‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (02)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (02)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

പുരാതന കാലത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരം റോമാനഗരം ആണ്. ‘ലോകത്തിന്റെ റാണി’ എന്നും ശാശ്വത നഗരം എന്നും ഇത് അറിയപ്പെട്ടിരുന്നു. BC 753 ൽ ടൈബർ നടിയുടെ മുഖത്തു നിന്ന് 15 മൈൽ ഉള്ളിലായി ഈ നഗരം പണിയപ്പെട്ടു. റീമസ്, റോമുലസ് എന്ന രണ്ട് സഹോദരന്മാർ ഇത് സ്ഥാപിച്ചുവെന്നാണ് ഐതീഹ്യം. ഈ നഗരത്തിലുള്ള ആളുകൾ സാധാരണയായി വിഗ്രഹാരാധികൾ ആയിരുന്നു. പൗലോസ് ഈ ലേഖനം എഴുതുന്നത് വരെയും റോമാ സന്ദർശിട്ടില്ല. മൂന്ന് വിധ അഭിപ്രായങ്ങൾ റോമിലെ സഭാ സ്ഥാപനത്തെക്കുറിച്ച് ഉണ്ട്. ഒന്നാമതായി, അപ്പോസ്തോലനായ പത്രോസ് റോമയിൽ സഭ സ്ഥാപിക്കുകയും 25 വർഷം അതിന്റെ അദ്ധ്യക്ഷനായിരിക്കുകയും ചെയ്തു എന്നതാണ്. രണ്ടാമതായി റോമയിൽ നിന്ന് പെന്തെകോസ്തു ദിവസം യെരുശലേമിൽ ചെന്ന ആളുകൾ (പ്രവർത്തി : 2:10) മടങ്ങി പോകുകയും അവരുടെ പ്രവർത്തനത്താൽ സഭ ഉളവാകുകയും ചെയ്തു. മൂന്നാമതായി റോമിൽ കുടിയേറിപ്പാർത്ത ക്രിസ്ത്യാനികളാണ് ഈ സഭ സ്ഥാപിച്ചത്. എന്നാൽ പ്രധാനമായും റോമിൽ വന്നു പാർത്ത പൗലോസിന്റെ ശിഷ്യന്മാർ മൂലമാണ് റോമിലെ സഭയുടെ ആരംഭം എന്ന് ചിന്തിക്കുന്നു. എളിയ മുഖാന്തരങ്ങളിൽ നിന്ന് ദൈവം തന്റെ വേല ആരംഭിക്കുന്നു എന്നുള്ളതിന് തെളിവാണ് റോമയിലെ സഭ. റോമയിലെ സഭയിൽ ചില യഹൂദന്മാർ ഉണ്ടായിരുന്നുവെങ്കിലും സിംഹ ഭാഗവും പുറജാതികളിൽ നിന്നുള്ളവരായിരുന്നു.

റോമയിലെ സഭയെകുറിച്ച് പൗലോസ് വളരെ ആവേശമുള്ളവനായിരുന്നു. മാത്രമല്ല, റോമിൽ താൻ കർത്താവിനെ സാക്ഷിക്കുമെന്ന് ദൈവം നേരത്തെ അവനെ അറിയിച്ചിരുന്നു. (അപ്പൊസ്‌ത : 23:11) അവരെ സന്ദർശിക്കുവാനുള്ള തന്റെ ഉദ്ദേശം അവരെ നേരത്തെ അറിയിക്കണമെന്ന് താൻ ആഗ്രഹിച്ചു. (റോമാ : 1:9,13; 15:22-24,28,29). റോമയിലേക്കുള്ള അപകടപൂർണ്ണമായ യാത്രയിൽ റോമൻ വിശ്വാസികളുടെ ശ്രദ്ധയേറിയ പ്രാർത്ഥന തനിക്ക് ആവശ്യമായിരുന്നു (റോമാ : 15:30-32) അങ്ങനെ തന്റെ റോമാ സന്ദർശനത്തിന് കളമൊരുക്കാനായിട്ടായിരിക്കേണം ഈ ലേഖനം എഴുതിയത്. കൂടാതെ ഒരു പ്രത്യേക വ്യക്തിയുടെ ചുമതലയിലല്ലാതെ വളർന്നു വന്ന ഈ സഭയെ വിശ്വാസ സത്യങ്ങളിൽ ഉറപ്പിക്കുന്നതിനും താൻ പ്രസംഗിക്കുന്ന സുവിശേഷം എന്താണെന്ന് അവരെ മനസ്സിലാക്കുന്നതിനും (1:15-17; 2:16) താൻ ആഗ്രഹിച്ചു. ഇപ്രകാരം താൻ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ കൊരിന്തിന് സമീപമുള്ള കെംക്രേയ സഭയിലെ ശുശ്രുഷക്കാരിയായ ഫെബാ (16:1) റോമയിലേക്ക് പോകുന്നതിന് തയ്യാറെടുക്കുകയായിരുന്നു. മുൻ പറഞ്ഞ കാര്യങ്ങളെല്ലാം കാണിച്ചു, താൻ ഈ ലേഖനം എഴുതി ഫെബയുടെ കൈവശം കൊടുത്തയയ്ക്കുകയാണ് ചെയ്തത്. പൗലോസ് ഈ ലേഖനമെഴുതിയത് ഗ്രീസിലെ തന്റെ മൂന്ന് മാസത്തെ താമസകാലത്ത് കൊരിന്തിൽ വച്ചാണ് (അപോസ്തോ : 20:2.3)

Leave a Comment

Your email address will not be published. Required fields are marked *

five × 1 =

error: Content is protected !!