മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (77)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (77)
പാ. വീയപുരം ജോർജ്കുട്ടി

ഇതിനിടെ പാസ്റ്റർ ആശുപത്രിയിലെത്തി. രണ്ട് ചാപ്ളെയിൻമാരുടെ നടുവിൽ ജോൺസനെ കണ്ടപ്പോൾ അദ്ദേഹത്തിന് പന്തികേട് തോന്നി. ഉടനെ പ്രാർത്ഥനയ്ക്കുള്ള സന്ദേശം ടെക്സ്റ്റ് മെസ്സേജിലൂടെ എല്ലായിടത്തേക്കും പറന്നു.
തികഞ്ഞ വിഭ്രാന്തിയോടെ ഡോക്ടർ കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ നിശ്ചലശരീരവുമായി കിടന്ന സിലുവിന്റെ മനസ്സ് മറ്റൊരു ലോകത്തിലേക്ക് പറന്നുയർന്നു.
“വലിയ വെളിച്ചമേറിയ ഒരു സ്ഥലത്തേക്ക് വെട്ടിത്തിളങ്ങുന്ന വെണ്മനിറഞ്ഞ ഒരു വഴിയിലൂടെ മന്ദം മന്ദം സഞ്ചരിക്കുകയാണ് ഞാൻ. ആയുസ്സിൽ കണ്ടിട്ടില്ലാത്തത്ര തിക്കമേറിയ സ്വർണ്ണവാതിലിന് മുൻപിൽ ഞാൻ എത്തി. ജീവിതത്തിൽ ഇന്ന് വരെ അനുഭവിക്കാത്ത സന്തോഷവും പ്രത്യാശയും എന്നിൽ നിറഞ്ഞു. വാതിൽ അല്പം തുറന്നിരിക്കുന്നു. ഒരു വലിയ ദൂതൻ വാതിലിന് മുൻപിൽ കാവൽ നിൽക്കുന്നു. അകത്തെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭ കണ്ട ഞാൻ, അവിടേക്ക് കടക്കാൻ അനുവാദം ചോദിച്ചു. പക്ഷെ, എന്നെ നിരാശപ്പെടുത്തി ദൂതൻ വാതിൽ അടച്ചു. ‘നിന്റെ ജോലി പൂർത്തിയായിട്ടില്ല. നിനക്ക് അവിടെ പ്രവേശിപ്പാൻ സമയമായില്ല. ഭർത്താവും നാല് കുഞ്ഞുങ്ങളും നിന്നെ കാത്തിരിക്കുന്നു’. തിരിഞ്ഞു നോക്കിയ ഞാൻ താഴെ ഡോക്ടറും ദൂതന്മാരെ പോലെ ചിലരും ഓപ്പറേഷൻ ടേബിളിന് ചുറ്റും നിൽക്കുന്നത് കണ്ടു. ഭർത്താവ് ജോൺസൺ മുറിയുടെ മൂലയിൽ കലങ്ങിയ കണ്ണുകളുമായി കൈകെട്ടി നിൽക്കുന്നു.”
ആ രാത്രി മുഴുവൻ ഡാളസ്സിലെ വിശ്വാസിസമൂഹം ആശുപത്രിയിലും വീടുകളിലുമായി പ്രാർത്ഥിച്ചു. വിവരമറിഞ്ഞവരുടെ പ്രാർത്ഥനാസ്വരം ലോകത്തിന്റെ നാനാഭാഗത്ത് നിന്നും സ്വർഗ്ഗത്തേക്ക് ഉയർന്നു. അവരുടെ യാചന മറികടക്കാൻ ദൈവത്തിന് കഴിഞ്ഞില്ല. നാളെ രാവിലെ സിലു കുഞ്ഞിന് ഉമ്മ കൊടുക്കുന്നത് കാണണമെന്നായിരുന്നു പാസ്റ്ററുടെയും സഭാവിശ്വാസികളുടെയും പ്രാർത്ഥന.
രാവിലെ അത്ഭുതം സംഭവിച്ചു. സിലുവിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി. രോഗിയെ വെന്റിലേറ്ററിൽ നിന്ന് നീക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. സാധാരണ നിയമങ്ങൾ മറികടന്ന്, പ്രത്യേക അനുവാദം വാങ്ങി കുഞ്ഞിനെ ഐ.സി.യു. വിലെത്തിച്ചു.അമ്മ കുഞ്ഞിന് മുത്തം നൽകി.
ശരീരത്തിലെ ഞരമ്പുകളിലാകമാനം കറുത്തിരുണ്ട രക്തം തെളിഞ്ഞു കാണാം. കൂടാതെ കഴുത്തിന്റെ വലത്തു ഭാഗത്ത് ഒരു വലിയ മുഴ. നിർജ്ജീവരക്തം ഒഴുകിക്കൂടിയതാണിത്. സാരമില്ല, രണ്ട് മൂന്ന് മാസത്തിനകം അത് അല്പാല്പം കുറഞ്ഞു കൊള്ളും. പക്ഷെ, നേരം വെളുത്തപ്പോൾ ആ മുഴയും അലിഞ്ഞു തീർന്നു. ഡോക്ടർമാർക്കും അത്ഭുതം. “ഈ ശരീരത്തിൽ ദൈവം പ്രവർത്തിച്ചതാണ്” – ഡോക്ടർമാർ ഏകസ്വരത്തിൽ പറഞ്ഞു. ശരീരവും തലയും തുടച്ചപ്പോൾ തുണി നിറയെ കട്ടപിടിച്ച രക്തം.
സംസാരിക്കാൻ ശക്തി ലഭിച്ചപ്പോൾ ഡോക്ടർമാരോടും സന്ദർശകരോടും സിലു ദർശനകഥ പങ്കിട്ടു. അവിടെ എത്തി നോൽക്കാൻ പോലും കഴിഞ്ഞില്ലല്ലോ എന്ന ദുഃഖമാണിന്നും ആ സഹോദരിക്ക്.
മാസങ്ങൾ ഐ. സി. യു .വിൽ കഴിയേണ്ടി വരുമെന്നും പക്ഷാഘാതമുണ്ടാകുമെന്നും മറ്റും ഡോക്ടർമാർ വിധിയെഴുതിയെങ്കിലും ഏഴാം ദിവസം സിലു ആശുപത്രി വിട്ടു. ‘ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുയർന്ന പ്രാർത്ഥന, അതാണ് ദൈവം അത്ഭുതം പ്രവർത്തിച്ചത്’ – സിലുവും ജൊൺസനും ഒരേ സ്വരത്തിൽ പറയുന്നു. കുഞ്ഞനിയനെ താലോലിക്കുന്നതിലുള്ള തിരക്കിലാണ് സഹോദരങ്ങൾ. പ്രത്യേകിച്ച് ചേച്ചി തബീഥ.
പരേതനായ മാവേലിക്കര പാ. പി. ജെ. ദാനിയേലിന്റെ കൊച്ചുമകളും പാ. കോശി സാമുവേലിന്റെയും ഡേയ്സിയുടെയും മകളുമാണ് സിലു. ഡോ. ജോൺസൺ പത്തനാപുരം മേമന സീനായി ജോർജ് – സൂസമ്മ ദമ്പതികളുടെ മകനാണ്.
മക്കൾ : തിമഥി, തബീഥ, നോവ, എലൈജ.

Leave a Comment

Your email address will not be published. Required fields are marked *

3 × 2 =

error: Content is protected !!