക്രിസ്തു പറഞ്ഞു (മത്തായി : 16:26) “ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ മനുഷ്യൻ എന്ത് മറുവില കൊടുക്കും” സങ്കീ : 49:7-9 “സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന് അവനെ വീണ്ടെടുപ്പാനോ ദൈവത്തിന് വീണ്ടെടുപ്പ് വില കൊടുപ്പാനോ ആർക്കും കഴിയുകയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്; അത് ഒരുനാളും സാധിക്കുകയില്ല”

Leave a Comment

Your email address will not be published. Required fields are marked *

seventeen + eleven =

error: Content is protected !!