മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (78)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (78)
പാ. വീയപുരം ജോർജ്കുട്ടി

20
ചിലരുടെ അന്ത്യസമയങ്ങൾ

യാക്കോബ് : പുത്രന്മാരോട് അവരുടെ ഭാവിസംബന്ധമായ കാര്യങ്ങൾ അവരെ അറിയിച്ചശേഷം കാൽ കട്ടിലിന്മേൽ എടുത്തു വച്ചിട്ട് പ്രാണനെ വിട്ട് തന്റെ ജനത്തോട് ചേർന്നു (ഉല്പത്തി : 49:33)

മോശ : നെബോപർവ്വതത്തിൽ പിസ്ഗാമുകളിൽ കയറി വാഗ്ദത്ത ദേശം ദൂരവേ നോക്കി കാണുകയും, യഹോവയുടെ സാന്നിദ്ധ്യത്തിൽ അവിടെ മോവാബ് ദേശത്ത് വച്ച് മരിക്കയും യഹോവ അവനെ അടക്കുകയും ചെയ്തു (ആവ : 34:1-6)

യേശുക്രിസ്തു : ‘പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു’ എന്ന് പറഞ്ഞു പ്രാണനെ വിട്ടു (ലൂക്കോസ് :23:46)

സ്തേഫാനോസ് : തന്നെ കല്ലെറിഞ്ഞു കൊല്ലുന്ന സമയം, ‘കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈകൊള്ളേണമേ’ എന്നും ‘കർത്താവേ, അവർക്ക് ഈ പാപം നിരുത്തരുതേ’ എന്നും ഉച്ചത്തിൽ നിലവിളിച്ചു (അപ്പൊ : 7:54-60)

സാധു കൊച്ചുകുഞ്ഞുപദേശി : തന്റെ മരണത്തിന് മുൻപായി പ്രിയപെട്ടവരോട് പറഞ്ഞത്, ‘എന്റെ മരണശേഷം ധരിപ്പിക്കുവാൻ വെള്ള മുണ്ടും വെള്ള ഷർട്ടും ഒരുക്കിവയ്ക്കണം. കൂടാതെ കല്ലറയിൽ ഇപ്രകാരം എഴുതി വയ്ക്കണം : ഇടയാറന്മുള മൂത്താമ്പാക്കൽ സാധു കൊച്ചുകുഞ്ഞുപദേശിയുടെ മൺകൂടാരം. ആത്മാവ് നക്ഷത്രഗോളങ്ങൾക്കപ്പുറം കർത്താവിനെ എതിരേൽപ്പാൻ പോയിരിക്കുന്നു. എന്റെ കർത്താവിന്റെ വരവിൽ ദിവ്യകൂടികാഴ്ചയിൽ എല്ലാവരുമായി കണ്ടുകൊള്ളാം’ കൂടാതെ മരണസമയത്ത് നേരിയ സ്വരത്തിൽ സാധു ചോദിച്ചു : ‘ഇതാണോ മരണം ? മരിക്കുന്നില്ല … ഞാൻ വിശ്രമിക്കട്ടെ’.

പോളിക്കാർപ്പ് : അപ്പോസ്തോലന്മാർക്ക് ശേഷമുള്ള ആദ്യതലമുറയിൽ ജീവിച്ചിരുന്ന ഒരു വിശുദ്ധനായിരുന്നു അദ്ദേഹം; അപ്പോസ്തോലനായ യോഹന്നാന്റെ ശിഷ്യനും ആയിരുന്നു. സ്മരന്നയിൽ ജനിച്ച താൻ ആ പട്ടണത്തിലെ ബിഷപ്പും ആയിരുന്നു. തന്റെ വാർദ്ധ്യകത്തിലും സുവിശേഷം ശക്തമായി പ്രസംഗിച്ചത് നിമിത്തം തന്നെ തടവിലാക്കുകയും തന്റെ വിശ്വാസം തള്ളിപ്പറഞ്ഞ് ഉപേക്ഷിക്കുവാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ താൻ പറഞ്ഞത്, കഴിഞ്ഞ 86 വർഷം ഞാൻ ഈ യജമാനനെ സേവിച്ചു. എനിക്ക് അദ്ദേഹം ഒരു ദോഷവും ചെയ്തിട്ടില്ല. എന്നെ രക്ഷിച്ച ഈ രാജാവിന് വിരോധമായി എനിക്ക് എങ്ങനെ സംസാരിപ്പാൻ കഴിയും ?” അവർ അദ്ദേഹത്തെ തീയിലേക്ക് വലിച്ചെറിഞ്ഞു. എന്നാൽ അഗ്നിജ്വാല തന്നെ ദഹിപ്പിച്ചില്ല. അനന്തരം ആ ക്രൂരന്മാർ തന്നെ വാള് കൊണ്ട് വെട്ടുകയും തീയിൽ ഇട്ട് ദഹിപ്പികുകയും ചെയ്തു.

ജോൺ ഹസ് : (1369-1415) : റോമൻ കത്തോലിക്കാസഭയിലെ ഒരു പുരോഹിതനായിരുന്നു. എന്നാൽ താൻ സഭയിൽ നടമാടിക്കൊണ്ടിരുന്ന ദുഷ്ടതയ്ക്ക് എതിരായി പ്രസംഗിച്ചു. ഒരു നവീകരണ കർത്താവും ഉപദേശകനും എഴുത്തുകാരനും ആയിരുന്നു. അവർ അദ്ദേഹത്തെ പുരോഹിതസ്ഥാനത്ത് നിന്ന് തരം താഴ്ത്തുകയും തന്റെ പുസ്തകങ്ങൾ അഗ്നിക്കിരയാക്കുകയും തന്നെ കൊല്ലുവാൻ തീരുമാനിക്കുകയും ചെയ്തു. തന്നെ ദഹിപ്പിക്കേണ്ടതിന് അടുക്കി വച്ച വിറകിന്റെ അടുത്ത് നിന്ന് കൊണ്ട് മുഴങ്കാലിൽ വീണ് അതിധൈര്യത്തോടെ സ്വർഗ്ഗത്തിലേക്ക് നോക്കി ‘കർത്താവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഭരമേല്പിക്കുന്നു’ എന്ന് പ്രാർത്ഥിച്ചു. ബവേറിയായിലെ പ്രഭു തന്നോട് യാചിച്ചു, ‘അല്ലയോ ഹസേ, നീ ഈ ഒടുവിലത്തെ സമയം കുറ്റം ഏറ്റു പറഞ്ഞു പുറത്തു വരൂ!’ ഉടനെ ഹസ് ധൈര്യത്തോടെ പറഞ്ഞത്, ‘ഞാൻ ഒരിക്കലും തെറ്റായ ഉപദേശം
പ്രസംഗിച്ചിട്ടില്ല. എന്റെ അധരങ്ങളാൽ പഠിപ്പിച്ചത് എന്റെ രക്തത്താൽ മുദ്രയിടുകയാണ്’. തന്റെ ചുറ്റും വിറകുകൾ ആളിക്കത്തുന്നതിനിടയിൽ താൻ ഒരു ഗാനം ആലപിക്കുകയും, ഉച്ചത്തിൽ ആഹ്ലാദിക്കുന്ന ഒരു ശബ്ദം കേൾക്കുകയും ഉണ്ടായി എന്ന് പറയപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

13 − 12 =

error: Content is protected !!