മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (96)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (96)
പാ. വീയപുരം ജോർജ്കുട്ടി

യേശുക്രിസ്തുവിന്റെ വിളി മുഴങ്ങി സെക്കന്റുകൾക്കകം ലാസറിന്റെ ആത്മാവ് അധോലോക പറുദീസയിൽ നിന്ന് പുറത്ത് വരികയും മൃതശരീരത്തിൽ പ്രവേശിക്കുകയും ചെയ്തു. തദവസരം ദുർഗന്ധം വമിച്ചു തുടങ്ങിയ ശരീരത്തിന്റെ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലായി തീരുകയും നിന്ന് പോയ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങൾ ക്രമത്തിലാകുകയും ചെയ്തു.
കർത്താവ് പറഞ്ഞു, “മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു” (യോഹ :5:25) “കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട്, നന്മ ചെയ്തവർ ജീവനായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു” (യോഹ : 5:28,29) കർത്താവിന്റെ ഒന്നാമത്തെ വരവ് ഏത് സമയത്തും സംഭവിക്കാവുന്നതാണ്. യേശു പറഞ്ഞു (മത്തായി :24:44) : “അങ്ങനെ നിങ്ങൾ നിനയ്ക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നത് കൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിൻ” എബ്രാ : 9:28 – “തനിക്കായി കാത്ത് നിൽക്കുന്നവരുടെ രക്ഷയ്ക്കായി അവൻ പാപം കൂടാതെ രണ്ടാമത് പ്രത്യക്ഷനാകും”. വിശുദ്ധ പത്രോസും പറയുന്നു : “കർത്താവിന്റെ ദിവസമോ കള്ളനെ പോലെ വരും” (2 പത്രോസ് :3:10)
കർത്താവ് വരുമ്പോൾ തന്റെ വായിൽ നിന്ന് പുറപ്പെടുന്ന ഗംഭീരനാദം (സങ്കീ : 50:3,5), “നമ്മുടെ ദൈവം വരുന്നു … യാഗം കഴിച്ച് എന്നോട് നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവീൻ” എന്നായിരിക്കും. യേശുക്രിസ്തുവിനെ മുൻ ദർശിച്ചും പിന് ദർശിച്ചും യാഗം കഴിച്ച പഴയ നിയമ പുതിയ നിയമ വിശുദ്ധന്മാർ എല്ലാവരും ഉയിർത്തെഴുനേൽക്കും.
“യേശുവിനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുവെങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെ കൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും” (റോമർ :8:11)
കർത്താവിന്റെ ഗംഭീരനാദത്തിങ്കൽ വിശുദ്ധന്മാർ കല്ലറകളെ ഭേദിച്ച് പുറത്ത് വരുമ്പോൾ ലോകക്കാർക്ക് തോന്നും പ്രേതന്മാർ എഴുനേറ്റ് പോകുകയാണെന്ന്. ഇതിനെകുറിച്ച് യെശയ്യാവ്‌ പറയുന്നത്, “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേൽക്കും; പൊടിയിൽ കിടക്കുന്നവരെ, ഉണർന്ന് ഘോഷിപ്പിൻ, നിന്റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞ് പോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ” (യെശ :26:19)
യേശുക്രിസ്തുവിന്റെ ഗംഭീരനാദത്തിങ്കൽ മണ്മറഞ്ഞ സകല വിശുദ്ധന്മാരും ഉയിർത്തെഴുനേൽക്കും, നിശ്ചയം.

Leave a Comment

Your email address will not be published. Required fields are marked *

seven + 20 =

error: Content is protected !!