മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (68)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (68)
പാ. വീയപുരം ജോർജ്കുട്ടി

6) സാമുവേൽ :

താൻ വൃദ്ധനും നരച്ചവനുമായി തീർന്നപ്പോൾ എല്ലാ യിസ്രായേലിനോടും പറഞ്ഞത് (1 സമു :12:1-5), “ഞാൻ ഇതാ, ഇവിടെ നിൽക്കുന്നു : ഞാൻ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ ? ഞാൻ വല്ലവനെയും ചതിച്ചിട്ടുണ്ടോ ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ ? ഞാൻ വല്ലവന്റെയും കയ്യിൽ നിന്ന് കൈക്കൂലി വാങ്ങി എന്റെ കണ്ണ് കുരുടാക്കിയിട്ടുണ്ടോ ? യഹോവയുടെയും അവന്റെ അഭിഷക്തന്റെയും മുൻപാകെ എന്റെ നേരെ സാക്ഷീകരിപ്പിൻ; ഞാൻ അത് മടക്കി തരാം”
സാമുവലിന്റെ ജീവിതാന്ത്യം എത്ര മഹത്വമേറിയതായിരുന്നു. ദൈവത്തോടും മനുഷ്യരോടും കുറ്റമറ്റ ജീവിതം നയിച്ചതിന്റെ ഒരു ഉത്തമദൃഷ്ട്ടാന്തം.
കൊടുക്കുവാനുള്ളത് കൊടുത്തു തീർക്കാതെയും, കഴിവില്ലെങ്കിൽ അത് പിന്തലമുറയെ കൂട്ടിവരുത്തി അവരെ ഉത്തരവാദിത്വം ഭരമേല്പിക്കാതെയും കടന്ന് പോകുന്നവരുണ്ട്. എന്നാൽ സാമുവേലിനെ പോലെ ഒരു ശുദ്ധമനഃസാക്ഷിയുടെ ഉടമയായി നിത്യതയിൽ പ്രവേശിക്കുവാൻ സാധിക്കുന്നു എങ്കിൽ അത് ഭാഗ്യമായിരിക്കും.

7) ദാവീദ് :

തന്റെ മരണത്തിന് മുൻപായി ദൈവാലയം പണിയുവാൻ ആഗ്രഹിച്ചു എങ്കിലും ദൈവം തന്റെ മകനായ ശലോമോനെകൊണ്ട് പണിയിക്കുവാൻ ഉദ്ദേശിച്ച ദൈവാലയം സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും പൂർത്തീകരിക്കേണ്ടതിന് ധാരാളം വട്ടം കൂട്ടി (1 ദിന :22:1-5) കൂടാതെ തന്റെ കാലശേഷമുള്ള ഭരണകാര്യങ്ങൾക്കായി താൻ ജീവിച്ചിരിക്കുമ്പോൾ താനേ ക്രമീകരണം ചെയ്യുകയും ശലോമോനെ രാജാവാക്കി വാഴിക്കുകയും ചെയ്തു. (1 ദിന :23:1)

8) ഹിസ്‌കീയാവ്‌ :

മരിക്കത്തക്ക രോഗം പിടിച്ചു താൻ കിടക്കുന്ന അവസരത്തിൽ യെശയ്യാവ്‌ പ്രവാചകൻ മുഖാന്തരം ദൈവം അരുളിച്ചെയ്തു : “നീ മരിച്ചു പോകും; നിന്റെ വീട്ടുകാര്യം ക്രമത്തിലാക്കുക” (2 രാജ :20:1)
ചിലർ മരണത്തിന് മുൻപായി വസ്തുവകകൾ മക്കൾക്ക് വീതം വച്ച് നൽകാത്തതിന്റെ ഫലമായി, വീതം സംബന്ധിച്ച് മക്കൾ കലഹിക്കുകയും അത് കുലപാതകത്തിലേക്ക് തന്നെ വഴുതി വീഴുവാൻ ഇടയാക്കുകയും ചെയ്യുന്നു.
അമേരിക്കയിൽ മാതാപിതാക്കളുടെ പേരിലുള്ള ഭവനമോ, സമ്പത്തോ, അവർ വില്പത്രം എഴുതി വയ്ക്കുകയോ, മരണത്തിന് മുൻപായി കൈമാറ്റം ചെയ്യുകയോ ചെയ്തില്ലെങ്കിൽ മക്കൾക്ക് അതിന്മേൽ യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല.
മരണത്തിന് മുൻപായി വസ്തുവകകളും സമ്പത്തും ക്രമീകരിക്കുന്നതും, ജീവിതത്തിന്റെ കുത്തഴിഞ്ഞ അനുഭവങ്ങളെയെല്ലാം പെറുക്കി കെട്ടി പുത്തനൊരു രൂപവും ഭാവവും നൽകുന്നതും നല്ലതാണ്.

Leave a Comment

Your email address will not be published. Required fields are marked *

12 + 19 =

error: Content is protected !!