മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (83)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (83)
പാ. വീയപുരം ജോർജ്കുട്ടി

23
ദൈവാലയത്തിൽ കത്തിയെരിഞ്ഞ കരിന്തിരി

മോശയ്ക്ക് യഹോവയായ ദൈവം സമാഗമനകൂടാരവും അതിലെ ഉപകരണങ്ങളും സംബന്ധിച്ച് വിശദീകരണങ്ങൾ നൽകുമ്പോൾ വിശുദ്ധ സ്ഥലത്തെ ഉപകരണങ്ങളിൽ ഒന്നായിരുന്നു തങ്കനിർമ്മിതമായ നിലവിളക്ക്. ഇതിന്, നടുവിലുള്ള പ്രധാന തണ്ടും രണ്ട് പാർശ്വങ്ങളിലും കൂടി ആറ് ശാഖകളും ഉണ്ടായിരിക്കണം. ഇങ്ങനെ മൊത്തം ഏഴു ശാഖകളോട് കൂടിയ നിലവിളക്കായിരുന്നു വിശുദ്ധ സ്ഥലത്തിന് പ്രകാശം നൽകിയിരുന്നത്. (പുറ :25:31-40, 37:17-24). ഈ വിളക്ക് നിരന്തരം കത്തികൊണ്ടിരിക്കേണ്ടതിന് യിസ്രായേൽ മക്കൾ വിളക്കിന് ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ ആലയത്തിൽ കൊണ്ട് കൊടുക്കണമായിരുന്നു (പുറ :27:20)
ഈ ദീപം കത്തിക്കുമ്പോൾ കൃപാസനം ഇരിക്കുന്ന സ്ഥലത്തോട്ട് അല്ലെങ്കിൽ മുൻപോട്ട് പ്രകാശിപ്പാൻ തക്കവണ്ണമായിരുന്നു ദീപങ്ങളെ കൊളുത്തേണ്ടിയിരുന്നത് (പുറ : 25:37, സംഖ്യാ :8:2)
ഈ നിലവിളക്കിന്റെ പ്രധാന തണ്ട് യേശുക്രിസ്തുവിനെ കാണിക്കുന്നു. യേശു തന്നെ പറഞ്ഞു (യോഹ :8:12), “ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു”. ഇതിൽ നിന്ന് പുറപ്പെടുന്ന ആറ് തണ്ടുകൾ വിശ്വാസികളെയും കാണിക്കുന്നു. കർത്താവ് പറഞ്ഞു (മത്തായി :5:14), “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു” (ഫിലി :2:15) പ്രധാന തണ്ടിൽ വസിച്ചു കൊണ്ട് വേണം മറ്റ് തണ്ടുകളും നിൽക്കേണ്ടത് (യോഹ :15:4). ഇതിൽ പകരുന്ന എണ്ണ പരിശുദ്ധാത്മാവിനെയാണ് കാണിക്കുന്നത്.
യേശുക്രിസ്തുവാകുന്ന വലിയ പ്രകാശത്തിൽ വസിച്ചു കൊണ്ട് പരിശുദ്ധാത്മാവിന്റെ സഹായത്താൽ വിശ്വാസികളാകുന്ന ഓരോരുത്തരും നിരന്തരം പ്രകാശിക്കുന്നവർ ആയിരിക്കണം.
ഇപ്രകാരം നിരന്തരം നിലവിളക്ക് കത്തികൊണ്ടിരിക്കുന്നതിനാൽ അതിന്റെ തിരിയുടെ അറ്റം കരിന്തിരിയായി മാറ്റപ്പെടും. ഈ അവസരം പുരോഹിതന്മാർ ഇതിൽ നിന്ന് കരിന്തിരി മുറിച്ചു മാറ്റണം.
നമ്മുടെ വീടുകളിൽ ഇലക്ട്രിസിറ്റി വരുന്നതിന് മുൻപ് തിരിയിട്ട മണ്ണെണ്ണവിളക്കുകളായിരുന്നു ഉപയോഗിച്ചിരുന്നത്. അക്കാലത്ത് വിളക്കിൽ കരിന്തിരി കാണുമ്പോൾ ഒന്നുകിൽ കൈകൊണ്ട് തട്ടിക്കളയുകയോ അല്ലെങ്കിൽ കത്രിക കൊണ്ട് മുറിച്ചു മാറ്റുകയോ ചെയ്യും.

എന്നാൽ ദൈവാലയത്തിൽ കത്തിയെരിഞ്ഞ കരിന്തിരി അങ്ങനെ നിസ്സാരമായി തള്ളിക്കളയുവാൻ ദൈവം അനുവദിക്കുകയില്ല. അത് ദൈവാലയത്തിൽ ചില നാളുകൾ പ്രകാശം പരത്തിയതാണ്. അതിനാൽ അതിനെ തങ്കച്ചവണകൾ ഉപയോഗിച്ച് തങ്കപാത്രത്തിലാണ് ശേഖരിക്കുന്നത് (പുറ :25:38,39)
ദൈവസഭയാകുന്ന ദൈവാലയത്തിൽ പ്രകാശം പരത്തിയ അനേക ദൈവദാസന്മാരെ അവരുടെ വാർദ്ധ്യക്യത്തിൽ ആദരിക്കുകയോ അർഹമായ സ്ഥാനങ്ങൾ നൽകുകയോ ചെയ്യാതെ നിസ്സാരമായി കാണുന്ന പ്രവണത നല്ലതല്ല. എന്നാൽ മനുഷ്യർ ആദരിച്ചില്ലെങ്കിലും, ദൈവം അവരുടെ ശുശ്രുഷ തീരുമ്പോൾ തങ്കച്ചവണകൊണ്ട് അറുത്ത് തങ്കപാത്രത്തിൽ സ്വർഗ്ഗസ്ഥലങ്ങളിൽ സൂക്ഷിക്കും എന്നുള്ളതിന് രണ്ട് പക്ഷമില്ല. ആകയാൽ നമ്മെ മാനിക്കുന്ന ഒരു ദൈവം ഉണ്ടെന്നറിഞ്ഞ് യോഹന്നാൻ സ്നാപകനെപോലെ കത്തിജ്വലിക്കുന്ന വിളക്കായി പ്രകാശം പരത്തി നമുക്കും മുന്നേറാം. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

Leave a Comment

Your email address will not be published. Required fields are marked *

twenty − six =

error: Content is protected !!