‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (38)

റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (38)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

2:1 മുകളിൽ പറഞ്ഞ വാദഗതിയുടെ ഉറപ്പിക്കലാണിത്. മുഖപക്ഷമില്ല. ദിവ്യ ന്യായാധിപനെ കൈക്കൂലി കൊണ്ട് സ്വാധീനിക്കാനാവില്ല. ബാഹ്യമായ അവസ്ഥ, ജാതി, വർണ്ണം, ദേശം ഇവയൊന്നും അവന്റെ വിധിയെ ബാധിക്കുന്നില്ല.
2:12 ന്യായപ്രമാണം കൂടാതെ നശിച്ചു പോകും… ഈ ഭാഗത്ത് യഹൂദന്റെ കുറ്റം സ്ഥാപിക്കുന്നതോടൊപ്പം ശിക്ഷാവിധിയുടെ പ്രഖ്യാപനത്തിൽ ദൈവീക നടപടിയും സ്ഥാപിക്കുവാൻ ശ്രമിക്കുകയാണ് പൗലോസ്. ഇവിടെ അപ്പോസ്തോലൻ തെളിയിക്കുന്നത് ദൈവത്തിന്റെ ന്യായവിധി ലഭിച്ച വെളിച്ചത്തിന് അനുസാരമായിരിക്കും എന്നാണ്. പ്രത്യേക വെളിപ്പാട് ലഭിക്കാത്ത ജാതികൾ, പ്രകൃതിയുടെ വെളിച്ചത്തിൽ ന്യായം വിധിക്കപ്പെടും. നേരെ മറിച്ച്, ന്യായപ്രമാണം പ്രാപിച്ച യഹൂദൻ അവന് ലഭിച്ച വെളിച്ചമനുസരിച്ച് ന്യായം വിധിക്കപ്പെടും. വലിയ പദവികൾക്ക് വലിയ ഉത്തരവാദിത്വമാണ്. ചുരുക്കത്തിൽ രണ്ട് കൂട്ടരും കൂട്ടുകാരാണ്. (ലൂക്കോസ് :12:47,48)

2:13 ന്യായപ്രമാണം കേൾക്കുന്നവരല്ല ആചരിക്കുന്നവരത്രെ നീതികരിക്കപ്പെടുന്നത്.
ന്യായപ്രമാണം കേട്ടാൽ പോരാ അനുസരിക്കണം. (യാക്കോബ് :1:22-25). വാക്യം 12 ൽ ന്യായപ്രമാണത്തിന്റെ കൈവശാവകാശം ഒരുവനെ നീതികരിക്കുന്നില്ല എന്ന് തെളിയിക്കുന്നു. ന്യായപ്രമാണച്ചുരുളുകൾ വിരളമായിരുന്ന അക്കാലത്ത് പരസ്യവായന ആരാധനയുടെ ഒരു പ്രധാന ഭാഗമായിരുന്നു. അങ്ങനെ സിനഗോഗിൽ വായിച്ച ഭാഗങ്ങളെ കുറിച്ച് പുതിയനിയമത്തിൽ പരാമർശിക്കുന്നുണ്ട്. ഇത്തരം പരസ്യവായനയ്ക്ക് അതിഥികളെ ക്ഷണിക്കുമായിരുന്നു. ‘ന്യായപ്രമാണം’ എന്ന വാക്ക് ഈ അദ്ധ്യായത്തിൽ 19 പ്രാവശ്യവും, ഈ ലേഖനത്തിൽ 75 പ്രാവശ്യവും കാണുന്നു.
2:14 ന്യായപ്രമാണമില്ലാത്ത ജാതികൾ തങ്ങൾക്ക് തന്നെ ഒരു ന്യായപ്രമാണമാക്കുന്നു.
പുറജാതിക്ക് എഴുതപെട്ട ഒരു ന്യായപ്രമാണം ഇല്ല. എങ്കിലും ധാർമ്മിക പ്രമാണം സൃഷ്ട്ടാവിനാൽ അവരിൽ എഴുതപ്പെട്ടിരിക്കുന്നതിന്റെ തെളിവാണ് അവരുടെ പ്രവർത്തനങ്ങളും ഈ ന്യായപ്രമാണത്തിന്റെ ഭാഗികവും ബാഹ്യവുമായ അവരുടെ അനുസരണം ദൈവത്തിന് പ്രസാദകരമാകുന്നു എന്ന് പൗലോസ് പറയുന്നില്ല. മോശയുടെ ന്യായപ്രമാണം ലഭിച്ചിട്ടില്ലാത്ത ജാതികൾക്ക് ആന്തരികമായ ഒരു ന്യായപ്രമാണം, അലിഖിതമായ ഒരു പ്രമാണം ഉണ്ട്. ന്യായപ്രമാണം ഒന്നേയുള്ള ജാതികൾക്ക് അത് ഭാഗികമായി ആന്തരികമായി വെളിപ്പെടുത്തിയിരിക്കുമ്പോൾ യഹൂദന് അത് മോശ വെളിപ്പെടുത്തി.
അശുദ്ധിയെ പ്രോത്സാഹിപ്പിക്കുകയും സദ്ഗുണങ്ങളെ തരം താഴ്ത്തുകയും ചെയ്യുന്ന ജാതിയുമില്ല, കുലപാതകത്തെ പ്രോത്സാഹിപ്പിക്കുകയോ വ്യഭിചാരത്തെ അംഗീകരിക്കുകയോ ചെയ്ത ഒരു ജാതിയുമില്ല. എഴുതപെട്ട പ്രമാണമില്ലെങ്കിലും അവരുടെ പ്രകൃതിയിൽ ഒരു ന്യായപ്രമാണം എഴുതിയിരിക്കുന്നതായി മനസ്സിലാക്കാം.

Leave a Comment

Your email address will not be published. Required fields are marked *

one × two =

error: Content is protected !!