മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (67)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (67)
പാ. വീയപുരം ജോർജ്കുട്ടി

4) മോശ : തന്റെ മരണത്തിന് മുൻപ് പിൻതലമുറയെ കുറിച്ച് ഭാരമുള്ളവനായി, അവർ ദൈവത്തെ സേവിക്കേണ്ടതിന് വേണ്ടി ഒരു പാട്ട് എഴുതി അവരെ പഠിപ്പിച്ചു (ആവ : 31:14,19,22, 32:1-44)
ചിലരുടെ മക്കൾ അവരുടെ ജീവക്കാലത്ത് പ്രതീക്ഷിച്ചത് പോലെ ദൈവവഴിയിൽ നടന്നു എന്ന് വരുകയില്ല. എങ്കിലും അവരെ കുറിച്ചുള്ള പ്രതീക്ഷ കൈവെടിയരുത്. അവർ അറിയാതെ അവരെ ഗുണദോഷിച്ചു കൊണ്ടുള്ള എഴുത്തുകളോ അല്ലെങ്കിൽ സന്ദേശങ്ങളോ രേഖപ്പെടുത്തി സൂക്ഷിച്ചു വയ്ക്കുക. നമ്മുടെ മരണാനന്തരം അവർ അത് വായിക്കുകയോ കേൾക്കുകയോ ചെയ്താൽ ഒരു പക്ഷെ ജീവനോട് കൂടിയിരിക്കുമ്പോൾ അംഗീകരിക്കുന്നിലെങ്കിലും മരണാനന്തരം അംഗീകരിക്കുവാൻ സാദ്ധ്യത കൂടുതലാണ്.
മക്കൾക്ക് വേണ്ടി മാത്രമല്ല, അടുത്ത തലമുറയ്ക്ക് പ്രയോജനം വരത്തക്ക നിലയിൽ പുസ്തകം എഴുതുവാൻ കഴിവുള്ളവർ പുസ്തകങ്ങൾ എഴുതണം. പ്രസംഗിക്കുവാൻ കൃപ ലഭിച്ചവർ അത് റിക്കാർഡ് ചെയ്താൽ, യൂട്യുബിലും മറ്റും പ്രസിദ്ധപ്പെടുത്തിയാൽ അത് അനേകർക്ക് പ്രയോജനമായി തീരും.
മോശ തന്റെ മരണത്തിന് മുൻപായി യിസ്രായേൽ മക്കളെ ഗോത്രാംഗോത്രമായി അനുഗ്രഹിച്ചു (ആവ : 33:1-29). തനിക്ക് വാഗ്ദത്ത കനാനിൽ കടക്കുവാൻ സാധിച്ചില്ലെങ്കിലും നെബോ പർവ്വതത്തിൽ പിസ്ഗാ മുകളിൽ കയറി വാഗ്ദത്ത കനാൻ ദൂരവേ നോക്കി കണ്ടു. (ആവ : 34:1-6)
പരേതയായ അന്നമ്മ മാമ്മൻ പാടി –
‘പൂർവ്വ പിതാക്കളാം അപ്പോസ്തോലർ
ദൂരവേ ദർശിച്ചീ ഭാഗ്യദേശം
ആകയാൽ ചേതമെനെണ്ണീ ലാഭം
അന്യരെനെണ്ണീയീ ലോകമതിൽ’
“വിശ്വാസത്താൽ അബ്രഹാം വാഗ്ദത്ത ദേശത്തു ഒരു അന്യ ദേശത്തേക്ക് എന്ന പോലെ ചെന്ന് വാഗ്ദത്തത്തിന് കൂട്ടവകാശികളായ യിസ്സഹാക്കിനോടും യാക്കോബിനോടും കൂടെ കൂടാരങ്ങളിൽ പാർത്ത് കൊണ്ട് ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനമുള്ളതുമായ നഗരത്തിനായി കാത്തിരുന്നു” (എബ്രാ : 11:9-10)
നമ്മുടെ അന്ത്യവും വാഗ്ദത്തദേശത്തെ കുറിച്ചുള്ള ദർശനത്തോട് കൂടിയാകുന്നു എങ്കിൽ അത്യുത്തമമായിരിക്കും.

5) യോശുവതാൻ വൃദ്ധനായപ്പോൾ യഹോവ അവനോട്, ‘നീ വയസ്സ് ചെന്നു വൃദ്ധനായിരിക്കുന്നു; ഇനി വളരെ ദേശം കൈവശമാക്കുവാനുണ്ട്’ എന്ന് പറഞ്ഞു (യോശുവ : 13:1) പ്രായമുള്ള ചിലർ 60 അല്ലെങ്കിൽ 70 വയസ്സ് പിന്നിട്ടാൽ ഇനിയും ഒന്നും ചെയ്യുവാൻ ഇല്ലാതെ, മരണത്തെ മാത്രം മുൻപിൽ കണ്ടു കൊണ്ട് ജീവിക്കുന്നവരാണ്. മോശ തന്റെ ശുശ്രുഷ തുടങ്ങിയത് 80 – മത് വയസ്സിൽ ആയിരുന്നു. പ്രായമുള്ളവർക്കും വലിയ ശുശ്രുഷകൾ ചെയ്യുവാനുണ്ട്.
യോശുവയുടെ അന്ത്യം അടുത്തപ്പോൾ അവൻ യിസ്രായേൽ ഗോത്രങ്ങളെ എല്ലാം കൂട്ടി വരുത്തി, ദൈവം കഴിഞ്ഞ കാലങ്ങളിൽ ചെയ്ത എല്ലാ അത്ഭുതപ്രവർത്തികളെയും കുറിച്ച് വിവരിച്ചു പറയുകയും ദൈവത്തെ സേവിക്കേണ്ടതിന്റെ പ്രാധാന്യത പറഞ്ഞു മനസ്സിലാക്കി അവരെ ഒരു തീരുമാനത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു. (യോശുവ : 24:1-29)  

Leave a Comment

Your email address will not be published. Required fields are marked *

sixteen − 7 =

error: Content is protected !!