മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (87)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (87)
പാ. വീയപുരം ജോർജ്കുട്ടി

ന്നാമതായി ആ കള്ളൻ തന്റെ തെറ്റിനെ സമ്മതിച്ച് ഏറ്റു പറഞ്ഞു. അവൻ പറഞ്ഞത്, ‘നാമോ ന്യായമായിട്ട് ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന് യോഗ്യമായതല്ലോ കിട്ടുന്നത്.’ രണ്ടാമതായി അവൻ പറഞ്ഞത്, ‘ഇവനോ (യേശുവോ) അരുതാത്തത് ഒന്നും ചെയ്തിട്ടില്ല.’ (യേശു രക്ഷിപ്പാൻ യോഗ്യൻ എന്ന് സമ്മതിച്ചു), മൂന്നാമതായി അവൻ പറഞ്ഞത്, ‘യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്ത് കൊള്ളേണമേ’, എന്ന് വച്ചാൽ ‘നീ മരിച്ചാലും ഉയിർത്തെഴുന്നേൽക്കും; നീ രാജാവായി മടങ്ങി വരും’ എന്നാണ്. യേശു അവനോട്, “ഇന്ന് നീ എന്നോട് കൂടെ പറുദീസയിൽ ഇരിക്കും എന്ന് ഞാൻ സത്യമായി നിന്നോട് പറയുന്നു” എന്ന് പറഞ്ഞു.
നോക്കുക, മരണത്തിന് അല്പം മുൻപ് കിട്ടിയ അവസരം നഷ്ടമാകാതെ ഏറ്റു പറഞ്ഞതിനാൽ നൊടിയിടയിൽ അവൻ കർത്താവിനോട് കൂടെ പറുദീസയിൽ ചെന്നു ചേർന്നു. എന്നാൽ മറ്റേ കള്ളൻ മരണസമയത്തും യേശുവിനെ നിന്ദിച്ചു നിത്യമായ നരകത്തിന് ഓഹരിക്കാരനായിത്തീരുകയും ചെയ്തു.
ഒരിക്കൽ ബില്ലി ഗ്രഹാം എന്ന പ്രസിദ്ധനായ സുവിശേഷകൻ ഒരു വലിയ ക്രൂസേഡിൽ പ്രസംഗിച്ചു കൊണ്ട് നിൽക്കുമ്പോൾ അത് വഴിയായി വന്ന ഒരു മദാമ്മ തന്റെ കാറ് നിർത്തി അല്പസമയം ദൈവവചനം ശ്രവിച്ചു. അവരോടുള്ള ദൈവീകാലോചനയായി തോന്നുകയാൽ അവർ തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു : ‘ഈ യേശുവിനെ എനിക്കും വേണം. എന്നാൽ തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റ് എടുത്തതിനാൽ ഇന്ന് ഞാൻ സിനിമയ്ക്ക് പോകുന്നു. എന്നാൽ നാളെ മുതൽ കർത്താവിനായി ജീവിച്ചു കൊള്ളാം’. അവർ സിനിമാ തിയറ്ററിലേക്ക് പോകുന്ന വഴിയിൽ വലിയൊരു അപകടം സംഭവിക്കുകയും മദാമ്മയും കാറും തരിപ്പണമാക്കുകയും ചെയ്തു. ആരോ അവരുടെ ഡയറി പരിശോധിച്ചപ്പോഴാണ് അവരെടുത്ത തീരുമാനം അറിഞ്ഞത്. നാളെ എന്നത് ഇന്ന് ആയിരുന്നുവെങ്കിൽ അവർ എത്ര ഭാഗ്യവതിയായേനെ.
മറ്റൊരിക്കൽ, വലിയ ഉണർവ്വ് പ്രസംഗകനായ ഡി. എൽ. മൂഡി ചിക്കാഗോയിൽ നടന്ന ഒരു വലിയ കൺവൻഷന്റെ സമാപനദിനത്തിൽ ‘ദൈവവിഷയമായി നല്ലൊരു തിരഞ്ഞെടുപ്പിന് വേണ്ടി ഒരാഴ്ച സമയം നിങ്ങൾക്ക് അനുവദിക്കുന്നു’
എന്ന് പറഞ്ഞു. അന്ന് വീട്ടിൽ ചെന്ന് വിശ്രമിക്കുമ്പോൾ തന്റെ മനസ്സ് അസ്വസ്ഥമായി. ഒരാഴ്ച സമയം അനുവദിച്ചത് എന്ന് തന്റെ മനസ്സ് കുറ്റപ്പെടുത്തി. ഉറക്കം വരായ്കയാൽ ടി. വി. ഓൺ ചെയ്ത് ന്യൂസ് കേൾക്കുവാൻ ഇരുന്നു. അപ്പോൾ കേട്ട വാർത്ത തന്നെ ഞെട്ടിച്ചു കളഞ്ഞു. ചിക്കാഗോ പട്ടണത്തെ നടുക്കിയ വലിയ തീപിടുത്തത്തിൽ ഏകദേശം ആയിരം പേരോളം മരിച്ചിരിക്കുന്നു. തന്റെ പ്രസംഗം കേട്ട പലരും മരിച്ചവരിലുണ്ട് എന്ന് താൻ മനസ്സിലാക്കി. അന്ന് താൻ ദൈവമുന്പാകെ ഒരു തീരുമാനമെടുത്തു. ഇനിയൊരിക്കലും ജനത്തിന് കൂടുതൽ സമയം അനുവദിക്കുകയില്ല.
മാന്യ സ്നേഹിതാ, ഒരു പക്ഷെ അടുത്തതായി കേൾക്കുന്ന വാർത്ത നീ സഞ്ചരിക്കുന്ന വാഹനം മറിഞ്ഞതായിരിക്കാം. അടുത്തതായി പള്ളിയിൽ മുഴങ്ങുന്ന മണി തന്റെ ചരമവാർത്ത വിളിച്ചു പറയുന്നതായിരിക്കാം. ആർക്കറിയാം ? ഇന്ന് തന്നെ യേശുക്രിസ്തുവിനെ രക്ഷകനായി അംഗീകരിച്ച് ഏറ്റെടുക്കുക. രക്ഷിക്കപെടുവാൻ രണ്ട് കാര്യങ്ങൾ അറിയണം. ഒന്ന്, പാപിയാണെന്നുള്ള അറിവും കുറ്റസമ്മതവും. രണ്ട്, യേശുക്രിസ്തു രക്ഷകനാണെന്ന് ഹൃദയംകൊണ്ട് വിശ്വസിക്കുകയും വായാൽ ഏറ്റു പറയുകയും വേണം.
രക്ഷയ്ക്ക് വേണ്ടി യാതൊരു പ്രവർത്തിയും ചെയ്യെണ്ടതില്ല. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ട്ടിച്ച ദൈവത്തിന് വിളക്കോ മെഴുകുതിരിയോ കത്തിക്കേണ്ടതില്ല. കോടിക്കണക്കിന് ബാരൽ എണ്ണ ഭൂമിയുടെ അടിയിൽ നിക്ഷേപിച്ചിരിക്കുന്ന ദൈവത്തിന് എണ്ണ കൊടുക്കേണ്ട കാര്യമില്ല. ഇടിവെട്ടിക്കുന്ന ദൈവത്തിന് പടക്കം പൊട്ടിക്കേണ്ട. മലകൾ കയറേണ്ട. പള്ളിക്ക് ചുറ്റും ഉരുളുകയോ മുട്ടേൽ നടക്കുകയോ ചെയേണ്ട. മരിച്ച വിശുദ്ധന്മാരുടെ പുണ്യ സ്ഥലങ്ങളിലേക്ക് കാൽനടയായി സഞ്ചരിച്ചു ചെന്ന് പ്രാർത്ഥിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ഹൃദയത്തെ ദൈവത്തിന് സമർപ്പിച്ചാൽ മതി.
സങ്കേതനഗരത്തിന്റെ പടിവാതിൽക്കൽ പട്ട് പോകാതെ ധൈര്യത്തോടെ സങ്കേതമാകുന്ന ക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കാം. അതിനായി ദൈവം സഹായിക്കട്ടെ.

Leave a Comment

Your email address will not be published. Required fields are marked *

7 + eighteen =

error: Content is protected !!