മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (90)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (90)
പാ. വീയപുരം ജോർജ്കുട്ടി

15) യേഹൂ : യഹോവയ്‌ക്ക് വേണ്ടി ശുഷ്കാന്തിയോടെ പ്രവർത്തിക്കുകയും, ദൈവത്തിന് ഇഷ്ടമുള്ളത് നല്ലവണ്ണം അനുഷ്ഠിക്കുകയും, ആഹാബ് ഗൃഹത്തിന്മേലുള്ള ദൈവീക ന്യായവിധി നല്ലവണ്ണം നടത്തിയെടുത്തു കൊണ്ട് ദൈവത്താലുള്ള അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു. (2 രാജ :10:16,30)

16) ദാനിയേൽ : ബാബിലോൺ, മേദ്യ-പാർസ്യ സാമ്രാജ്യത്തിൽ ഭരണത്തിന്റെ പ്രധാന ചുക്കാൻ പിടിച്ചിരുന്നവനും, തന്റെ ഔദ്യോഗിക ജീവിതത്തോടൊപ്പം പ്രാർത്ഥനയ്ക്ക് മുടക്കം വരുത്താതെ ദൈവവചന വായനയും ഉപവാസവും തുടരുകയും, ദൈവീക പ്രവർത്തനത്തിന് തന്റെ കഴിവും സ്വാധീനതയും ഉപയോഗിക്കാവുന്ന തലങ്ങളിൽ ഒക്കെയും പ്രയോജനപ്പെടുത്തുകയും, സാമ്രാജ്യങ്ങളും ഭരണവും മാറിമാറി വന്നിട്ടും തീരുമാനശക്തിയിൽ ഉറച്ചു നില്ക്കുകയും ശുഭപ്പെട്ടിരിക്കുകയും ചെയ്തു. ദൈവത്താൽ ‘ഏറ്റവും പ്രിയ പുരുഷനായ ദാനിയേൽ’ എന്ന അംഗീകാരവും നേടിയെടുത്തു. (ദാനി :6:28,10; 10:11)

17) നെഹെമ്യാവ്‌ : കൊട്ടാരത്തിലെ സമ്പദ്സമൃദ്ധിയിൽ മനംമയങ്ങിപ്പോകാതെ, ലഭിച്ച പദവിയിൽ തൃപ്തിയടയാതെ സ്വന്തജനത്തെയും ദേശത്തെയും കുറിച്ചുള്ള ആത്മഭാരം നിരന്തരം തന്നെ വേട്ടയാടാതിരുന്നതിനാൽ ഇടിഞ്ഞു കിടന്ന യെരുശലേമിന്റെ മതിൽ പുതുക്കി പണിയുവാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും, സ്വാധീനം ചെലുത്തുവാൻ അവസരം ലഭിച്ചപ്പോൾ അത് ഭംഗിയായി നിവർത്തിക്കുകയും ചെയ്തു (നെഹെ : 1:3, 2:1-17)

18) മൊർദ്ദെഖായി : ദൈവജനത്തെ മുഴുവൻ കൊന്ന് മുടിച്ച് അവരുടെ വസ്തുവകകൾ കയ്യടക്കുവാനും നീതിമാനായ മൊർദ്ദെഖായിയെ കഴുമരത്തിൽ തൂക്കുവാനും പദ്ധതി തയ്യാറാക്കിയ ദുഷ്ടനായ ഹാമാന്റെ പദ്ധതികളെ ദൈവാശ്രയവും പ്രാർത്ഥനയും ഉപവാസവും കയ്‌പേറിയ നിലവിളിയും കൊണ്ട് അട്ടിമറിക്കുകയും, രാജനിയമം പോലും മാറ്റിയെഴുതുകയും, യിസ്രായേൽജനത്തിന് നിരാശയും നിലവിളിയും ഉണ്ടാകേണ്ട സ്ഥാനത്ത് പ്രത്യാശയും സന്തോഷവും ലഭിക്കുവാൻ മൊർദ്ദെഖായിയുടെ തന്ത്രങ്ങൾക്ക് കഴിഞ്ഞു. യഹൂദനായ മൊർദ്ദെഖായി അഹശ്വേരേശ് രാജാവിന്റെ രണ്ടാമനും യഹൂദന്മാരിൽ വച്ച് മഹാനും സഹോദര സംഘത്തിന് ഇഷ്ട്ടനും സ്വജനത്തിന് ഗുണകാംക്ഷിയും തന്റെ സർവ്വ വംശത്തിനും അനുകൂലവാദിയുമായി ഉയർത്തപ്പെട്ടു (എസ്ഥേർ : 8:1-17, 10:3)

19) യിരെമ്യാവ്‌ : എല്ലാവരും സന്തോഷത്തിനായി പ്രാർത്ഥിക്കുമ്പോൾ കണ്ണുനീർ മാറിപ്പോകാതെ ദൈവത്തോട് ചോദിച്ചു വാങ്ങിയ പ്രവാചകനാണ് യിരെമ്യാവ്‌. ‘അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാർ നിമിത്തം രാവും പകലും കരയേണ്ടതിന് എന്റെ തല വെള്ളവും എന്റെ കണ്ണ് കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു’ എന്ന് ആഗ്രഹിക്കുകയും, കരച്ചിലിന്റെ പ്രവാചകനായി ദൈവത്തിന്റെ അരുളപ്പാടുകൾ മുഖം നോക്കാതെ അറിയിക്കുകയും ചെയ്ത ശക്തനായ പ്രവാചകനായിരുന്നു അദ്ദേഹം (യിരെ : 9:1)

20) സ്നാപകയോഹന്നാൻ : അബ്രഹാമ്യ പാരമ്പര്യത്തിൽ പ്രശംസിച്ചിരുന്ന ഒരു തലമുറയോട്, അബ്രഹാം തങ്ങൾക്ക് പിതാവായിട്ടുണ്ട് എന്ന് ഉള്ളംകൊണ്ട് പറയുവാൻ തുനിയരുതെന്നും മാനസാന്തരത്തിന് യോഗ്യമായ ഫലം കായിച്ചില്ലെങ്കിൽ അതിന്റെ ചുവട്ടിന് കോടാലി വയ്ക്കുമെന്നും തന്റേടത്തോട് കൂടെ വിളിച്ചു പറഞ്ഞവനും, പഴയ നിയമത്തെയും പുതിയനിയമത്തെയും തമ്മിൽ വലിച്ചടിപ്പിച്ചവനും, ദൈവപുത്രനായ യേശുക്രിസ്തുവിനെ സ്നാനപ്പെടുത്തിയവനുമായിരുന്നു യോഹന്നാൻ. യേശുക്രിസ്തു തന്നെ യോഹന്നാനെ കുറിച്ച് പറഞ്ഞു : “അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കായിരുന്നു” (ലൂക്കോസ് : 3:8,9; യോഹ :5:35)

21) വിശുദ്ധ പൗലോസ് : തന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന് സാക്ഷ്യം പറയേണ്ടതിന് കർത്താവായ യേശു തന്ന ശുശ്രുഷയും തികയ്ക്കണം എന്ന വാഞ്ചയാൽ പ്രാണനെ പോലും വിലയേറിയതായി എണ്ണാതെ, വിശ്രമം കൂടാതെ കർത്താവിനായി ഓടിനടന്ന് അദ്ധ്വാനിക്കുകയും, തന്റെ സ്ഥാനമാനങ്ങളും പദവികളും ചപ്പ്ചവറ് പോലെ ഉപേക്ഷിക്കുകയും, സ്വർഗ്ഗീയദർശനത്തിന് അനുസരണക്കേട് കാണിക്കാതെ വലിയവരോടും ചെറിയവരോടും സുവിശേഷം അറിയിക്കുകയും, വേല തികച്ചു എന്ന സംതൃപ്തിയോട് കൂടെ തന്റെ പ്രാണനെ പാനീയയാഗമായി ദൈവത്തിന് അർപ്പിക്കുകയും ചെയ്ത ശക്തനായ അപ്പോസ്തോലനായിരുന്നു വിശുദ്ധ പൗലോസ്.

ചോറ് വെന്തോ എന്ന് അറിയുവാൻ അതിൽ നിന്ന് ഒന്ന് രണ്ട് ചോറെടുത്ത്‌ ഞെക്കിനോക്കുന്നത് പോലെ, സാക്ഷികളുടെ വലിയൊരു സമൂഹം ദൈവത്തിനായി വിശ്രമം കൂടാതെ അത്യദ്ധ്വാനം ചെയ്തവർ നമ്മുടെ മുൻപിൽ ഉണ്ട്. അവരിൽ നിന്ന് ചിലരുടെ കാര്യം മാത്രം എടുത്തെഴുതിയെന്നേയുള്ളൂ. സമയം അധികമില്ല. വിശുദ്ധ പത്രോസ് പറയുന്നത് പോലെ, എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. നമ്മുടെ മയക്കവും, ഉറക്കവും, ഉദാസീനതയും കൈവെടിയാം. സമയം ചുരുക്കവും ദൂരം കൂടുതലും ഉള്ളത് കൊണ്ട് ഓട്ടത്തിനും പ്രവർത്തനത്തിനും വേഗത കൂട്ടാം. കൃപയിൽ ശക്തിപ്പെടാം. പ്രതികൂലങ്ങളെ കണ്ട് ഭയന്ന് നില്കാതെ ധൈര്യത്തോടെ മുന്നേറാം. അതിനായി നമ്മെ സഹായിക്കട്ടെ.

Leave a Comment

Your email address will not be published. Required fields are marked *

4 × 3 =

error: Content is protected !!