മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (65)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (65)
പാ. വീയപുരം ജോർജ്കുട്ടി

14
മരിക്കും മുൻപേ ഭക്തന്മാർ ചെയ്തത്

1) യിസഹാക്ക് : താൻ മരിക്കും മുൻപേ മകൻ ഏശാവിനെ അനുഗ്രഹിക്കുവാൻ പ്ലാൻ ചെയ്തു (ഉല്പത്തി : 27:1-4)
നാം എപ്പോഴും മറ്റുള്ളവരെ അനുഗ്രഹിക്കുന്നവർ ആയിരിക്കേണം. ദൈവം ലേവ്യരെ തന്റെ ശുശ്രുഷയ്ക്ക് വേണ്ടി വേർതിരിച്ചത് ദൈവസന്നിധിയിൽ ശുശ്രുഷയ്ക്കുന്നതിനോടൊപ്പം അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനുമായിട്ടായിരുന്നു. (ആവ : 10:8, 21:5, സംഖ്യാ :6:23-26, 2 ദിന :30:27, സങ്കീ :118:26)
ദൈവപുരുഷനായ മോശ തന്റെ മരണത്തിന് മുൻപായി യിസ്രായേൽ മക്കളെ അനുഗ്രഹിക്കുകയുണ്ടായി. (ആവ: 33:1) ബോവസ് കൊയ്ത്തുകാരോട് ‘യഹോവ നിങ്ങളോട് കൂടെ ഇരിക്കുമാറാകട്ടെ’ എന്ന് പറഞ്ഞു അനുഗ്രഹിച്ചപ്പോൾ അവർ ബോവസിനോടും ‘യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ’ എന്ന് തിരിച്ച് അനുഗ്രഹിക്കുകയും ചെയ്തു (രൂത്ത് : 2:4)
യിസ്രായേലിന്റെ രാജാവായിരുന്ന ദാവീദ് ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു (1 ദിന :16:2). തന്നെയുമല്ല ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങി പോയി എന്നും രേഖപ്പെടുത്തിയിരിക്കുന്നു. (1 ദിന :16:43). ചിലർ ഭവനത്തിൽ ഉള്ളവരെ അനുഗ്രഹിക്കുകയില്ല; തിരിച്ചു വെളിയിലുള്ളവരെ അനുഗ്രഹിക്കും. മറ്റു ചിലർ വെളിയിലുള്ളവരെ അനുഗ്രഹിക്കുകയില്ല; ഭവനത്തിലുള്ളവരെ മാത്രമേ അനുഗ്രഹിക്കുകയുള്ളൂ. എന്നാൽ ചിലരുടെ വായിൽ നിന്ന് എപ്പോഴും ശാപവാക്കുകൾ അല്ലാതെ അനുഗ്രഹത്തിന്റെ വാക്കുകൾ ഒന്നും പുറത്തു വരുകയില്ല.
വിശുദ്ധ പത്രോസ് പറയുന്നത് (1 പത്രോസ് :3:9), “ദോഷത്തിന് ദോഷവും ശകാരത്തിന് ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന് വിളിക്കപെട്ടത് കൊണ്ട് അനുഗ്രഹിക്കുന്നവരായിരിക്കുവീൻ” നമ്മളോട് ഒരാൾ ‘ദൈവം അനുഗ്രഹിക്കട്ടെ’ എന്ന് പറഞ്ഞാൽ നാമും തിരിച്ച് ‘ദൈവം താങ്കളെയും അനുഗ്രഹിക്കട്ടെ’ എന്ന് പറയണം. “മനുഷ്യൻ ദൈവത്തിന്റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും” (സങ്കീ : 72:17)
കർത്താവ് പറഞ്ഞു (ലൂക്കോസ് : 6:28) : “നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിപ്പിൻ” നമുക്ക് നമ്മെ തന്നെ അനുഗ്രഹിക്കുവാൻ കഴിയും. “ഭൂമിയിൽ തന്നെ താൻ അനുഗ്രഹിക്കുന്നവൻ സത്യ ദൈവത്താൽ തന്നെ താൻ അനുഗ്രഹിക്കും” (യെശ : 65:16) നമ്മുടെ വായിൽ നിന്ന് “നീ നശിച്ചു പോകട്ടെ, മുടിഞ്ഞു പോകട്ടെ, ഗതി പിടിക്കാതെ പോകട്ടെ”, ആദിയായ വാക്കുകൾ ആരോടും പറയരുത്. ചിലപ്പോൾ അത് നമ്മിലേക്ക് തന്നെ തിരിച്ചു വരുവാൻ സാദ്ധ്യതയുണ്ട്. മാതാപിതാക്കളും വീട്ടിലെ പ്രായമുള്ളവരും, മക്കളെയും കൊച്ചുമക്കളെയും കഴിയുമെങ്കിൽ കരം അവരുടെ തലയിൽ വച്ച് അവസരം കിട്ടുമ്പോഴെല്ലാം അനുഗ്രഹിക്കണം.
പ്രത്യേകിച്ച് യിസഹാക്ക് ചെയ്തത് പോലെ, ഇനിയും അധികം നാൾ ജീവിക്കുകയില്ല എന്ന് ബോദ്ധ്യം വരുന്നെങ്കിൽ തലമുറകളെയെല്ലാം അടുക്കൽ വിളിച്ച് അനുഗ്രഹിക്കുന്നത് ഒരനുഗ്രഹമായിരിക്കും. യാക്കോബ് അങ്ങനെ ചെയ്യുകയുണ്ടായി (ഉല്പത്തി : 49:1-33)

Leave a Comment

Your email address will not be published. Required fields are marked *

nine + 1 =

error: Content is protected !!