മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (86)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (86)
പാ. വീയപുരം ജോർജ്കുട്ടി

സങ്കേതനഗരത്തിന്റെ പടിവാതില്ക്കൽ പട്ടുപോകയോ ?

നഃപൂർവ്വമല്ലാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയാൽ ഓടിപോയി രക്ഷപെടുവാൻ വേണ്ടി ദൈവം യോശുവ മുഖാന്തരം ആറ് സങ്കേതനഗരങ്ങൾ നിശ്ചയിച്ചു വേർതിരിച്ചിരുന്നു (യോശുവ :20:1-9). സങ്കേതനഗരത്തിൽ ഒരാൾ പ്രവേശിച്ചു കഴിഞ്ഞാൽ പ്രതികാരകന് പിന്നീട് അവന്റെമേൽ പ്രതികാരം നടത്തുവാൻ അനുവാദമില്ലായിരുന്നു. ഇപ്രകാരം വേർതിരിച്ച സങ്കേതനഗരങ്ങളിൽ ഒന്നായിരുന്നു യഹൂദമലനാട്ടിലെ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ
യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗൽ അനുസരണക്കേട് കാണിച്ചു ദൈവവഴിയിൽ നിന്ന് വ്യതിചലിച്ചപ്പോൾ ദൈവം രാജത്വം യിശ്ശായിയുടെ മകനായ ദാവീദിന് നൽകി. എന്നാൽ ആരംഭ നാളുകളിൽ യിസ്രായേൽ സമ്പൂർണ്ണമായി ദാവീദിനെ അംഗീകരിക്കാതെ എതിർത്ത് നിൽക്കുകയും, ശൗലിന്റെ സൈന്യാധിപനായിരുന്ന അബ്‌നെർ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു (2 സമു :2:8,9)
പിന്നീടുള്ള ദീർഘകാലം ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധങ്ങൾ നടന്നു. ഈ യുദ്ധങ്ങളിൽ ശൗലിന്റെ ഗൃഹം ക്ഷയിച്ചും ദാവീദിന് ബലം കൂടികൂടിയും വന്നു. (2 സമു :3:1). ഇപ്രകാരം നടന്ന യുദ്ധത്തിൽ ദാവീദിന്റെ സൈന്യാധിപനായിരുന്ന യോവാബിന്റെ സഹോദരൻ അസാഹേൽ അബ്‌നേരിന്റെ കയ്യാൽ പട്ട് പോകുകയും ചെയ്തിരുന്നു. അന്ന് മുതൽ അബ്‌നേരിനോട് യോവാബ് ഉള്ളിൽ പകവച്ച് കൊണ്ട് ജീവിക്കുകയായിരുന്നു.
ഈ അവസരത്തിൽ അബ്‌നെർ ദാവീദിനെ കാണുവാൻ ഹെബ്രോനിൽ ചെല്ലുകയും യിസ്രായേൽ ജനം ഒന്നായി ദാവീദിനെ രാജാവായി അംഗീകരിക്കുവാൻ തീരുമാനമെടുക്കുകയും, ദാവീദ് അവർക്ക് ഒരു വലിയ വിരുന്ന് ഒരുക്കുകയും അവരെ സന്തോഷത്തോടെ പറഞ്ഞയക്കുകയും ചെയ്തു. ആ സമയത്ത് യോവാബ് അവിടെ ഇല്ലായിരുന്നു. എന്നാൽ താൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ അബ്‌നെർ വന്ന വിവരവും രാജാവ് സന്തോഷത്തോടെ യാത്രയയച്ച വിവരവും മനസ്സിലാക്കി ഉള്ളിൽ നീരസം ഉള്ളവനായി അബ്‌നേരിന്റെ പിന്നാലെ ദൂതന്മാരെ അയയ്ക്കുകയും അവനെ മടക്കി വരുത്തുകയും ചെയ്തു. അബ്‌നെർ ഹെബ്രോനിലേക്ക് മടങ്ങി വന്നപ്പോൾ, യോവാബ് സ്വകാര്യം പറയുവാൻ അവനെ പടിവാതിൽക്കൽ ഒരു ഭാഗത്തേക്ക് കൂട്ടികൊണ്ട് പോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിനായി അവിടെവച്ച് അവനെ വയറ്റത്ത് കുത്തി കൊന്ന് കളഞ്ഞു.
ഈ വിവരം ദാവീദ് അറിഞ്ഞപ്പോൾ അവൻ ഉറക്കെ കരഞ്ഞു ഒരു വിലാപഗാനം പാടി : “അബ്‌നെർ ഒരു നീചനെപോലെയോ മരിക്കേണ്ടത് ? നിന്റെ കൈ ബന്ധിച്ചിരുന്നില്ല; നിന്റെ കാലിന് ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുൻപിൽ പട്ട് പോകുംപോലെ നീ പട്ട് പോയല്ലോ” (2 സമു :3:33,34)
ദാവീദ് പാടിയതിന്റെ അർത്ഥം, ‘അല്ലയോ അബ്‌നേരെ, യോവാബ് നിന്നെ കൊല്ലുമെന്ന് അറിയാമായിരുന്നെങ്കിൽ സങ്കേതനഗരത്തിന്റെ പടിവാതിൽക്കലാണ് നീ നിന്നിരുന്നത്. നിന്റെ കൈക്ക് ബന്ധനമില്ലായിരുന്നു. നിന്റെ കാലിൽ ചങ്ങല ഇല്ലായിരുന്നു; നിനക്ക് ഓടി സങ്കേതനഗരത്തിൽ പ്രവേശിക്കാമായിരുന്നു. നിന്റെ പടിവാതിൽക്കൽ സങ്കേതനഗരം ഉണ്ടായിരിക്കെ, ലഭിച്ച അവസരം പാഴാക്കി നീചനെ പ്പോലെ മരിക്കേണ്ടിവന്നല്ലോ” എന്നാണ് (2 സമു :2:17-23, 3:19-27).
തിരുവചനം പറയുന്നു : “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു” (സങ്കീ :46:1). നമ്മുടെ സങ്കേതമായ യേശുക്രിസ്തുവിന്റെ കാൽവരിമരണത്തിൽ, മരണാസന്നരായ രണ്ട് കള്ളന്മാർ വലത്തും ഇടത്തുമായി ഉണ്ടായിരുന്നു. രണ്ട് പേർക്കും യേശുക്രിസ്തുവിനോടുള്ള അകലം തുല്യമായിരുന്നു. രണ്ട് പേരും യേശുവിന്റെ വായിൽ നിന്ന് പുറപ്പെട്ട വാക്കുകൾ കെട്ടവരാണ്. എന്നാൽ നിമിഷനേരം കൊണ്ട് ഒരു കള്ളൻ യേശുവാകുന്ന സങ്കേതത്തിൽ അഭയം പ്രാപിക്കുകയും രക്ഷപ്രാപിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

five + 12 =

error: Content is protected !!