മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (48)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (48)
പാ. വീയപുരം ജോർജ്കുട്ടി

“ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു” (ഗലാ : 3:26). “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും” (അപ്പൊ : 16:31) “അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോട് കൂടെ ജീവിപ്പിക്കുകയും – കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു” (എഫേ : 2:5)
“യേശുവിനെ കർത്താവ് എന്ന് വായ്കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും” (റോമർ : 10:9) “കർത്താവ് രക്ഷിക്കപെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തു കൊണ്ടിരിന്നു” (അപ്പൊ : 2:47) ഒരാൾ രക്ഷിക്കപെടുവാൻ രണ്ട് കാര്യം വിശ്വസിക്കുകയും അംഗീകരിക്കുയും ഏറ്റു പറയുകയും ചെയ്യണം. ഒന്നാമത്, താൻ പാപിയാണെന്ന് സമ്മതിക്കണം. രണ്ടാമത്, തന്റെ പാപത്തിന്റെ പരിഹാരത്തിനായി യേശുക്രിസ്തു ക്രൂശിൽ മരിച്ചു എന്ന് അംഗീകരിക്കുകയും ഏറ്റു പറയുകയും ചെയ്യണം. ഈ അവസരം വിശ്വാസത്താൽ താൻ ദൈവത്തിന്റെ മകനായി തീരുന്നു.
“വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” (മർക്കോസ് : 16:16) “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല, ലോകം അവനാൽ രക്ഷിക്കപെടുവാനത്രേ. അവനിൽ വിശ്വസിക്കുന്നവന് ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന് ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നു കഴിഞ്ഞു” (യോഹ : 3:17-18). “മറ്റൊരുത്തനിലും രക്ഷയില്ല; നാം രക്ഷിക്കപെടുവാൻ ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല” (അപ്പൊ : 4:12) “അവനിൽ വിശ്വസിക്കുന്ന ഏവനും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും” (അപ്പൊ : 10:43) “ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളത് വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നെ” (1 തിമോ :1:15)
മാന്യ സ്നേഹിതാ, മരണത്തിന് മുൻപായി യേശുക്രിസ്തുവിനെ താങ്കളുടെ കർത്താവും രക്ഷിതാവുമായി അംഗീകരിക്കുക.

2) നാം വിശ്വസിക്കുന്ന ദൈവത്തെക്കുറിച്ചുള്ള അറിവ്
“അത് നിമിത്തം തന്നെ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു ; അവൻ എന്റെ ഉപനിധി ആ ദിവസം വരെ സൂക്ഷിപ്പാൻ ശക്തൻ എന്ന് ഉറച്ചിരിക്കുന്നു” (2 തിമോ :1:12)
നമുക്ക് പലപ്പോഴും നാം വിശ്വസിക്കുന്ന ദൈവത്തെക്കുറിച്ച് വേണ്ടവണ്ണം അറിവില്ല എന്നുള്ളത് എത്രയോ വാസ്തവമാണ്. ദൈവം ആഗ്രഹിക്കുന്നത്, നാം ദൈവത്തെക്കുറിച്ച് എത്ര മാത്രം ഗ്രഹിക്കുവാൻ താല്പര്യപെടുന്നുവോ അത്രത്തോളം അറിയണം എന്നുള്ളതാണ്. “പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്ക് പ്രസാദമുള്ളത് എന്ന് യഹോവയുടെ അരുളപ്പാട്” (യിരെ : 9:24)
“എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചു നിന്ന് വീര്യം പ്രവർത്തിക്കും” (ദാനി : 11:32). ദൈവത്തെ കുറിച്ച് ഏകദേശം നല്ല അറിവുള്ള ഇയ്യോബ്, തന്റെ പരിശോധനയുടെ ഒടുവിൽ ദൈവം ചുഴലിക്കാറ്റിൽ നിന്ന് കൊണ്ട് ചില ചോദ്യങ്ങൾ ചോദിച്ചു സംസാരിച്ചപ്പോൾ മറുപടി പറഞ്ഞത് വളരെ ശ്രദ്ധേയമാണ്: “ഞാൻ നിന്നെ കുറിച്ച് ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു” (ഇയ്യോബ് : 42:5).
യിസ്രായേൽ മക്കളുടെ മരുഭൂപ്രയാണത്തിൽ അവർ അനേക ദൈവീക അത്ഭുതങ്ങൾ നേരിൽ കണ്ടിട്ടും, സകലവും നിർവ്വഹിക്കുവാൻ കഴിയുന്ന ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്ചില്ല. “അവർ ദൈവത്തിന് വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിന് കഴിയുമോ ? അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പം കൂടെ തരുവാൻ അവന് കഴിയുമോ ? തന്റെ ജനത്തിന് അവൻ മാംസം വരുത്തികൊടുക്കുമോ എന്ന് പറഞ്ഞു” (സങ്കീ : 78:19,20). “അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു” (സങ്കീ :78:41). ഈ വാക്യം ഇംഗ്ളീഷിൽ കൊടുത്തിരിക്കുന്നത്, അവർ ദൈവത്തെ പരിധി വച്ച് എന്നാണ്. (Yea, they turned back and tempted God, and limited the Holy One of Israel)

Leave a Comment

Your email address will not be published. Required fields are marked *

four × 3 =

error: Content is protected !!