‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (93)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
എന്നാൽ പുതിയ നിയമവിശ്വാസികളെ സംബന്ധിച്ച് അവരുടെ ജീവിതം ദൈവത്തിനായി മാത്രം നിവേദിക്കപ്പെട്ട ജീവനുള്ള യാഗമാണ്.
എന്ത്കൊണ്ടാണ് ദൈവം നിന്റെ ശരീരത്തെ ഈ വിധത്തിൽ ആവശ്യപ്പെടുന്നത് ? ദൈവം നിന്റെ ശരീരത്തെ ദൈവത്തിന്റെ ആലയമാകുവാൻ താല്പര്യപ്പെടുന്നു എന്നതാണ് കാരണം. ദൈവാലയത്തിലുള്ളതെല്ലാം ദൈവത്തിനായി നിവേദിക്കപ്പെട്ടിരിക്കുന്നത് പോലെ നിന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും ദൈവത്തിന് മാത്രമായിരിക്കണം. എന്നാൽ മഹാന്മാരായിരുന്ന അനേകർ പാപത്തിനായി അവരുടെ അവയവങ്ങളെ ഉപയോഗിച്ചത് ദൈവവചനത്തിൽ കാണാം. ദാവീദിന്റെ കണ്ണുകൾ പാപത്തിനായി ഉപയോഗിച്ചു. അവൻ ഒരു നിമിഷം തന്നെ വ്യഭിചാരിയും കുലപാതികിയുമായി മാറി. ഇത് മൂലം അവന്റെ ശരീരത്തെ മുഴുവൻ പാപം ബാധിച്ചതായി സങ്കീ. 51 ൽ കാണാം. കണ്ണ് (51:3), ചിന്ത (51:6), ചെവി (51:8), ഹൃദയം (51:10), അധരവും വായും (51:14,15) ഇതിന്റെ ഭയങ്കരത അസഹ്യമായതിനാൽ സമ്പൂർണ്ണ ശുദ്ധീകരണത്തിനായി അവൻ ദൈവത്തോട് പ്രാർത്ഥിച്ചു. (51:2)
6:14 നാം ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രെ അധീനർ ന്യായപ്രമാണത്തിന് അധീനർ എന്ന് വച്ചാൽ, രക്ഷയ്ക്കുള്ള വ്യവസ്ഥ എന്ന നിലയിൽ ന്യായപ്രമാണം നിവർത്തിക്കാൻ കടപ്പെട്ടവർ എന്നർത്ഥം. ഈ അർത്ഥത്തിൽ, ന്യായപ്രമാണത്തിൻ കീഴിലുള്ളവർ ശപിക്കപെട്ടവരാണ്, കാരണം അത് പറയുന്നത് ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതൊക്കെയും ചെയ്വാൻ തക്കവണ്ണം അതിൽ നിലനില്കാത്തവർ എല്ലാം ശപിക്കപെട്ടവൻ എന്നാണ് (ഗലാ :3:10) എല്ലാവരും പാപത്തിലാകയാൽ, ന്യായപ്രമാണം നിവർത്തിക്കാൻ കഴിവില്ലാത്തവരാകയാൽ, എല്ലാവരും ശപിക്കപെട്ടവരത്രെ. ഇങ്ങനെയുള്ളവർക്ക് ഒരു രക്ഷാവ്യവസ്ഥ (ജാമ്യം)നൽകികൊണ്ട് രക്ഷ പ്രദാനം ചെയ്തത് ദൈവകൃപയത്രേ. അങ്ങനെ കൃപയുടെ പ്രമാണത്തിൻ കീഴിൽ നാം സ്വതന്ത്രരാണ്. (ഗലാ :3:10-14, 4:4,5) കൃപ നമ്മിൽ ഭരണം ചെയ്യുന്നതിനാൽ കൃപയാകുന്ന യജമാനന് നാം കടപ്പെട്ടവരാണ്. യേശുക്രിസ്തു നമ്മുടെ യജമാനൻ ആയപ്പോൾ നമുക്ക് പൂർണ്ണ സ്വാതന്ത്ര്യം കൂടുതൽ പാപം ചെയ്യാനല്ല. ഒട്ടും പാപം ചെയ്യാതെ സ്വാതന്ത്ര്യത്തോടെ ദൈവത്തെ ആരാധിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു.