മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (93)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (93)
പാ. വീയപുരം ജോർജ്കുട്ടി

28
യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് നമ്മുടെ ഉയിർപ്പിന്റെ ഉറപ്പ്

യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നെല്പ്പാണ് നാമും ഉയിർത്തെഴുനേൽക്കും എന്നുള്ളതിന് നമുക്കുള്ള വ്യക്തമായ അടയാളവും ഉറപ്പും. ഇത് സംബന്ധിച്ച് വിശുദ്ധ പൗലോസ് പറയുന്നു : “മരിച്ചവരുടെ പുനഃരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടിലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം … നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശവച്ചിരിക്കുന്നുവെങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ” (1 കോരി :15:13-19)
“എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തിരിക്കുന്നു. മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനഃരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി” (1 കോരി :15:20,21)
“യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ അങ്ങനെ തന്നെ നിദ്രകൊണ്ടവരെയും യേശു മുഖാന്തരം അവനോട് കൂടെ വരുത്തും” (1 തെസ്സ :4:14)
വിശുദ്ധ പത്രോസ് പറയുന്നു : “നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വച്ചുകൊള്ളേണ്ടതിന് ദൈവം അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് എഴുന്നേൽപ്പിച്ചു, അവന് തേജസ്സ് കൊടുത്തുമിരിക്കുന്നു” (1 പത്രോസ് : 1 :21)
ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജഡാവതാരവും മരണവും ഉയിർത്തെഴുന്നേൽപ്പും കെട്ടിച്ചമച്ച നിർമ്മിതകഥയല്ല. ലോക ചരിത്രത്തെ ബി. സി. എന്നും എ. ഡി. എന്നും തിരിച്ചത് യേശുക്രിസ്തുവിനോടുള്ള ബന്ധത്തിലാണ്.
യേശുക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിലായിരുന്നുവെങ്കിൽ നമുക്കും മരിച്ചിട്ട് ഉയിർത്തെഴുനേൽക്കുവാൻ കഴിയുമായിരുന്നില്ല. യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റശേഷം നാല്പത് നാളോളം തന്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷനാകയും താൻ ജീവിച്ചിരിക്കുന്നു എന്ന് അനേക ദൃഷ്ട്ടാന്തങ്ങളാൽ അവർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. (അപ്പൊ :1:2,3)
യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് തന്റെ ശിഷ്യന്മാരിൽ ഒരുവനായ ദിദിമോസ് എന്ന തോമസിനോട് മറ്റേ ശിഷ്യന്മാർ പറഞ്ഞിട്ടും താൻ വിശ്വസിക്കാതെ ‘ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്ത് കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കുകയില്ല’ എന്ന പറഞ്ഞു. (യോഹ :20:24,25). തോമസിന്റെ അവിശ്വാസം മനസ്സിലാക്കിയ കർത്താവ് ഉയിർത്തെഴുന്നേറ്റ് എട്ട് ദിവസം കഴിഞ്ഞിട്ട് തോമസ് ഉൾപ്പടെ കൂടിയിരുന്ന ശിഷ്യന്മാരുടെ നടുവിൽ പ്രത്യക്ഷനാകുകയും അവനോട്, ‘നിന്റെ വിരൽ ഇങ്ങോട്ട് നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക’ എന്ന് പറഞ്ഞു. തോമസ് ഉടനെ ‘എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ’ എന്ന് പ്രതികരിച്ചു. (യോഹ : 20:26-29)

Leave a Comment

Your email address will not be published. Required fields are marked *

one × one =

error: Content is protected !!