‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (49)

റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (49)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

3:19,20 മനുഷ്യൻ രക്ഷയ്ക്കായി അഭയം പ്രാപിച്ച ന്യായപ്രമാണം മനുഷ്യനെ നീതികരിക്കുന്നില്ല. ഏത് മനുഷ്യനും ശിക്ഷായോഗ്യനായി ദൈവമുൻപാകെ നിൽക്കുന്നു. ഇങ്ങനെ, വിശ്വാസത്തിന്റെ കരങ്ങൾ നീട്ടി സൗജ്യനമായ നീതി സ്വീകരിക്കത്തക്ക വിധം മനുഷ്യവർഗ്ഗത്തെ ഒരുക്കിനിർത്തിയിരിക്കുന്നു. ഈ ഭാഗത്ത്, പൗലോസിന്റെ ന്യായവാദത്തിന്റെ സമാപ്തി കാണുന്നു (വാ. 20). ന്യായപ്രമാണത്താൽ ഒരു ജഡവും നീതികരിക്കപ്പെടുന്നില്ല (എഫെ :2:8,9) ന്യായപ്രമാണം മൂലം, പാപത്തിന്റെ പരിജ്ഞാനമാണ് ഉണ്ടാകുന്നത്. പാപത്തിന് മൂർച്ചയുണ്ടായത് ന്യായപ്രമാണം മൂലമാണ്. പാപം പാപമാണെന്ന് ബോധ്യപ്പെട്ടത് ന്യായപ്രമാണത്താലാണ്. പാപത്തിന്റെ അളവ് മനസ്സിലായത് ന്യായപ്രമാണമാകുന്ന കുറികോൽ വന്നതിനാലാണ്. തൽഫലമായി ദൈവം വച്ചിരിക്കുന്ന തോതിൽ നിന്ന് മനുഷ്യൻ എത്ര മാത്രം തെറ്റിയിരിക്കുന്നു എന്ന് വെളിപ്പെടുത്തപ്പെട്ടു. നാം എത്ര മാത്രം മാലിന്യമുള്ളവരാണെന്ന് കാണിക്കുന്ന ഒരു കണ്ണാടിയാണ് ന്യായപ്രമാണം. എന്നാൽ നമ്മെ കഴുകുവാനുള്ള ശക്തി അതിനില്ല. കഴുകി വെടിപ്പാകുന്നത് യേശുവിൻ രക്തമാണ്.

എല്ലാവരെയും ന്യായപ്രമാണം എന്ന ഒരേ അളവിനാൽ അളക്കുന്നു. എല്ലാവരും ഒരേപോലെ കുറ്റക്കാർ. ഒന്നിൽ തെറ്റിയാൽ എല്ലാറ്റിലും തെറ്റി. (യാക്കോ : 2:10) ഏറ്റവും കുറഞ്ഞ തോതിലെങ്കിലും നമുക്ക് അർഹത ഉണ്ടായിരുന്നെങ്കിൽ നമ്മുടെ രക്ഷ വെറും ദൈവകൃപ എന്ന് വരികയില്ലായിരുന്നു. ഒരർഹതയും പറയുവാനില്ല ഏത് വായും അടഞ്ഞു. കൃപയുടെ സുവിശേഷത്തിലല്ലാതെ അവനെ രക്ഷിക്കാൻ മാർഗ്ഗമില്ല.

നീതീകരണം 3:21 – 5:11
ദൈവം നീതി ദാനം ചെയ്യുന്നു 3:21-26
നീതികരണത്തിന്റെ അടിസ്ഥാനം – ദൈവകൃപ
3:24,25 വേദപുസ്തകത്തിന്റെ കേന്ദ്രമാണ്.
ഇവിടെ കാണുന്ന മൂന്ന് വാക്കുകൾ ശ്രദ്ധേയമാണ്. നീതീകരണം, വീണ്ടെടുപ്പ്, പ്രായശ്ചിത്തം. ഇതിന് വീണ്ടെടുപ്പും പ്രായശ്ചിതവും കാരണങ്ങളും നീതീകരണം അതിന്റെ ഫലവുമാണെന്നും പറയാം. നീതീകരണം കോടതിയോടും വീണ്ടെടുപ്പ് അടിമകളോടും, പ്രായശ്ചിത്തം വിശുദ്ധമന്ദിരത്തോടും ബന്ധപ്പെട്ട വാക്കുകളാണ്. നീതീകരണം എന്നാൽ നീതിമാൻ ആകുകയില്ല. നീതീകരണം എന്നത്, കേവലം പാപപരിഹാരത്തെക്കാൾ കൂടിയ ഒരനുഗ്രഹമാണ്. പാപമോചനം എന്നത് കാര്യത്തിന്റെ പ്രതിലോമവശം (negative) കാണിക്കുന്നുവെന്നും നീതീകരണം എന്നത് കാര്യത്തിന്റെ അനുലോമവശം (positive) കാണിക്കുന്നു. ഒരു കുറ്റക്കാരനെ ഒരിക്കലും കുറ്റം ചെയാത്തവനെപ്പോലെ കാണുന്നതാണ് നീതീകരണം.

Leave a Comment

Your email address will not be published. Required fields are marked *

20 + three =

error: Content is protected !!