മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (56)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (56)
പാ. വീയപുരം ജോർജ്കുട്ടി

7) പിതാവായ ദൈവം യേശുക്രിസ്തുവിനെ ഉയർപ്പിച്ചത് പോലെ എന്നെയും ഉയിർപ്പിക്കും എന്നുള്ള അറിവ്

യേശുക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നെറ്റിലായിരുന്നു എങ്കിൽ നാമും ഉയിര്തെഴുനെൽക്കയില്ല. വിശുദ്ധ പൗലോസ് ഇത് സംബന്ധിച്ച് പറയുമ്പോൾ (1 കോരി :15:16-23), “മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രെ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. ക്രിസ്തുവിൽ നിദ്ര കൊണ്ടവരും നശിച്ചു പോയി … എന്നാൽ ക്രിസ്തു നിദ്ര കൊണ്ടവരിൽ ആദ്യ ഫലമായി മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തിരിക്കുന്നു. മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നത് പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ. ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ.”
“കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോട്‌ കൂടെ ഉയിർപ്പിച്ചു നിങ്ങളോട് കൂടെ തിരുസന്നിധിയിൽ നിർത്തും എന്ന് ഞങ്ങൾ അറിയുന്നു” (2 കോരി :4:14). “യേശുവിനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെ കൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും” (റോമർ : 8:11) “എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചത് പോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും” (1 കോരി :6:14)

യിസ്രായേലിൽ ഇന്നും തുറക്കപ്പെട്ട രണ്ട് കല്ലറകൾ കാണാം. അതിൽ ഒന്ന് യേശുക്രിസ്തുവിന്റേതാണ്. ഈ കല്ലറ വാക്കും ഭാഷണവും കൂടാതെ വിളിച്ചുപറയുന്നത്, യേശു മരിച്ചു എങ്കിലും ഉയിർത്തെഴുന്നേറ്റു. അവൻ ഇവിടെ ഇല്ല; സ്വർഗ്ഗസ്ഥലങ്ങളിലേക്ക് ആരോഹണം ചെയ്തു എന്നാണ്. രണ്ടാമത്തെ കല്ലറ, ലാസറിനെ ആദ്യം അടക്കിയ കല്ലറയാണ്. ഈ കല്ലറയും വിളിച്ചുപറയുന്നത്, കർത്താവിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ഉയിർത്തെഴുനേൽക്കും എന്നാണ്.
“നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേൽക്കും; പൊടിയിൽ കിടക്കുന്നവരെ, ഉണർന്ന് ഘോഷിപ്പിൻ; നിന്റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞു പോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ” (യെശ : 26:19) ഭക്തനായ ഇയ്യോബ് പറഞ്ഞത്, “എന്റെ ത്വക്ക് നശിച്ച ശേഷം ഞാൻ ദേഹസഹിതനായി (ഇംഗ്ളീഷ് പരിഭാഷ) ദൈവത്തെ കാണാം … അന്യനല്ല, എന്റെ സ്വന്ത കണ്ണ് അവനെ കാണും” (ഇയ്യോബ് : 19:26,27)

Leave a Comment

Your email address will not be published. Required fields are marked *

12 − 2 =

error: Content is protected !!