‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (28)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (28)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

പാപത്തെ വെറുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ദൈവകോപവും മനുഷ്യന്റെ കോപം അഥവാ പ്രതികാരചിന്തയും തമ്മിൽ കൂട്ടികുഴയ്ക്കരുത്. ദൈവത്തിന്റെ സാർവത്രിക സ്നേഹത്തെ ഇത് ഹനിക്കുന്നില്ല. വാസ്തവത്തിൽ ഇത് അവന്റെ സ്നേഹത്തിന്റെ മറുവശമാണ്. ദൈവത്തിന്റെ ദീർഘക്ഷമയാൽ അവന്റെ കോപം ന്യായവിധി ദിവസം വരെ നീട്ടിയേക്കാം. സഭാപ്രസംഗി 8:11 ൽ കാണുന്നത് പോലെ ദുഷ്പ്രവർത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടകായ്ക കൊണ്ട് മനുഷ്യൻ ദോഷം ചെയ്‍വാൻ ധൈര്യപ്പെടുന്നു.
കോപം : (ഓർഗി – ഗ്രീക്ക്) : ഇത് ദൈവത്തോട് ചേർത്ത് ദൈവകോപം എന്ന് പ്രയോഗിച്ചിരിക്കുന്നു. ഈ പ്രയോഗം റോമാലേഖനത്തിൽ പന്ത്രണ്ടോളം പ്രാവശ്യം കാണുന്നു. റോമ : 13:4,5 ലെ പ്പോലെ ചിലപ്പോൾ മനുഷ്യരിൽ കൂടെയുള്ള ദൈവീകഭരണത്തെ കാത്തിരിക്കുന്നുണ്ടെങ്കിലും, ഇത് സാധാരണയായി അന്ത്യവിധിയെയാണ് സൂചിപ്പിക്കുന്നത്. ദൈവകോപം സ്വർഗ്ഗത്തിൽ നിന്ന് വെളിപ്പെടുന്നു. ജലപ്രളയം, സൊദോം ഗോമോറയുടെ നാശം ആദിയായവ അതിന്റെ തെളിവുകളാണ്. ഈ ദൈവകോപം ഭാവിയിലും വെളിപ്പെടും. (2:5). ദൈവകോപം വെളിപ്പെടുന്നത് അഭക്തിക്കും അനീതിക്കും എതിരെയാണ്. അഭക്തി (2 തിമോ : 2:16) ദൈവത്തോടുള്ള തെറ്റുകളാണ്. അനീതി കൊണ്ട് സത്യത്തെ തടുക്കുക എന്നുള്ളത് മറ്റുള്ളവരെ സത്യം ഗ്രഹിക്കുന്നതിന് തടസ്സം സൃഷ്ടിക്കുക എന്നതാണ്. സത്യം എന്നത് ദൈവത്തിന്റെ ആസ്തിക്യത്തെയും ഗുണഗണങ്ങളെയും കാണിക്കുന്നു.
1:19, ദൈവത്തെക്കുറിച്ച് … ദൈവം സൃഷ്ടിയിൽ കൂടെ വെളിവാക്കിയല്ലോ. ദൈവകോപം വെളിപ്പെടുന്നതിന്റെ കാരണം പറയുകയാണ്. ദൈവദൃഷ്ടിയിൽ കൂടെ തന്നെ വെളിപ്പെടുത്തുകയും ആ വെളിപ്പാട് സ്വീകരിക്കുവാനുള്ള കഴിവ് മനുഷ്യന് നല്കുകയും ചെയ്തിട്ടുണ്ട്. ദൈവത്തെക്കുറിച്ച് അറിയാവുന്നിടത്തോളം ദൈവം അവരിൽ അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു എന്ന ആശയമാണ് യഥാർത്ഥത്തിൽ. ദൈവം എന്നാൽ ആളത്വപരമായ ദൈവം. ഒരു ശക്തിയോ ആശയമോ അല്ല ആളത്വപരമായ ദൈവം. ‘അവരിൽ വെളിപ്പെടുത്തി’ എന്ന് വച്ചാൽ മനുഷ്യന്റെ മനസ്സാക്ഷിയിൽ, അന്തരംഗത്തിൽ, ദൈവത്തിന്റെ തുടച്ചു മാറ്റുവാൻ കഴിയാത്ത വെളിപ്പാട് അവരുടെ ഹൃദയത്തിൽ, പ്രജ്ഞയിൽ; അഹം ബോധത്തിൽ ഉണ്ട്. ദൈവം ഇല്ല എന്ന് പ്രസംഗിക്കുന്നവന്റെയും ഉള്ളിന്റെ ഉള്ളിൽ ദൈവബോധം നിക്ഷിപ്തമായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

four × 4 =

error: Content is protected !!