മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (45)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (45)
പാ. വീയപുരം ജോർജ്കുട്ടി

5) കൃപയുടെ വാതിൽ അടയുംമുന്പേ
നോഹയുടെ കാലത്തേ ദുഷ്ട്ടതലമുറയുടെ മേൽ ദൈവം തന്റെ ന്യായവിധി അയയ്ക്കുവാൻ തീരുമാനിക്കുകയും അക്കാര്യം പ്രസംഗിക്കുവാൻ നീതിമാനും നിഷ്കളങ്കനുമായിരുന്ന നോഹയെ ചുമതലപ്പെടുത്തുകയും ചെയ്തു. (ഉല്പത്തി : 6:9, 2 പത്രോസ് : 2:5) നോഹ ദൈവത്തിന്റെ വാക്കനുസരിച്ച് ജനത്തോട് പ്രസംഗിക്കുകയും ചെയ്തു. നോഹ പ്രസംഗിക്കുന്നതിനോടൊപ്പം, തന്റെ കുടുംബത്തിന്റെ രക്ഷയ്ക്കായി ഭയഭക്തി പൂണ്ട് ഒരു പെട്ടകവും പണി തീർത്തു. (എബ്രാ : 11:7)
ദൈവം ജലപ്രളയത്താൽ ലോകത്തെ ന്യായം വിധിച്ചപ്പോൾ, നോഹയെയും കുടുംബത്തെയും പക്ഷിമൃഗാദികളിൽ നിന്ന് ആണും പെണ്ണുമായി ഈരണ്ടീരണ്ടിനെയും പെട്ടകത്തിൽ കടത്തി രക്ഷിക്കുകയുണ്ടായി. അവർ പെട്ടകത്തിൽ കടന്നപ്പോൾ, ദൈവം തന്നെ പെട്ടകത്തിന്റെ വാതിൽ അടയ്ക്കുകയും മറ്റെല്ലാവരും ജലപ്രളയത്താൽ നശിച്ചു പോകുകയും ചെയ്തു.
നാം വന്നെത്തിയിരിക്കുന്ന ഈ കാലം കൃപകാലയളവാണ്. കൃപയുടെ പെട്ടകം നമുക്കായി ദൈവം ഒരുക്കി, ക്രിസ്തുവാകുന്ന വാതിൽ വഴി അതിൽ പ്രവേശിക്കുവാനുള്ള ആഹ്വാനം ദൈവത്തിന്റെ ദാസന്മാർ മുഖാന്തരം ഈ ലോകത്തോട് അറിയിച്ചു കൊണ്ടിരിക്കുകയാണ്. യേശുക്രിസ്തു തന്നെ പറഞ്ഞു, തന്റെ വരവിന് മുൻപായി സുവിശേഷം സകല ജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു എന്ന് (മാർക്കോസ് 13:10), അബ്രഹാം പിതാവും യാതനാസ്ഥലത്തുള്ള ധനവാനോട് പറഞ്ഞു, അവർക്ക് മോശയും പ്രവാചകന്മാരും ഉണ്ട്; അവരുടെ വാക്ക് ഭൂമിയിലുള്ളവർ കേൾക്കട്ടെ എന്ന് (ലൂക്കോസ് : 16:29)
മാന്യ സ്നേഹിതരെ, നിങ്ങളോട് സുവിശേഷം പറയുന്നവരെ നിരസിച്ചു കളയാതെ കൃപയുടെ പെട്ടകത്തിൽ തിടുക്കത്തോടെ കയറുവാൻ ഉത്സാഹിക്കുക. കൃപയുടെ വാതിൽ അടയുവാൻ സമയമായി. ദൈവം തീയാൽ ഈ ഭൂമിയെ ന്യായം വിധിക്കുവാൻ ഒരുങ്ങിയിരിക്കുന്നു.
“കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നു
സോദരരെ ഓടിവന്നാൽ നിങ്ങൾക്കും പ്രവേശിക്കാം”

6) ന്യായവിധിയുടെ നാൾ വരുന്നതിന് മുൻപേ
“യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന് മുൻപേ” (മലാഖി : 4:5) “ചൂള പോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളെയും സകല ദുഷ്പ്രവർത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചു കളയും എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (മലാഖി : 4:1) “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അത് അടുത്ത് അത്യന്തം ബദ്ധപെട്ട് വരുന്നു; കേട്ടോ, യഹോവയുടെ ദിവസം ! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. ആ ദിവസം ക്രോധദിവസം, കഷ്ട്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം, ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആദരവും ഉള്ള ദിവസം തന്നെ. മനുഷ്യർ കുരുടന്മാരെ പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്ക് കഷ്ടത വരുത്തും; അവർ യഹോവയോട്‌ പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടം പോലെയും ചൊരിയും. യഹോവയുടെ ക്രോധ ദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിപ്പാൻ കഴിയുകയില്ല. സർവ്വ ഭൂമിയും അവന്റെ തീക്ഷണതാഗ്നിക്ക് ഇരയായി തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും” (സെഫ : 1:14-18)

Leave a Comment

Your email address will not be published. Required fields are marked *

14 + one =

error: Content is protected !!