മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (53)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (53)
പാ. വീയപുരം ജോർജ്കുട്ടി

ദൈവത്തിന്റെ ഹൃദയപ്രകാരം ഉള്ള ദാവീദ് ഈ കാര്യം സംബന്ധിച്ച് പറയുമ്പോൾ (സങ്കീ :39:4), “യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്ന് ഞാൻ അറിയുമാറാകട്ടെ” സങ്കീ : 39:5,6 – “ഇതാ, നീ എന്റെ നാളുകളെ നാലു വിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സ് നിന്റെ മുൻപാകെ ഏതുമില്ലാത്തത് പോലെയിരിക്കുന്നു; ഏത് മനുഷ്യനും ഉറച്ചു നിന്നാലും ശ്വാസമത്രെ. മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവർ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കുന്നു എന്നറിയുന്നില്ല” ദാവീദ് ഒരിക്കൽ പറഞ്ഞു : “എനിക്കും മരണത്തിനും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളൂ” (1 സാമു : 20:3). “എന്റെ ആയുസ്സ് ചാഞ്ഞു പോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപോകുന്നു” (സങ്കീ : 102:11, 1 ദിന : 29:15)
കോരഹ് പുത്രന്മാർ പാടുന്നത് (സങ്കീ : 49:16,17) “ഒരുത്തൻ ധനവാനായി തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ [ഭയപ്പെടരുത്. അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ട് പോകയില്ല; അവന്റെ മഹത്വം അവനെ പിൻ ചെല്ലുകയുമില്ല.”
സങ്കീർത്തനക്കാരൻ ഏഥാൻ പറയുമ്പോൾ (സങ്കീ :89:47), “എന്റെ ആയുസ്സ് എത്ര ചുരുക്കം എന്ന് ഓർക്കേണമേ”
മരണത്തെ സംബന്ധിച്ച് പ്രവാചകനായ യിരെമ്യാവ്‌ പറയുന്നത് (യിരെ : 9:21-23), “മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്ക് പ്രവേശിച്ചിരിക്കുന്നു. മനുഷ്യരുടെ ശവങ്ങൾ ചാണകം പോലെയും കൊയ്ത്തുകാരന്റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേർക്കയില്ല എന്ന് യഹോവയുടെ അരുളപ്പാട് … ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുത്”
“പാപത്തിന്റെ ശമ്പളം മരണമത്രേ” (റോമർ : 6:23) “അത് കൊണ്ട് ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു” (റോമർ : 5:12)
“ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു” (എബ്രാ :9:27)
“ആത്മാവിനെ തടുപ്പാൻ ആത്മവിന്മേൽ അധികാരമുള്ള മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല” (സഭാ : 8:8)
ഒരിക്കൽ മാതാപിതാക്കന്മാരിൽ നിന്ന് ജനിക്കയും വീണ്ടും ജനനം പ്രാപിക്കാതിരിക്കയും ചെയ്യുന്നവന് രണ്ട് മരണം ഉണ്ട്. ഒന്നാമത്തേത് ശാരീരിക മരണവും രണ്ടാമത്തേത് നിത്യനരകം എന്ന രണ്ടാമത്തെ മരണവുമാണ്. എന്നാൽ ഒരിക്കൽ മാതാപിതാക്കന്മാരിൽ നിന്ന് ജനിക്കയും തിരിച്ചറിവിന്റെ പ്രായമാകുമ്പോൾ വീണ്ടും ജനനം (യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവാത്മാവിനാലും ദൈവവചനത്താലും നമ്മിൽ നടക്കുന്ന രൂപാന്തരം എന്ന അവസ്ഥയ്ക്ക് വിധേയപ്പെടുന്നവർക്ക്) പ്രാപിച്ചവർക്ക് ശാരീരിക മരണം എന്ന മരണം മാത്രമേയുള്ളൂ.
മരണം നിശ്ചയമാണ്; സമയം നിശ്ചയമില്ല. ആകയാൽ മരണത്തിന്റെ കറുത്ത കരങ്ങൾ നമ്മെ കയറിപിടിക്കുന്നതിന് മുൻപായി യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച്, അവിടുത്തെ കല്പനകളെ അനുസരിച്ച്, വേർപാടും വിശുദ്ധിയും പാലിച്ചു ദൈവത്തിനായി ജീവിച്ചുകൊള്ളുക. യെശയ്യാവ്‌ ഒരിക്കൽ ഹിസ്ക്യാവ് രാജാവിനോട് പറഞ്ഞു : “ഹിസ്ക്യാവേ, നീ മരിക്കും; എന്നാൽ അതിന് മുൻപേ നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക”
നമ്മുടെയും മരണത്തിന് മുൻപായി കുത്തഴിഞ്ഞു കിടക്കുന്ന ജീവിതത്തിന്റെ ഏടുകളെ പെറുക്കികെട്ടി ഭംഗിയുള്ളതാക്കി ക്രമീകരണവും ശുദ്ധീകരണവും പ്രാപിക്കുവാൻ ഉത്സാഹിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

3 × 2 =

error: Content is protected !!