മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (80)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (80)
പാ. വീയപുരം ജോർജ്കുട്ടി

വിശുദ്ധ പൗലോസ് : “ഞാനോ ഇപ്പോൾ തന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു; അത് നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നൽകും; എനിക്ക് മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയം വച്ച ഏവർക്കും കൂടെ” (2 തിമോ :4:6-8).
ഒരിക്കൽ മരണത്തോടടുത്ത ദൈവഭക്തനായ ഒരാളിനോട് തന്റെ സ്നേഹിതൻ പറഞ്ഞു, ‘നീ ഇപ്പോഴും ജീവനുള്ളവരുടെ ദേശത്താണല്ലോ’ എന്ന്. അതിന് അദ്ദേഹം മറുപടി കൊടുത്തത്, ‘അല്ല ഞാനിപ്പോഴും മരണമുള്ളവരുടെ ദേശത്താണ്. എന്നാൽ ഏറെ താമസിക്കാതെ ഞാൻ ജീവനുള്ളവരുടെ ദേശത്ത് എത്തിച്ചേരും’.

ജോൺ ഹാർപ്പ് : ഒരു കപ്പലപകടത്തിലാണ് താൻ മരിച്ചത്. കടലിൽ മുങ്ങിത്താഴുന്നതിന് മുൻപ്, തിരമാലയടിച്ച് കപ്പലപകടത്തിൽപെട്ട ഒരു യുവാവ് തന്റെ മുൻപിൽ വന്നുപെട്ടു. ആ അവസരത്തിലും ജോൺ ഹാർപ്പ് ആ യുവാവിനോട്, ‘അല്ലയോ യുവാവേ, നീ രക്ഷിക്കപെട്ടുവോ ?’ എന്ന് ചോദിച്ചു. ഇപ്രകാരം തിരമാലയിൽപെട്ടു തന്റെ മുൻപിൽ വന്ന മൂന്ന് പ്രാവശ്യവും ഈ ചോദ്യം താൻ ആവർത്തിക്കുകയും ജോൺ ഹാർപ്പ് കടലിൽ താണ് പോകുകയും ചെയ്തു. ചില നാളുകൾക്ക് ശേഷം, രക്ഷപെട്ട ഈ യുവാവ് കാലിഫോർണിയയിൽ നടന്ന ഒരു യോഗത്തിൽ വച്ച് ഇപ്രകാരം സാക്ഷി പറഞ്ഞു : കടലിൽവച്ചുള്ള ജോൺ ഹാർപ്പിന്റെ ചോദ്യമാണ് രക്ഷയിങ്കലേക്ക് വഴി നടത്തിയത് എന്ന്.

ഫിലിപ്പ്സ് ബ്രൂക്ക്സ് : താൻ അത്യാസന്ന നിലയിൽ കിടക്കുമ്പോൾ തന്നെ കാണുവാൻ നിരവധി ആളുകൾ വന്നിരുന്നു. ഡോക്ടർ പറഞ്ഞതനുസരിച്ച് എല്ലാവരെയും തന്റെ കിടക്കയുടെ അടുത്തേക്ക് കടത്തി വിട്ടിരുന്നില്ല. എന്നാൽ വരുന്നവരുടെ പേര് വിവരം മന്ത്രിയെ അറിയിച്ചിരുന്നു. ഈ അവസരം നിരീശ്വരവാദിയായ ഇൻഗർസോൾ തന്നെ കാണുവാനായി വന്നു. മന്ത്രി തന്നെ സന്ദർശിക്കുവാൻ അദ്ദേഹത്തെ അനുവദിച്ചു. അടുത്ത് നിന്നവർ ചോദിച്ചു, ‘പലർക്കും അനുമതി കൊടുക്കാതിരുന്നപ്പോൾ എന്ത് കൊണ്ട് ഇൻഗർസോളിനെ അനുവദിച്ചു’ എന്ന്. ഉടനെ മന്ത്രി പറഞ്ഞത് : ‘നേരത്തെ വന്ന പലരും രക്ഷിക്കപെട്ടവരാണ്. എനിക്ക് അവരെ അക്കരനാട്ടിൽ ചെന്ന് വീണ്ടും കാണാം. എന്നാൽ ദൈവനിഷേധിയായ ഇൻഗർസോൾ ഞാൻ ചെന്ന് ചേരുന്നിടത്ത് വരുന്ന ആളല്ല. അത് കൊണ്ട് ഇവിടെവച്ച് ഒന്ന് കൂടി കാണാം എന്നുള്ളത് കൊണ്ട് അനുമതി കൊടുത്തതാണ്!’

വോൾട്ടയർ : നാസ്തികനായിരുന്ന വോൾട്ടയറിന്റെ അന്ത്യവാചകങ്ങൾ :’യേശുവേ, ദൈവമേ, ഞാനിതാ ദൈവത്താലും മനുഷ്യനാലും കൈവിടപ്പെട്ടവനായി മരിക്കുന്നു.’ തന്റെ മരണകിടക്കയിൽ ശുശ്രുഷിച്ച നേഴ്‌സ് പറഞ്ഞത്, ‘യൂറോപ്പിലെ സകല സമ്പത്തും തരാമെന്ന് പറഞ്ഞാലും ഒരു നിരീശ്വരന്റെ മരണം കാണുവാൻ ഇനിയും എനിക്ക് കഴിയുകയില്ല’. കാരണം, വോൾട്ടയറിന്റെ അന്ത്യം അത്ര ശോചനീയം ആയിരുന്നു.

ഡി. എൽ. മൂഡി (1837-’99) : തന്റെ മരണത്തിന് മുൻപ് താൻ പറഞ്ഞു : ‘ഡി. എൽ. മൂഡി മരിച്ചു എന്ന വാർത്ത ന്യൂസ്പേപ്പറിൽ കൂടെ നിങ്ങൾ വായിക്കും. എന്നാൽ നിങ്ങൾ അത് വിശ്വസിക്കരുത്. ഡി .എൽ. മൂഡി ഇപ്പോഴുള്ളതിനേക്കാൾ അധികമായി ജീവനിലേക്കു പ്രവേശിക്കുവാൻ പോകുകയാണ്. ഈ മൺകൂടാരത്തിൽ നിന്ന് സ്രേഷ്ഠമായ പദവിയിൽ ഞാൻ എത്തിയിട്ടുണ്ട്; നശ്വരതയിൽ നിന്ന് അനശ്വരതയിലേക്ക് ആ ശരീരത്തെ സ്പര്ശിക്കുവാൻ മൃത്യുവിന് കഴിയുകയില്ല. പാപത്തിന് അതിനെ മലിനമാക്കുവാനും സാദ്ധ്യമല്ല. എന്റെ പ്രിയന്റെ മഹത്വപൂർണ്ണമായ ശരീരത്തിന് അനുരൂപമായി രൂപാന്തരപ്പെടുന്ന ശരീരമായിരിക്കും അത്. 1837 ൽ ഞാൻ ജഡപ്രകാരം ജനിച്ചു. 1856 ൽ ഞാൻ വീണ്ടും ജനനം പ്രാപിച്ചു. ജഡത്താൽ ജനിച്ചത് മരണപ്പെട്ടേക്കാം, എന്നാൽ ആത്മാവിനാൽ ജനിക്കപ്പെട്ടത് ഇന്നും എന്നേക്കും ജീവിക്കും’.

പ്രവാചകനായ ബിലെയാം ആഗ്രഹിച്ചത് പോലെ നമുക്കും ആഗ്രഹിക്കാം. “ഭക്തന്മാർ മരിക്കും പോലെ ഞാൻ മരിക്കട്ടെ; എന്റെ അവസാനം അവന്റേത് പോലെ ആകട്ടെ”. നാം ആഗ്രഹിക്കുക മാത്രമല്ല, ഭക്തരായി ജീവിച്ചു ഭക്തരായി ജീവിതം അവസാനിക്കുകയും ചെയ്യട്ടെ.

Leave a Comment

Your email address will not be published. Required fields are marked *

five × 3 =

error: Content is protected !!