‘സഫലമീ യാത്ര …’ – (87)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
അറിയപെടാത്തവർ
ചിത്രകലയിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജെയിംസ് സൈറ്റ്സ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോകത്തിലെ വ്യോമയാന ഗ്യാലറികളിൽ പ്രദർശിക്കപ്പെട്ടിരുന്നു. എയർ പ്ലേയുനകളും, അതിലെ ജോലിക്കാരുമാണ് പല ചിത്രങ്ങളിലും വരക്കപ്പെട്ടിട്ടുള്ളത്. ഒരു ഫോട്ടോഗ്രാഫറുടെ ഫോട്ടോകളെക്കാൾ ചാരുത ഉള്ളവയായിരുന്നു ജയിംസിന്റെ ചിത്രങ്ങളിലൂടെ ചാലിച്ചൊരുക്കിയ ചിത്രങ്ങൾ.
സൈഡ് ബോംബറുകൾ എന്നറിയപ്പെടുന്ന യുദ്ധ വിമാനവുമായി ബന്ധപ്പെട്ട ഒരു ചിത്രം ഏറെ പ്രസിദ്ധി നേടിയിട്ടുണ്ട്. ‘അറിയപെടാത്തവർ’ എന്ന ശീർഷകത്തിൽ, പസഫിക് സമുദ്രത്തിൽ താഴെയെവിടെയോ നിന്ന് ജോലി ചെയുന്ന നാല് പേരുടെ ജീവൻ തുടിക്കുന്ന ചിത്രമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ഒരു സംഭവത്തിന്റെ ചിത്രരൂപം തളർന്ന മുഖങ്ങളോടെ, കൈകാലുകളിൽ ഗ്രീസ് പുരണ്ടവരായി, ഉദ്വേഗത്തോടെ യുദ്ധമുഖത്തേക്ക് പറക്കേണ്ട വിമാനത്തിൽ തിരകളുടെ നടുവിൽ അവർ ജോലി ചെയുന്നു. എതിരാളികളുടെ പോർമുഖത്തേക്ക് നാശം വിതച്ച് രാജ്യത്തിന് അഭിമാനമായി മാറിയ വൈമാനികനേയും, വിമാനത്തെയും എല്ലാവരും തിരിച്ചറിഞ്ഞു, സജ്ജമാക്കിയ ഈ നാല് പേരെ ആരും അറിഞ്ഞില്ല. അറിയപ്പെടാത്തവർ.
ദൈവാരാജ്യത്തിലും ഇങ്ങനെ “അറിയപ്പെടാത്ത” ആയിരങ്ങളുണ്ട്. അവരെ കൂടാതെ ഒരു മിഷനും, സഭയും പൂർണ്ണമാകുകയില്ല. മറ്റൊരിടത്തും പരാമർശിക്കപ്പെടാത്ത പലരെകുറിച്ചും പൗലോസ് റോമാ ലേഖനത്തിൽ എഴുതുന്നുണ്ട്. ശ്രദ്ധിക്കുക. അവൾ പലർക്കും വിശേഷാൽ എനിക്കും സഹായം ചെയ്തിരിക്കുന്നു – റോമർ : 16:2 (She was a help of many) ആദ്യ നൂറ്റാണ്ടിലെ സഭകളിൽ ഇത്തരം വ്യക്തികൾ, അത്യന്താപേക്ഷിതമായിരുന്നു.
“അറിയപ്പെടാത്ത” ശുശ്രുഷകനാണോ താങ്കൾ ? ഓർക്കുക കർത്താവിന് താങ്കളെ ആവശ്യമാണ്.
അവൻ കാണാത്ത ഒരു ശുശ്രുഷയുമില്ല, എത്ര ചെറുതെങ്കിലും !!!