‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (13)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (13)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

a) ദൈവത്തിന്റെ പ്രിയർ
ദൈവം സർവ്വലോകത്തെയും സ്നേഹിക്കുന്നുവെങ്കിലും വിശ്വാസികൾ മാത്രമാണ് തനിക്ക് പ്രിയരായിരിക്കുന്നത്. ദൈവം പ്രിയനായവനിൽ (എഫേ : 1:6) നമ്മെ അംഗീകരിച്ചപ്പോൾ നാം പ്രിയരായി തീർന്നു. റോമാനഗരം – സാർവത്രിക വിഗ്രഹാരാധന, ഭൗതിക ശക്തി, ഇരുമ്പുസാമ്രാജ്യം, അളവറ്റ ഭൗതിക, അവർണ്ണനീയമായ പാപം ഏണിവയുടെ തലസ്ഥാനം ആണ്. ‘നീ എവിടെ പാർക്കുന്നു എന്നും അത് സാത്താന്റെ സിംഹാസനം ഉള്ളയിടം എന്നും ഞാൻ അറിയുന്നു’ എന്ന് പില്കാലത്ത് കർത്താവ് പീഡ അനുഭവിക്കുന്ന തന്റെ ജനത്തോട് പറയുന്നത് നോക്കുക (വെളി : 2:13) ആ സിംഹാസനം നീറോയുടെ കാലത്തെ റോമയിലുണ്ടായിരുന്നു. എങ്കിലും അതിന്റെ നടുവിലും ‘ദൈവത്തിന്റെ പ്രിയർ’ ജീവിച്ചു. വിശ്വാസവും പ്രത്യാശയും സ്നേഹവും പിടിച്ചു കൊണ്ട് ജീവിച്ചു എന്നത് അൽഭുതാവഹമായ കാര്യമാണ്.

b) വിളിക്കപ്പെട്ട വിശുദ്ധന്മാർ
യേശുക്രിസ്തുവിനായി വിളിക്കപ്പെട്ടു എന്ന് ഏഴാം വാക്യത്തിൽ കാണുന്നു. പൗലോസിനെ പോലെ ഇവരും വിളിക്കപെട്ടവരാണ്. അവർ യേശുക്രിസ്തുവിനായി വിളിക്കപെട്ടവരും യേശുക്രിസ്തു വിളിച്ചവരുമാണ്. റോമിലെ വിശ്വാസികൾ ബാഹ്യമായി സുവിശേഷത്തെ ആന്തരികമായി പരിശുദ്ധാത്മാവിനാലും വിളിക്കപെട്ടവരത്രെ.
വിശുദ്ധന്മാർ എന്നതിന് വേർതിരിക്കപ്പെട്ടവർ എന്നാണ് വാച്യാർത്ഥം. അവരിൽ വിശുദ്ധി കണ്ടത് കൊണ്ട് അവരെ വിശുദ്ധന്മാർ എന്ന് വിളിച്ചതല്ല, പിന്നെയോ, ദൈവം അവരെ വിളിച്ചത് കൊണ്ട് അവർ വിശുദ്ധന്മാരായതാണ്. ഇപ്പോൾ ജീവിച്ചിരിക്കുമ്പോൾ തന്നെ, ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ നാം വിശുദ്ധരാക്കുകയാണ്. മഹത്വീകരിക്കപ്പെട്ട ചുരുക്കം ചിലരല്ല, വിളിക്കപ്പെട്ട എല്ലാവരും വിശുദ്ധന്മാരാണ്.

c) ആശീർവ്വാദം
‘കൃപയും സമാധാനവും’ അപ്പോസ്തോലന്മാരുടെ ലേഖനങ്ങളിൽ സാധാരണ ഈ വന്ദനം കാണാം. പൗലോസിന്റെ ഇടയലേഖനങ്ങളിൽ ‘കനിവും’ എന്ന വാക്ക് കൂടുതലായി കാണുന്നു. (1 തിമോ : 1:2; 2 തിമോ :1:2; തീത്തോസ് :1:4) സഭാപാലകന്മാർക്ക് ദൈവത്തിന്റെ കരുണ വളരെ ആവശ്യമാണ്. (2 കോരി : 4:1) അവരിലും അവരുടെ ശുശ്രുഷയിലും ഉണ്ടാകാവുന്ന ബലഹീനതയിൽ ദൈവത്തിന്റെ സഹതാപവും കനിവും വളരെ ആവശ്യമാണെന്ന് ഇത് വെളിപ്പെടുത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *

fifteen − 2 =

error: Content is protected !!