മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (94)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (94)
പാ. വീയപുരം ജോർജ്കുട്ടി

യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം ചില നാളുകൾ കഴിഞ്ഞപ്പോൾ സ്തേഫാനോസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു. ഇതിൽ പ്രകോപിതരായ മൂപ്പന്മാരും ശാസ്ത്രിമാരും തനിക്കെതിരായി തിരിയുകയും അവനെ നഗരത്തിന് പുറത്താക്കി കല്ലെറിയുകയും ചെയ്തു. ഈ അവസരം താൻ സ്വർഗ്ഗത്തിലേക്ക് ഉറ്റ് നോക്കി. അപ്പോൾ താൻ കണ്ട കാഴ്ച, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ (യേശുക്രിസ്തു) ദൈവത്തിന്റെ വലത്തു ഭാഗത്ത് നിൽക്കുന്നതും ആയിരുന്നു. (അപ്പൊ :7:54-56)
മിന്നുന്ന വസ്ത്രം ധരിച്ച സ്വർഗ്ഗീയന്മാരായ രണ്ട് പുരുഷന്മാർ മൂന്നാം ദിവസം അതിരാവിലെ കല്ലറയ്ക്കൽ എത്തിയ സ്ത്രീകളോട് പറഞ്ഞത്, “നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത് ? അവൻ ഇവിടെയില്ല; ഉയിർത്തെഴുന്നേറ്റിരിക്കുന്നു”. അതേ, യേശുക്രിസ്തു മരിച്ചവരിൽ നിന്ന് ആദ്യഫലമായി ഉയിർത്തെഴുന്നേറ്റിരിക്കുന്നു.
“ആദമിൽ എല്ലാവരും മരിക്കുന്നത് പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ, ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം” (1 കോരി :15:22,23). ആകയാൽ പ്രത്യാശയില്ലാത്ത മറ്റുള്ളവരെ പോലെ മരിച്ച വിശുദ്ധന്മാരെ കുറിച്ച് ദുഃഖിക്കാതെ പൂർണ്ണ പ്രത്യാശ കർത്താവിൽ വച്ച് കൊൾക.
ഒരിക്കൽ ഒരു മിഷനറിയും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും കൂടി ഒരു മതപരമായ ചടങ്ങ് കണ്ട് കൊണ്ടിരിക്കുകയായിരുന്നു. ശ്രീബുദ്ധന്റെ ഒരസ്തി കണ്ടു കിട്ടി എന്ന കാരണത്താൽ പട്ടണത്തിൽ വളരെയധികം ആഹ്ലാദപ്രകടനങ്ങൾ ഉണ്ടായി. അനേകർ പൂഴിമണ്ണിൽ ഇരുന്നും അതിന്റെ മുൻപിൽ തലകുനിച്ചും തങ്ങളുടെ ബഹുമാനവും ആദരവും പ്രകടപ്പിച്ചു. ഇതെല്ലാം ശ്രദ്ധിച്ച മിഷനറി ഇപ്രകാരം പറഞ്ഞു : ‘യേശുക്രിസ്തുവിന്റെ ശരീരത്തിന്റെ ഒരു ഭാഗമെങ്കിലും ലഭിച്ചിരുന്നുവെങ്കിൽ അത് ആഹ്ലാദത്തിനല്ല, ദുഃഖത്തിന് വിഷയമാകുമായിരുന്നു. കാരണം, അവൻ പുനഃരുത്ഥാനം ചെയ്തില്ലെന്നുള്ളതിന്റെ തെളിവായി അത് മാറുമായിരുന്നു.’
ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി മരിച്ച് അടക്കപ്പെട്ട ശേഷം സരോജിനി നായിഡു പറഞ്ഞു, ‘യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു വന്നത് പോലെ അങ്ങും മൂന്നാം ദിനം ഉയിർത്തെഴുന്നേറ്റ് വരും’ എന്ന്. എന്നാൽ ഇന്നും ഗാന്ധിജിയുടെ കല്ലറ അടഞ്ഞു തന്നെ കിടക്കുന്നു.

ഭക്തനായ എം. ഇ. ചെറിയാൻ സാർ ഇങ്ങനെ പാടി :

‘ഉലക മഹാന്മാരഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ – നമ്മൾ
ഉന്നതൻ യേശു മഹേശ്വരൻ മാത്രം
ഉയരത്തിൽ വാണിടുന്നു’

അതെ, യേശുക്രിസ്തു മരണത്തിന്മേൽ ജയം പ്രാപിച്ചു. മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു. ആകയാൽ നമ്മുടെ ഉയിർത്തെഴുന്നേൽപ്പും നിശ്ചയം തന്നെയാണ്.

Leave a Comment

Your email address will not be published. Required fields are marked *

four + 2 =

error: Content is protected !!