‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (11)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (11)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

വിശുദ്ധിയുടെ ആത്മാവ് എന്നത് പരിശുദ്ധാത്മാവിനെ കാണിക്കുന്നു. ക്രിസ്തുവിന്റെ ജീവിതത്തോടും മരണത്തോടും മഹത്വീകരണത്തോടും ദൈവാത്മാവിനുള്ള പ്രത്യേക ബന്ധത്തെ ഇത് കാണിക്കുന്നു. ഇത് അവന്റെ ദൈവത്വത്തിനുള്ള തെളിവാണ്. ആദാമ്യ പുത്രന്മാരിൽ ക്രിസ്തു മാത്രം വെളിപ്പെടുത്തിയ വിശുദ്ധ ജീവിതത്തെ കാണിക്കുന്നു. പാപികളുടെ നടുവിൽ ജീവിച്ചെങ്കിലും പാപം കൂടാതെ ജീവിച്ചു വിശുദ്ധ ജീവിതം കാത്തു.
ചുരുക്കത്തിൽ പുതിയനിയമത്തിൽ മറ്റെങ്ങും കാണാത്ത പ്രയോഗമാണ്, “വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ച്” എന്നുള്ളത്. ഇത് ക്രിസ്തുവിന്റെ ദൈവത്വത്തെയും അവന്റെ വിശുദ്ധിയേയും വിവരിക്കുന്നു. ‘മരിച്ചിട്ട് ഉയിർത്തെഴുനെല്കയാൽ’ എന്ന പ്രയോഗം ശരിയായി വിവർത്തനം ചെയ്താൽ ‘മരിച്ചവരുടെ ഉയിർപ്പിനാൽ’ എന്നാണ് വരേണ്ടത്. അതായത്, തന്റെ സ്വന്ത ഉയിർപ്പിനെയും താൻ ഉയിർപ്പിച്ചിട്ടുള്ള മറ്റുള്ളവരുടെ ഉയിർപ്പിനെയും കാണിക്കുന്നു. മാനുഷികമായി ക്രിസ്തു മറ്റുള്ളവരെപ്പോലെ ജനിച്ചു. ദൈവികമായി അവൻ നിർണ്ണയിക്കപ്പെട്ടു (നിയമിക്കപ്പെട്ടു). താൻ ദൈവപുത്രനാണെന്നുള്ളതിന്റെ ഒന്നാമത്തേതും അതിപ്രധാനവുമായ തെളിവ് മരണത്തിന്മേലുള്ള അധികാരമാണ്.
‘മരിച്ചിട്ട്’ ഉയിർത്തെഴുനേൽക്കയാൽ ഉയിർത്തെഴുന്നേറ്റതുകൊണ്ട് ദൈവപുത്രനായതല്ല. അവൻ നിത്യത മുതലേ ദൈവപുത്രൻ ആയിരുന്നു. മരിച്ചവരിൽ നിന്ന് ഉയിർത്തെഴുനെൽകയാൽ ദൈവപുത്രൻ എന്ന് വ്യക്തമായി പ്രഖ്യാപിക്കപ്പെട്ടു. വിളംബരം ചെയ്യപ്പെട്ടു എന്നാണ് അപ്പോസ്തോലൻ പറയുന്നത്. ക്രിസ്തു ദൈവപുത്രനാണെന്ന് അവകാശപ്പെട്ടു (മർക്കോ : 2:27), (യോഹ : 5:18, 10:34-38) ഈ അവകാശവാദത്തെ ഉയിർത്തെഴുന്നേൽപ്പ് മൂലം ദൈവം അംഗീകരിച്ചു. മാത്രമല്ല അപ്പോസ്തോലന്മാരെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്റെ പുനരുത്ഥാനം അവന്റെ സ്വർഗ്ഗാരോഹണത്തോടും മഹത്വത്തോടും ബന്ധപ്പെട്ടിരിക്കുന്നു. ഒന്ന് മറ്റേതിനെ ഉറപ്പിച്ചു. പുനരുത്ഥാനത്തോട് ചേർന്ന് വരുന്ന പലതും ഉറപ്പിക്കപ്പെട്ടു. ഉദാ : ഉയർത്തപ്പെട്ടു (അപ്പൊ : 2:22-32) പരിശുദ്ധാത്മാവിന്റെ ദാനം (2:33) കർത്താവും ക്രിസ്തുവും ആക്കപെട്ടു (2:36) ഇനി അവൻ കേവലം യേശുവല്ല, കർത്താവും ക്രിസ്തുവുമാണ്.

Leave a Comment

Your email address will not be published. Required fields are marked *

20 + 1 =

error: Content is protected !!