മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (18)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (18)
പാ.വീയപുരം ജോർജ്കുട്ടി

യേശുക്രിസ്തുവിന്റെ പ്രസ്താവനയിൽ നിന്ന്, മനുഷ്യന്റെ ശരീരത്തിനല്ല പിന്നെയോ ആത്മാവിനാണ് വിലയെന്നും അത് സർവ്വലോകവും നേടുന്നതിനേക്കാളും സ്രേഷ്ടമാണെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ പലപ്പോഴും ഈ യാഥാർഥ്യം മനസ്സിലാക്കാതെ, പുറമെയുള്ള ശരീരത്തിന് വേണ്ടിയാണ് കൂടുതൽ പ്രവർത്തിക്കുന്നത്.
തന്റെ കയ്യിൽ ലഭിച്ച മാടത്തയുടെ ജീവന് വേണ്ടത് ഒന്നും നൽകാതെ കൂട് പണിത ബാലന്റെ കഥ ഓർമ്മയിൽ വരുന്നു. ഒരിക്കൽ ഒരു ബാലകൻ തന്റെ കൂട്ടുകാരുമായി കളിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു മാടത്തകുഞ്ഞിനെ തനിക്ക് ലഭിക്കുകയുണ്ടായി. എല്ലാവർക്കും വലിയ സന്തോഷമായി. മാടത്ത വലുതായി വർത്തമാനം പറയുന്ന കാര്യമൊക്കെ അവർ ഭാവനയിൽ കണ്ടു. മാടത്തയെ സംരക്ഷിക്കുവാൻ അവർ പദ്ധതിയിട്ടു. തുടർന്ന് ഒരു കുട്ടയുടെ കീഴിൽ മാടത്തയെ അടച്ചിട്ടിട്ട് അവർ എല്ലാവരും കൂടി മാടത്തയ്ക്ക് പാർക്കത്തക്ക രീതിയിൽ വലുപ്പമുള്ള ഒരു കൂട്, രാവിലെ മുതൽ വൈകുന്നേരം വരെയുള്ള കഠിനപരിശ്രമത്തിൽ സാധിച്ചെടുത്തു. വൈകിട്ട് വന്ന് അവർ എല്ലാവരും കൂടി കുട്ട പൊക്കിനോക്കിയപ്പോൾ മാടത്ത അതിൽ ചത്തു കിടന്നിരുന്നു. മാടത്തയ്ക്ക് വേണ്ട വായുവോ വെള്ളമോ ഭക്ഷണമോ കൊടുക്കുന്ന കാര്യം അവർ ശ്രദ്ധിച്ചിരുന്നില്ല. ഇത് വായിക്കുമ്പോൾ ഒരു പക്ഷെ നാം ആ ബാലന്മാരെ മണ്ടന്മാർ എന്ന് സംബോധന ചെയ്തേക്കാം. എന്നാൽ നാം ഓരോരുത്തരും മണ്ടന്മാർ തന്നെയാണ്. നാം അധ്വാനിക്കുന്നതും വിശ്രമിക്കുന്നതും പാനം ചെയ്യുന്നതും വ്യായാമം ചെയ്യുന്നതും ധനം സമ്പാദിക്കുന്നതും വലിയ മാളികകൾ പണിയുന്നതും വാഹനങ്ങൾ വാങ്ങുന്നതും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതും എല്ലാം നമ്മുടെ പുറമെയുള്ള ശരീരത്തിന് വേണ്ടിയാണ്.
നിലനിൽക്കുന്ന ആത്മാവിന് വേണ്ടി നാം കരുതുന്നത് വളരെ കുറച്ചു മാത്രമാണ്. ഇതിന് മാറ്റം വരുത്തുകയും ആത്മാവിന് വേണ്ടി കൂടുതൽ കരുതുകയും പ്രവർത്തിക്കുകയും ചെയ്യണം.
അറിയപ്പെടുന്ന ലോകം മുഴുവൻ കീഴടിക്കിയ ചക്രവർത്തിയായിരുന്നു ഗ്രീക്ക് സാമ്രാജ്യത്തിന്റെ അധിപനായ അലക്സാണ്ടർ. അറ്റ്ലാൻറ്റിക് മഹാസമുദ്രത്തിന്റെ നേരെ തിരിഞ്ഞു നിന്ന് കൊണ്ട് താൻ പറഞ്ഞു : ‘അല്ലയോ മഹാസമുദ്രമേ, നീയും ഒരു സാമ്രാജ്യമായിരുന്നെങ്കിൽ നിന്നെയും ഞാൻ പിടിച്ചടക്കുമായിരുന്നു’. തന്റെ യൗവന കാലത്തു തന്നെ, മരണത്തിന്റെ കറുത്ത ഹസ്തങ്ങൾ തന്നെയും പിടികൂടി. എന്നാൽ മരണത്തിന് മുൻപായി തന്റെ സൈന്യാധിപന്മാരോടായി അദ്ദേഹം പറഞ്ഞു : ‘നിങ്ങൾ എന്റെ ശവം സെമിത്തേരിയിലേക്ക് കൊണ്ട് പോകുമ്പോൾ എന്റെ രണ്ട് കൈകൾ എല്ലാവരും കാണത്തക്കവണ്ണം ശവപ്പെട്ടിയുടെ പുറത്തേക്ക് ഇടണം’. ഇത് എന്തിന് വേണ്ടിയാണ് എന്നവർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു : ‘ഞാൻ നഗ്നനായി വന്നു. ഒന്നും ഇല്ലാത്തവനായി തിരിച്ചു പോകുന്നു എന്ന് എന്റെ പ്രജകൾ കാണട്ടെ’.
ഒരു ക്രിസ്തീയ ഭക്തൻ തന്റെ പാട്ടിൽ എഴുതി : “വിട്ടകലും ഞാൻ ഒരു നാളിൽ ഉണ്ടെന്ന് തോന്നുന്ന സകലത്തെയും” അതേ, നാം നേടിയതിനോടും നമ്മെ സ്നേഹിച്ചവരോടും എല്ലാം ഒരിക്കൽ യാത്ര പറയേണ്ടി വരും. മനുഷ്യ സ്നേഹം എല്ലാം ശവക്കുഴി കൊണ്ട് അവസാനിക്കും. അതിനുമപ്പുറത്ത് ഉള്ളത് ദൈവസ്നേഹം മാത്രമാണ്. ആയതിനാൽ നമ്മുടെ ദൈവത്തെ അക്ഷയമായി സ്നേഹിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

five × three =

error: Content is protected !!