മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (74)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (74)
പാ. വീയപുരം ജോർജ്കുട്ടി

17
മരണത്തിന്റെ വിവിധ ഘട്ടങ്ങൾ

ഡോ. സി. പി. തോമസ് ‘മരണം മരണാനന്തരജീവിതം’ എന്ന വിഷയത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിൽ മരണത്തിന്റെ മൂന്ന് ഘട്ടങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. മരണത്തിന് പ്രധാനമായി മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. അവ ഭാഗീക മരണം (Organic death), കേന്ദ്ര മരണം (Central death), സമ്പൂർണ്ണ മരണം (Total death) എന്നിങ്ങനെയാകുന്നു.

1) ഭാഗിക മരണം (Organic death)
ശാസോച്ഛ്വാസ ചലനത്തിന്റെ നിശ്ചലതയും പാദങ്ങളിൽ വ്യാപരിക്കുന്ന തണുപ്പും കണക്കാക്കി ആളുകൾ മരിച്ചു എന്ന് വിധി പറയുമായിരുന്നു. എന്നാൽ ഡോക്ടർക്ക് രോഗിയുടെ ഹൃദയവും ശ്വാസകോശങ്ങളും പ്രവർത്തനരഹിതമായി എന്ന് ബോധ്യമാകുമ്പോൾ രോഗി മരിച്ചു എന്ന് വിധി എഴുതുന്നു. ഇതിനെ ‘ക്ലിനിക്കൽ ഡെത്ത്’ (Clinical death) എന്നും വിളിക്കാറുണ്ട്. മരണത്തെ സംബന്ധിച്ച് ഇത് അന്തി വിധിയായി പരിഗണിക്കുവാൻ പാടുള്ളതല്ല. യഥാർത്ഥ മരണം സംഭവിക്കുന്നത് മരണത്തിന്റെ രണ്ടാം ഘട്ടത്തിന് ശേഷമായിരിക്കും.
മരണത്തിന്റെ രണ്ടാം ഘട്ടത്തിൽ പ്രവേശിക്കാതെ ഒന്നാം ഘട്ടം കൊണ്ട് മരിച്ചു എന്ന് വിധി എഴുതിയ പലരും മരണകവാടത്തിൽ നിന്ന് തിരികെ വന്നിട്ടുള്ളതായി നാം കേട്ടിട്ടുണ്ട്. ശവം കുളിപ്പിക്കുവാൻ എടുത്തപ്പോഴും മറ്റ് ചിലർ മോർച്ചറിയിൽ നിന്നും വിടുതൽ പ്രാപിച്ചതായുള്ള സംഭവങ്ങൾ കേട്ടിട്ടുണ്ട്. ഈ അവസരത്തിൽ മരണാനന്തരം സംഭവിക്കാവുന്ന ദുഃഖസത്യങ്ങൾ ദർശിക്കുന്നതായും പറയപ്പെടുന്നു.
ഇങ്ങനെ പുനർജീവിച്ചു എന്ന് പറയുന്നവർ മരണത്തിന്റെ രണ്ടാം ഘട്ടമായ കേന്ദ്രമരണം സംഭവിച്ചവരല്ല.

2) കേന്ദ്ര മരണം (Central death)
ഭാഗിക മരണം സംഭവിച്ച ഒരാളിൽ തുടർന്നുള്ള അഞ്ച് മിനിറ്റിനും മുപ്പത് മിനിറ്റിനും (5-30) ഇടയിലായി സംഭവിക്കുന്ന മരണത്തിന്റെ രണ്ടാം ഘട്ടത്തെ കേന്ദ്ര മരണം എന്ന് വിളിക്കുന്നു. ഒന്നാം ഘട്ടത്തിനും രണ്ടാം ഘട്ടത്തിനും ഇടയിൽ തലച്ചോറ് (Brain) അല്പമായി പ്രവർത്തന നിരതമായിരിക്കും എന്ന് കരുതുന്നു. എന്നാൽ ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും അവസ്ഥാവിശേഷത്താൽ തലച്ചോറിന് ഓക്സിജൻ ലഭിക്കാതെ വരികയും തുടർന്ന് കേന്ദ്ര മരണം നടക്കുകയും ചെയ്യും. കേന്ദ്രമരണത്തിന് ശേഷം പുനർജ്ജീവൻ പ്രാപിക്കുക സാദ്ധ്യമല്ല.
ഒന്നാം ഘട്ടത്തിനും രണ്ടാം ഘട്ടത്തിനും ഇടയ്ക്കുള്ള നിമിഷങ്ങൾ വളരെ നിർണ്ണായകമാണ്. ഒരു പക്ഷെ അടുത്ത് നിന്ന് വിലപിക്കുന്നവരുടെ വാക്കുകളും മറ്റും കേൾക്കുവാൻ സാധിച്ചു എന്ന് വരാം. ഇങ്ങനെയുള്ള അവസരങ്ങളിൽ ചുറ്റും നിൽക്കുന്നവർ പ്രത്യാശയുടെ വാക്കുകൾ പറയുകയും പ്രത്യാശ ഗാനങ്ങൾ ആലപിക്കുകയും ചെയുന്നത് നല്ലതാണ്. കേന്ദ്രമരണം സ്ഥിരീകരിക്കത്തക്ക യന്ത്രസംവിധാനവും നിലവിലുണ്ട്. ഇതിനെ ഇലക്ട്രോ എൻസെഫാലോഗ്രാം (Electro Encephalogram) എന്ന് പറയും.

3) സമ്പൂർണ്ണ മരണം (Total death)
ശവശരീരത്തിന് മണിക്കൂറുകൾ കഴിയുമ്പോൾ മഞ്ഞകലർന്ന കരിവാളിപ്പും ദുർഗന്ധവും ഉണ്ടാകുന്നു. ഇതിനെ സമ്പൂർണ്ണ മരണം എന്ന് വിളിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

seven − four =

error: Content is protected !!