‘സഫലമീ യാത്ര …‘ – (123)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കീഴടങ്ങുക, എതിർത്ത് നിൽക്കുക
ആളുകൾ ആ മുദ്രകളെ “പിശാചിന്റെ പാദമുദ്രകൾ’, എന്നാണ് വിളിക്കുന്നത്. അമേരിക്കയിലെ ഒരു പള്ളിയുടെ സമീപം കുന്നിൻ മുകളിലുള്ള പാറയിൽ പതിഞ്ഞിരിക്കുന്ന പാദങ്ങളുടെ മുദ്രയാണത്. പ്രാദേശിക ഐതിഹ്യമനുസരിച്ചു 1740 ലാണ് ആ പാദമുദ്രകൾ പതിയുന്നത്. ആ കാലഘട്ടത്തിന്റെ അതിശക്തമായ ക്രിസ്തീയ ഉണർവ്വ് പ്രാസംഗികൻ ജോർജ് വൈറ്റ് ഫീൽഡ് ശക്തിയോടെ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ പള്ളിയുടെ മുകളിലിരുന്ന പിശാച് ഭയപ്പെട്ട് പട്ടണം വിട്ടോടുന്നതിനായി താഴേക്ക് ചാടുകയുണ്ടായി. സമീപത്തെ പാറയുടെ മുകളിലേക്കാണ് അവൻ ചാടിയത്.
അത് കേവലം ഒരു കെട്ടുകഥയാണെങ്കിലും ഈ കഥ ദൈവവചനത്തിൽ നിന്നും ധൈര്യപ്പെടുത്തുന്ന ഒരു സത്യം നമ്മെ വെളിപ്പെടുത്തുന്നു. “ആകയാൽ നിങ്ങൾ ദൈവത്തിന് കീഴടങ്ങുവീൻ; പിശാചിനോട് എതിർത്ത് നില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടി പോകും” യാക്കോബ് : 4:7
പിശാചിന്റെ മുഴുവൻ ശക്തികളോടും നമ്മുടെ ജീവിതത്തിലെ പരീക്ഷകളോടും എതിർത്ത് നില്ക്കാൻ ആവശ്യമായ ശക്തി ദൈവം നമുക്ക് നൽകിയിട്ടുണ്ട്. പരീക്ഷകൾ വരുമ്പോൾ യേശുവിങ്കലേക്ക് ഓടിയെത്തുക. അതിജീവനത്തിന് വേണ്ട ശക്തി അവിടുന്ന് നൽകും.
‘ദൈവത്തിന് കീഴടങ്ങുക’. സമ്പൂർണമായി നാം ദൈവകരങ്ങളിൽ സമർപ്പിക്കുകയും, നമ്മുടെ ഹിതങ്ങളെ ദൈവഹിതത്തിനായി സമ്പൂർണമായി കീഴ്പെടുത്തുകയും, ദൈവത്തിന്റെ പ്രമാണമായ തിരുവചനത്തിന് അനുസരിച്ച് നടക്കുകയും ചെയ്യുക എന്ന അനുഭവമാണ്. പിന്നെ യുദ്ധം ‘ദൈവത്തിന്റെയാണ്’
ബലഹീനനായ വിശുദ്ധന്റെ പ്രാർത്ഥന പിശാചിന് ഭയമത്രെ.