മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (84)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (84)
പാ. വീയപുരം ജോർജ്കുട്ടി

24

മരണത്തിന് മുൻപ് ഭ്രഷ്ടന്മാർ മാർഗ്ഗം ചിന്തിക്കണം

രിക്കൽ ദാവീദ് രാജാവിന്റെ അടുക്കൽ തെക്കോവക്കാരിയായ ഒരു സ്ത്രീ വന്ന് വിവേകത്തോട് കൂടി ഇപ്രകാരം പറഞ്ഞു (2 സാമു :14:14) : “നാം മരിക്കേണ്ടവരല്ലോ; നിലത്ത് ഒഴിച്ച് കളഞ്ഞതും വീണ്ടും ചേർത്ത് കൂടാത്തതുമായ വെള്ളം പോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തു കളയാതെ ഭ്രഷ്ടനായവൻ തനിക്ക് ഇനിയും ഭ്രഷ്ടനായിരിക്കാതെവണ്ണം മാർഗ്ഗം ചിന്തിക്കുന്നു”.
ദാവീദ് രാജാവിന്റെ മകൻ അബ്ശാലോം, തന്റെ സഹോദരിയായ താമാറിനെ അപമാനിച്ച തന്റെ സഹോദരൻ കൂടിയായ അമ്നോനെ ബാല്യകാരെക്കൊണ്ട് അടിച്ചു കൊന്നതിനെത്തുടർന്ന് ദാവീദിനെ ഭയപ്പെട്ട് ഗെരൂരിലേക്ക് ഓടിപോയി മൂന്ന് സംവത്സരം അവിടെ താമസിച്ചു. നാളുകൾ കഴിഞ്ഞപ്പോൾ മരിച്ചു പോയ അമ്നോനെ കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വരുകയും, നാട് വിട്ട് ഓടിപ്പോയ മകൻ അബ്ശാലോമിനെ കാണ്മാൻ ദാവീദ് ആഗ്രഹിക്കുകയും ചെയ്തു.
ഈ വസ്തുത മനസ്സിലാക്കിയ സൈന്യാധിപനായ യോവാബ്, അബ്ശാലോമിനെ മടക്കി വരുത്തേണ്ടതിനായി ചില തന്ത്രങ്ങൾ മനയുകയും തെക്കോവയിലുള്ള വിവേകവതിയായ ഒരു സ്ത്രീയെക്കൊണ്ട് ദാവീദിനെ ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതാണ് സന്ദർഭം. അവൾ പറയുന്നത്, ‘നാം മരിക്കേണ്ടുന്നവരാണ്. എന്നാൽ മരണത്തിന് മുൻപായി ഭ്രഷ്ടനായവൻ ഇനിയും ഭ്രഷ്ടനായിരിക്കതവണ്ണം മാർഗ്ഗം ചിന്തിക്കണം’.
തിരുവചനം പറയുന്നു (സങ്കീ :58:3) : “ദുഷ്ടന്മാർ ഗർഭം മുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു; അവർ ജനനം മുതൽ ഭോഷ്ക്ക് പറഞ്ഞു തെറ്റി നടക്കുന്നു”. ആദാമ്യ പാപത്താൽ എല്ലാവരും ദൈവത്തിൽ നിന്ന് അകന്ന് ഭ്രഷ്ടന്മാരായി തീർന്നു. റോമർ :3:10-12 – “നീതിമാൻ ആരുമില്ല, ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവനില്ല, ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴി തെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു.” റോമർ :3:23 – “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ്‌ ഇല്ലാത്തവരായി തീർന്നു”
ദൈവത്തിൽ നിന്ന് ഭ്രഷ്ടരായ മനുഷ്യർ ഭ്രഷ്ടരായി തന്നെ തുടരുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. ഭ്രഷ്ടന്മാരെ മടക്കി വരുത്തി ശേഖരിക്കുന്നവനാണ് നമ്മുടെ ദൈവം. (യെശ :56:8, നെഹെ :1:9). ദൈവത്തിൽ നിന്ന് അകന്ന് പോയ മനുഷ്യനെ ദൈവത്തിങ്കലേക്ക് മടക്കിവരുത്തുവാൻ ദൈവം ആഗ്രഹിക്കുകയും അതിന് വേണ്ടി ദൈവത്തിന്റെ ഏകജാതനായ പുത്രനെ നമുക്കായി ഏല്പിച്ചു തരികയും ചെയ്തു.
മക്കൾ ജഡരക്തങ്ങളോട് കൂടിയവർ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോട് കൂടിയവനായി ഈ ഭൂമിയിൽ അവതരിച്ചു (എബ്രാ :2:14). “അവൻ (യേശു) ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്ത് മനുഷ്യസാദൃശ്യത്തിലായി” (ഫിലി :2:6,7). “യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേൽ ചുമത്തി” (യെശ :53:6). “തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുവാൻ അയച്ചത് തന്നെ സാക്ഷാൽ സ്നേഹം ആകുന്നു” (1 യോഹ :4:10). “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു. പാപത്തിന് ജഡത്തിൽ ശിക്ഷ വിധിച്ചു” (റോമർ :8:3)
“‘മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപെട്ടവൻ’ എന്ന് എഴുതിയിരിക്കുന്നത് പോലെ ക്രിസ്തു നമുക്ക് വേണ്ടി ശാപമായി തീർന്നു” (ഗലാ :3:13). “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന് അവൻ നമുക്ക് വേണ്ടി പാപം ആക്കി” (2 കോരി :5:21). “നാം പാപം സംബന്ധിച്ച് മരിച്ച് നീതിക്ക് ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്ന് കൊണ്ട് ക്രൂശിന്മേൽ കയറി” (1 പത്രോസ് : 2:24). ഏകജാതൻ നമുക്കായി ആദ്യജാതനായി, സമ്പന്നൻ ദരിദ്രനായി, തേജസ്സുള്ളവൻ വിരൂപനായ, ദൈവപുത്രൻ മനുഷ്യപുത്രനായി, ഉന്നതൻ താഴ്ചയുള്ളവനായി, ദൂതന്മാരുടെ ആരാധനാപാത്രം മനുഷ്യരുടെ നിന്ദാപാത്രമായി, പാപമില്ലാത്തവൻ നമുക്കായി പാപമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

3 × one =

error: Content is protected !!