‘സഫലമീ യാത്ര …’ – (92)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സൗമ്യതയുടെ കരുത്ത്
ജീവിതത്തിലെ അപൂർവ്വ കാഴ്ചകളിൽ ഒന്നാണ് നയാഗ്ര വെള്ളച്ചാട്ടം. അറുപത് ലക്ഷം ക്യൂബിക്ക് അടി ജലാശയമാണ് വന്ദ്യമായ കരുത്തോടെ ഒഴുകി വീഴുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടം. ഇത്രയും വലിയ ജലക്കൂട്ടം, ഒഴുകി നിപതിക്കും മുൻപേ, പകുതിയിലേറെ വെള്ളം വലിയ നാല് ടണലുകളിലൂടെ ആയിരകണക്കിന് മെഗാവാട്ട് വൈദ്യുതിയായി അത് രൂപാന്തരപ്പെടുന്നു. ചുറ്റുമുള്ള അമേരിക്കയിലെയും, കാനഡയിലെയും ഒട്ടേറെ ഇടങ്ങളിൽ വൈദ്യുതി നൽകുവാൻ ഇത് ഉപയുക്തമാകുന്നു.
നയാഗ്ര എന്ന് കേൾക്കുമ്പോൾ വശ്യമായ കരുത്തും, ശബ്ദവും, അത്ഭുതവും ഉളവാക്കുന്ന വെള്ളച്ചാട്ടം മാത്രമാണ്. എന്നാൽ, നിയന്ത്രിക്കപ്പെടുന്നതോടെ ആ ജലപ്രവാഹം വൈദ്യുതി നൽകുന്ന ഊർജ്ജമാകുന്നു, പാഴായിപ്പോകാതെ. നിയന്ത്രിക്കപ്പെട്ടിലായിരുന്നു എങ്കിൽ ഊർജ്ജം പാഴാകുമായിരുന്നു.
മെയ്ക്കരുത്തും, രാജാധികാരവും കൊണ്ട് തന്റെ ജനത്തെ വിടുവിക്കുവാൻ കഴിയുമായിരുന്നു എന്നാണ് മോശ ധരിച്ചിരുന്നത്. വഴി വിട്ട കരുത്ത് ഒരു മിസ്രയിമിന്റെ മരണത്തിലും, പിന്നീട് ദേശം വിടേണ്ട സാഹചര്യവുമായി മാറി. കൂടാതെ യിസ്രായേല്യരുടെ മദ്ധ്യത്തിലും തനിക്ക് അപമാനമായി ആ സംഭവം പരിണമിച്ചു. (പുറ : 21:11-15) ദൈവത്തിന്റെ കൈയ്യിലെ ‘സൗമ്യത’ എന്ന ബിരുദം നേടാൻ അടുത്ത നാല്പത് വർഷങ്ങൾ വേണ്ടി വന്നു. (സംഖ്യാ : 12:3)
കരുത്തിനെ വരുതിയിൽ നിർത്തുവാനുള്ള ശ്രെഷ്ട്ട ഫലമാണ് സൗമ്യത. “അവർ ഭൂമിയെ കൈവശമാക്കും”, എന്നാണ് യേശുകർത്താവ് നമുക്ക് നൽകുന്ന പാഠം. (മത്തായി :5:5) സ്വയശക്തി താങ്കളെ ഉഴലുന്നവൻ ആക്കിയേക്കാം. എന്നാൽ സൗമ്യത താങ്കളെ വലിയവനാക്കും. അത് ദൈവശക്തിയിലുള്ള ആശ്രിതനാക്കി താങ്കളെ രൂപാന്തരപ്പെടുത്തും.
സ്വർഗ്ഗീയ നിയന്ത്രണത്താൽ ഉപയോഗപെടുന്നതാണ് സൗമ്യത.