മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (30)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (30)
പാ. വീയപുരം ജോർജ്കുട്ടി

പക്ഷിമൃഗാദികളിലെ ജീവൻ മാത്രമല്ല മനുഷ്യനിൽ ഉള്ളത്; ദൈവത്താൽ ലഭിച്ച ആത്മാവ് മനുഷ്യനിൽ ഉണ്ട്. അത് കൊണ്ടാണ് സഭാപ്രസംഗി പറയുന്നത് (സഭാ : 12:7), “പൊടി പണ്ട് ആയിരുന്നത് പോലെ ഭൂമിയിലേക്ക് തിരികെ ചേരും; ആത്മാവ് അതിനെ നൽകിയ ദൈവത്തിന്റെ അടുക്കലേക്ക് മടങ്ങിപ്പോകും”
കർത്താവ് പറഞ്ഞു (യോഹ : 5:25) “ആമേൻ, ആമേൻ ഞാൻ നിങ്ങളോട് പറയുന്നു; മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയും ചെയുന്ന നാഴിക വരുന്നു” വീണ്ടും കർത്താവ് പറഞ്ഞു (യോഹ : 5:28, 29); “ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ട്, നന്മ ചെയ്തവർ ജീവനായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുദ്ധാനം ചെയ്യുവാനുള്ള നാഴിക വരുന്നു”
മരണത്തിനപ്പുറത്ത് ഒരു നിത്യത ഉണ്ട് എന്ന് തിരുവചനം വ്യക്തമായി വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ വചനങ്ങൾ ദൈവത്തിന്റെ അരുളപ്പാടും സത്യവും ആകുന്നു. ധനവാന്റെയും ലാസറിന്റെയും സംഭവകഥ കർത്താവ് പറയുമ്പോൾ (ലൂക്കോസ് : 16:22) : ദരിദ്രർ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രഹാമിന്റെ മടിയിലേക്ക് കൊണ്ട് പോയി” എന്നും (16:23) “ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ട് നോക്കി ദൂരത്ത് നിന്ന് അബ്രഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു” എന്നും വെളിപ്പെടുത്തുന്നു. മരണം കൊണ്ട് ജീവിതം എന്നേക്കുമായി അവസാനിക്കുമായിരുനെങ്കിൽ മരണാനന്തരമുള്ള ധനവാന്റെയും ലാസറിന്റെയും ദൃഷ്ട്ടാന്തം കർത്താവ് പറയുകയില്ലായിരുന്നു.
“കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും അനേകർ വന്ന് അബ്രഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും” എന്നും കർത്താവ് വെളിപ്പെടുത്തുന്നു (മത്തായി : 8:11). “തെക്കേ രാഞ്ജി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ചു ഉയർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും”. “നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ചു എഴുനേറ്റ് അതിനെ കുറ്റം വിധിക്കും” (ലൂക്കോസ് : 11:31,32). ” പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന് കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു” (മത്തായി : 22:30) ഇപ്രകാരമുള്ള യേശുക്രിസ്തുവിന്റെ പ്രസ്താവനകൾ, മരണാനന്തര ജീവിതം ഉണ്ടെന്ന് അരക്കിട്ടുറപ്പിക്കുന്നവയാണ്.
പഴയ നിയമ ഭക്തന്മാരായ വിശുദ്ധന്മാരും മരണാനന്തരമുള്ള ജീവിതത്തെ പറ്റി ദർശനം പ്രാപിച്ചു പറഞ്ഞിട്ടുണ്ട്. മുന്നൂറ് വർഷം ദൈവത്തോട് കൂടി നടക്കുകയും ദൈവത്താൽ എടുത്തു കൊള്ളപ്പെടുകയും ചെയ്ത ഹാനോക്ക് പ്രവചിച്ചത്, “ഇതാ, കർത്താവ് എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തി വിരുദ്ധമായ സകല പ്രവർത്തികളും നിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകല നിഷ്ട്ടൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെയൊക്കെയും ബോധം വരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോട് കൂടെ വരുന്നു” (യൂദാ : 14, 15 ഇംഗ്ളീഷ്)
പഴയനിയമത്തിന്റെ മദ്ധ്യസ്ഥനായ മോശ, മരണാനന്തരമുള്ള അനുഭവത്തെ പറ്റി വിവരിക്കുന്നു ; നീ മർത്യനെ പൊടിയിലേക്ക് മടങ്ങി ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിൻ എന്നും അരുളി ചെയ്യുന്നു” (സങ്കീ : 90:3) “ഞങ്ങളുടെ ആയുഷ്കാലം എഴുപത് സംവത്സരം; ഏറെ ആയാൽ എൺപത് സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഖവുമത്രെ; അത് വേഗം തീരുകയും ഞങ്ങൾ പറന്ന് പോകുകയും ചെയ്യുന്നു” (സങ്കീ : 90:10).

Leave a Comment

Your email address will not be published. Required fields are marked *

2 × one =

error: Content is protected !!