മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (79)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (79)
പാ. വീയപുരം ജോർജ്കുട്ടി

ജറോം : ജോൺ ഹസ്സിന്റെ സ്നേഹിതനും ഉപദേശ സത്യങ്ങൾക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്തവനുമായിരുന്നു ജറോം. വിക്ലിഫിന്റെ എഴുത്തുകൾ സ്വന്തം ഭാഷയിലേക്ക് താൻ വിവർത്തനം ചെയ്തു. റോമിലെ സഭയ്‌ക്കെതിരായി താൻ പറഞ്ഞതും എഴുതിയതും തെറ്റാണെന്ന് ഏറ്റ് പറഞ്ഞു കൊണ്ട് മടങ്ങി വരുവാൻ നിർബന്ധിച്ചു. എങ്കിലും താൻ പിടിച്ച ഉപദേശ സത്യങ്ങൾക്ക് വേണ്ടി നിവരേ നിൽക്കുകയും തത്‌ഫലമായി തന്നെ ദഹിപ്പിച്ചു കൊല്ലുവാൻ അവർ തീരുമാനിക്കുകയും ചെയ്തു. ദഹിപ്പിക്കുവാനുള്ള സ്ഥലത്തേക്ക് പോകുന്ന വഴിയിൽ താൻ പ്രസന്ന വദനനായി മുട്ടിന്മേൽ നിന്ന് പ്രാർത്ഥിച്ചു. തുടർന്ന് ശാന്തനായി ശിക്ഷ നടത്തുവാനുള്ളവനെ സമീപിച്ച് ഇങ്ങനെ വിളിച്ചു പറഞ്ഞു :’എന്റെ കണ്മുൻപിൽ വച്ച് തീ കൊളുത്തുക. ഞാൻ അത് കണ്ട് ഭയപ്പെടുമോ എന്ന് അറിയാം’. ‘ഞാൻ ഇവിടെ ഇല്ല. ദൈവീക സാന്നിധ്യം ഉള്ളവനെന്ന് അറിയപ്പെടേണം’ എന്നും പറഞ്ഞു.

ഡേവിഡ് ലിവിങ്സ്റ്റൺ : തെക്കേ ആഫ്രിക്കയിൽ മിഷനറിയായിപ്പോയ താൻ വളരെ ക്ലേശങ്ങൾ സഹിച്ചു ത്യാഗത്തോടെ ദൈവീക പ്രവർത്തനത്തിൽ ഏർപ്പെട്ടു. 1873 മെയ് മാസത്തിൽ ഒരു ദിവസം തന്റെ അയൽക്കാരൻ ചെന്ന് നോക്കുമ്പോൾ തന്റെ കിടക്കയിൽ മുട്ടിന്മേൽ മരിച്ചവനായി തന്നെ കണ്ടെത്തി. തന്റെ പ്രാർത്ഥനയിൽ തന്നെ താൻ പ്രിയം വച്ചിരുന്ന ദൈവസന്നിധിയിൽ ചെന്നെത്തി.

പി. പി. എബ്രഹാം : എന്റെ മാതൃദേശമായ വീയപുരം പായിപ്പാട് ഉള്ളുവിരുപ്പിൽ പരേതനായ എബ്രഹാം അവർകൾ കാൻസർ രോഗബാധിതനായി അത്യാസന്ന നിലയിൽ മരണത്തോട് അടുത്ത് കിടന്ന അവസരത്തിൽ തന്റെ ഇളയ സഹോദരൻ പാ. പി. പി. മാത്യു, പാ. എ. സി. തോമസുമായി പ്രാർത്ഥിക്കുവാൻ ഭവനത്തിൽ വന്നു. ഈ അവസരം കട്ടിലിൽ വളരെ സ്ഥലം ഉണ്ടായിട്ടും രോഗിയായ ജ്യേഷ്ഠൻ കട്ടിലിന്റെ അരികിലോട്ട് ചേർന്ന് കിടക്കുന്നത് എന്തിനാണെന്ന് ചോദിക്കുകയുണ്ടായി. അപ്പോൾ ആ പിതാവ് പറഞ്ഞത് ഇപ്രകാരം ആയിരുന്നു: ‘ദൈവദൂതന്മാർ എന്നെ എതിരേൽക്കാൻ വന്നിരിക്കുന്നു. എന്റെ കട്ടിലിൽ അവർ ഇരിക്കുന്നു. അവർ ഇരിക്കേണ്ടതിന് ഞാൻ ഒഴിഞ്ഞു കിടക്കുകയാണ്’. തന്നെയുമല്ല, ക്യാൻസർ വ്രണത്തിൽ നിന്ന് ഒഴുകുന്നത് കൊണ്ട് തന്നെ തന്റെ വെള്ള വസ്ത്രത്തിന്റെ നിറവും മാറിക്കൊണ്ടിരുന്നു. തുടർന്ന് താൻ പറഞ്ഞു : ‘താമസം കൂടാതെ എൻറെ പ്രിയന്റെ മുൻപിൽ ഞാൻ വെണ്മയുള്ള വസ്ത്രം ധരിച്ചു കൊണ്ട് മറ്റ് വിശുദ്ധന്മാരോട് ചേർന്ന് ഹല്ലേലുയ്യാ പാടും’.
തുടർന്ന് തൻറെ ഇളയ മകൾ കുഞ്ഞുമോളെ (മേരി എബ്രഹാം, ഇപ്പോൾ അമേരിക്കയിൽ ഹൂസ്റ്റൺ പട്ടണത്തിൽ താമസിക്കുന്നു) അടുക്കൽ നിർത്തി 23-)o സങ്കീർത്തനം നിർത്താതെ വായിച്ചു കൊണ്ടിരിക്കാൻ പറയുകയും തദവസരം താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ പ്രവേശിക്കുകയും ചെയ്തു.
തന്റെ ജ്യേഷ്ഠസഹോദരനിൽ നിന്ന് അന്ത്യസമയത്ത് ലഭിച്ച പ്രത്യാശയുടെ വാക്കുകളായിരുന്നു പാ. പി. പി. മാത്യു അവർകൾക്ക് ‘ലോകേ ഞാനെൻ ഓട്ടം തികച്ചു … ദൂത സംഘമാകവേ എന്നെ എതിരേൽക്കുവാൻ’ എന്ന പാട്ട് ആത്മാവിൽ പാടുവാനും എഴുതുവാനും മുഖാന്തരമായി തീർന്നത്.

ലൂതറിന്റെ അന്തിമവാചകങ്ങൾ : ‘പിതാവേ, എന്റെ ആത്മാവിനെ സ്വീകരിക്കേണമേ. നിന്റെ കൈകളിൽ എന്റെ ആത്മാവിനെ ഞാൻ ഭരമേല്പിക്കുന്നു’.

കുക്കുമാന്റെ ഉറപ്പ് : ആൽഫ്രഡ്‌ കുക്കുമാൻ മരിക്കുമ്പോൾ ഇപ്രകാരം പറഞ്ഞു :’കുഞ്ഞാടിന്റെ രക്തത്താൽ കഴുകപ്പെട്ട ഗേറ്റിൽ കൂടെയാണ് എന്റെ യാത്ര’.

റിഡ്ഡൺ ടാരാക്കോട്ട് : ‘കരയുന്ന സ്നേഹിതരിൽ നിന്നും വേർപെട്ട് ഞാൻ സന്തോഷിക്കുന്ന വിശുദ്ധന്മാരോട് ചേരട്ടെ : ദൂതന്മാർ എന്നെ അഭിവാദനം ചെയ്യുന്നു’.

വില്യം കേറി : ‘അരിഷ്ടനും സാധുവും നിരാംബലനും പുഴുവുമായ ഞാൻ അവിടുത്തെ കരുണാർദ്രമായ കരങ്ങളിൽ ചായുന്നു’.

Leave a Comment

Your email address will not be published. Required fields are marked *

two × 3 =

error: Content is protected !!