ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019, ആറാം ദിനം യോഗങ്ങൾ സമാപിച്ചു
“ദൈവശബ്ദം കേൾക്കുന്ന വ്യക്തിക്ക് മാത്രമേ വിശ്വാസത്തിനായി പോരാടുവാൻ സാധിക്കുകയുള്ളൂ”, പാ: ജേക്കബ് തോമസ് (ഇറ്റാർസി)
“ദൈവം കല്പിച്ചിരിക്കുന്ന അതിർത്തിക്കുള്ളിൽ നിൽക്കുന്നവർക്ക് മാത്രമേ വിശുദ്ധ ജീവിതം നയിക്കുവാൻ കഴിയുകയുള്ളൂ”, പാ. വർഗീസ് ജോഷുവ (റാന്നി)
തിരുവല്ല : നവംബർ 25 ന് ആരംഭിച്ച ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ ആറാം ദിനം യോഗങ്ങൾ സമാപിച്ചു. വൈകിട്ട് നടന്ന പൊതുയോഗത്തിൽ പാ. പി. വി. ജേക്കബ് (അങ്കമാലി) അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ ജേക്കബ് തോമസ് (ഇറ്റാർസി), വർഗീസ് ജോഷുവ എന്നിവർ മുഖ്യ പ്രസംഗകരായിരുന്നു. പാ. ഫെബിൻ ബോസ് കുരുവിള സന്ദേശം പരിഭാഷ ചെയ്തു. പാസ്റ്റർമാരായ പ്രിൻസ് തോമസ്, കെ. കെ. സൈമൺ (മഹാരാഷ്ട്ര), ഡി. ഫിലിപ്പ്, ബ്രദർ ജോയ് സി. ദാനിയേൽ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ഉച്ചയ്ക്ക് ശേഷം കൺവൻഷൻ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട മിഷൻ ചലഞ്ചിൽ പാസ്റ്റർമാരായ കെ. സൂര്യൻ, എം. ഡി. സാമുവേൽ എന്നിവർ വചന ശുശ്രുഷ നിർവഹിച്ചു. ശാരോൻ ഓഡിറ്റോറിയത്തിൽ റൈറ്റേർസ് ഫോറത്തിന്റെ നേതൃത്വത്തിൽ ‘സഭയും ഉത്പ്രാപണവും’ എന്ന ദൈവശാസ്ത്ര വിഷയത്തിൽ സെമിനാർ നടത്തപ്പെട്ടു. പാ. സാം ടി. മുഖത്തലയുടെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറിൽ പാ. അനീഷ് കൊല്ലങ്കോട് പ്രബന്ധം അവതരിപ്പിച്ചു.
രാവിലെ ശാരോൻ ഓഡിറ്റോറിയത്തിൽ വനിതാസമാജം സമ്മേളനം നടത്തപ്പെട്ടു. കൺവൻഷൻ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട CEM / സൺഡേ സ്കൂൾ സമ്മേളനങ്ങളിൽ താലന്ത് പരിശോധന, ബൈബിൾ ക്വിസ്, വാർഷിക പരീക്ഷ വിജയികൾക്ക് സമ്മാനദാനം നൽകപ്പെട്ടു. ഇവാ. രഞ്ജിത് ഫിന്നി മുഖ്യ സന്ദേശം നൽകി.
പ്രഭാതത്തിൽ നടത്തപ്പെട്ട വചനപഠനത്തിൽ പാ. അലക്സാണ്ടർ ഫിലിപ്പ് (മാവേലിക്കര) നേതൃത്വം നൽകി. മഹായോഗം നാളെ (ഡിസംബർ 1 ന്) നടത്തപെടുന്ന ആരാധനയോടും കർത്തൃമേശയോടും കൂടെ സമാപിക്കും. sabhavarthakal.com കൺവൻഷൻ തത്സമയം പ്രക്ഷേപണം ചെയ്യുന്നു.