‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (46)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (46)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ഈ ഭാഗത്തു കാണാം ജാതിയെ പോലെ യഹൂദനും ഒരേ ശിക്ഷാവിധിയിൽ കീഴിലാകുന്നു എന്ന് തെളിയിക്കുന്നു. ഈ ഭാഗം മൂന്നായി തിരിക്കാം.
1) എല്ലാവരും പാപത്തിൽ കീഴിലാണ്. (വാ. 9)
2) ഈ വിധിയുടെ അടിസ്ഥാനം (വാ. 10-18)
3) സാർവത്രിക ശിക്ഷാവിധിയുടെ പ്രഖ്യാപനം (വാ. 19,20)

3:9 ഇത് വരെ പറഞ്ഞ കാര്യങ്ങളുടെ ചുരുക്കമാണിത്. ജാതിയെയും യഹൂദനെയും സംബന്ധിച്ച് ഒന്നും രണ്ടും അദ്ധ്യായങ്ങളിൽ പറഞ്ഞതിന്റെ സംഗ്രഹമാണിത്. ഒരു കോടതിയിൽ ഒരു അഭിഭാഷകൻ ഉന്നയിക്കുന്നത് പോലെയാണ് അപ്പോസ്തോലൻ ചെയ്യുന്നത്. മനുഷ്യൻ, അതായത് പ്രതി കുറ്റക്കാരനാണെന്ന് പൗലോസ് തെളിയിക്കുന്നു.
എല്ലാവരും (റോമറിൽ)
1) പാപം. എല്ലാവരും പാപം ചെയ്തു 3:23
2) വിധേയത്വം. എല്ലാവരും പാപത്തിൽ കീഴാകുന്നു 3:9
3) യാഗം. എല്ലാവർക്കും വേണ്ടി ഏല്പിച്ചു തന്നു.
4) ദാനം. എല്ലാം നമുക്ക് വേണ്ടി നല്കാതിരിക്കുമോ ? 8:32
5) അപേക്ഷ. വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും 10:12
6) കർതൃത്വം. എല്ലാവർക്കും കർത്താവ് ഒരുവൻ 10:12
7) പിൻബലം. സമാധാനത്തിന്റെ ദൈവം നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. 15:33

3:10-18 മനുഷ്യവർഗ്ഗം മൊത്തത്തിൽ പാപികളാണെന്ന് തിരുവെഴുത്തിൽ നിന്ന് തന്നെ തെളിയിക്കുന്നു. പൊതുവിലുള്ള പാപാവസ്ഥയെക്കുറിച്ചും പാപസ്വഭാവം (വാ. 10-12), വാക്കുകളിലുള്ള പാപത്തെക്കുറിച്ചും (വാ. 13-14), പ്രവർത്തി (നടത്തി) യിലുള്ള പാപത്തെക്കുറിച്ചും (വാ. 15-17) എല്ലാറ്റിന്റെയും ഉത്ഭവത്തെക്കുറിച്ചും (വാ. 18) ഇവിടെ പ്രതിപാദിക്കുന്നുണ്ട്.
ഒരു ന്യായാധിപൻ എന്ന നിലയിലും (വാ. 10-12) ഒരു വൈദ്യൻ എന്ന നിലയിലും (വാ. 18) ഇവിടെ സംസാരിക്കുന്നു.
മനുഷ്യന്റെ ഒരു x-ray ആണ് ഈ ഭാഗം. ഇത് ഒരു കറുത്ത പടമാണ്. അടിതൊട്ട് മുടിവരെ ഒരു സുഖവുമില്ലാത്ത അവസ്ഥാവിശേഷം (യെശ : 1:2-6)
3:10-12 ഈ ഭാഗത്തു പൗലോസ് മാലപോലെ തിരുവെഴുത്തുകൾ ഉദ്ധരിക്കുന്നു.
നന്മ ചെയ്യുന്നവനില്ല. വാ. 10 ൽ നീതിമാൻ ആരുമില്ല എന്നും വാ. 12 ൽ നന്മ ചെയ്യുന്നവൻ ആരുമില്ല എന്നും കാണുന്നു. ആദ്യത്തേത് നീതിപരമായ തത്വത്തിന്റെ അഭാവമാണെങ്കിൽ, രണ്ടാമത്തേത് അതിന്റെ പരിണിത ഫലമാണ്. അകത്തു നീതിയിലെങ്കിൽ പുറത്തു നന്മയുടെ പ്രവർത്തനങ്ങളും ഉണ്ടായിരിക്കുകയില്ല.
3:13-19 ദൈവം ഒരു വൈദ്യൻ എന്ന നിലയിൽ വെളിപ്പെടുന്നു. മനുഷ്യൻ പാപം എന്ന മഹാരോഗം പിടിപെട്ടവനായി ദൈവസന്നിധിയിൽ നിൽക്കുന്നു. ദൈവം എന്ന മഹാവൈദ്യൻ രോഗിയെ ആപാദചൂഡം പരിശോധിച്ചു വിധി പറയുന്നു. ഓരോ ശരീരഭാഗവും പരിശോധിച്ചു രോഗനിർണ്ണയം നടത്തുന്നു. സങ്കീർത്തനങ്ങളിലും യെശയ്യാ പ്രവചനത്തിലും സകല മനുഷ്യരെയും ബാധിക്കുന്ന 14 കാര്യങ്ങൾ ഇവിടെ പറഞ്ഞിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

three × 1 =

error: Content is protected !!