മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (29)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (29)
പാ. വീയപുരം ജോർജ്കുട്ടി

8)
മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ ?

മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ എന്ന് ചിലരെങ്കിലും സംശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇയ്യോബിന്റെ പുസ്തകത്തിലും നാം ഈ ചോദ്യം ചോദിച്ചത് വായിക്കുന്നു (14:14) “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ ?” ഇയ്യോബ് : 14:10 – “പുരുഷനോ മരിച്ചാൽ ദ്രവിച്ചു പോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ ?”
ജ്ഞാനിയായ ശലോമോൻ പോലും, തന്റെ ദൈവീക സ്പർശനം മാറ്റി വച്ച് സൂര്യന് കീഴെയുള്ളത് മാത്രം പരിഗണിച്ചപ്പോൾ പറഞ്ഞത് (സഭാ : 3:20,21), “എല്ലാം പൊടിയിൽ നിന്ന് ഉണ്ടായി, എല്ലാം വീണ്ടും പൊടിയായി തീരുന്നു. മനുഷ്യരുടെ ആത്മാവ് കീഴോട്ട് ഭൂമിയിലേക്ക് പോകുന്നുവോ ? ആർക്കറിയാം ?”
യുക്തിവാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ പറയുന്നത് മരണം കൊണ്ട് എല്ലാം തീരുമെന്നും മരണത്തിന് അപ്പുറത്തു ഒരു ജീവിതം ഇല്ല എന്നുമാണ്. ആകയാൽ തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്നതാണ് അവരുടെ ജീവിതശൈലി.
മരണത്തെ കുറിച്ച് ആധികാരികമായി പറയുവാൻ കഴിയുന്നത്, എല്ലാറ്റിനെയും സൃഷ്ട്ടിച്ച ദൈവത്തിന് മാത്രമാണ്. തന്നെയുമല്ല, മരണത്തെ അതിജീവിച്ച ദൈവപുത്രനായ ക്രിസ്തുവും മരണത്തിനപ്പുറത്തുള്ള ജീവിതത്തെ സംബന്ധിച്ച് വളരെ ശക്തമായും ഉറപ്പായും വെളിപ്പെടുത്തി തന്നിട്ടുമുണ്ട്.
ഇന്ന് ലോകത്തിൽ കാണുന്ന സകലതും, ദൈവം തന്റെ വാക്കിനാൽ ഉളവാക്കിയതാണ്. ‘ഉണ്ടകട്ടേ’ എന്ന് കല്പിച്ചപ്പോൾ എല്ലാം ഉളവായി വന്നു. എന്നാൽ മനുഷ്യസൃഷ്ട്ടിയോടുള്ള ബന്ധത്തിൽ, ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും അവനെ ഉണ്ടാക്കി (ഉല്പത്തി : 1:26) “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു” (ഉല്പത്തി : 2:7; ഇയ്യോബ് : 27:3) “ദൈവം സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു” (സഭാ : 3:11) പക്ഷി മൃഗാദികൾ ചാകുമ്പോൾ അതിന്റെ പിൻഗാമികൾ ഒരിക്കൽ പോലും മരണാനന്തരക്രിയകൾ ചെയ്യുന്നതായി കണ്ടിട്ടില്ല. എന്നാൽ കാട്ടിൽ താമസിക്കുന്ന കാട്ടാളനാണെങ്കിലും, മരണാനന്തരമുള്ള ജീവിതത്തെ കുറിച്ച് ഒരു പ്രസംഗവും കേട്ടിലെങ്കിലും ഒരാൾ മരിച്ചാൽ, അവന്റെ മനസ്സാക്ഷി മരണാനന്തരമുള്ള ജീവിതത്തെ കുറിച്ച് അവനു നൽകുന്ന കാഴ്ചപ്പാട് അനുസരിച്ചു ചില കർമ്മങ്ങൾ ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

5 − 4 =

error: Content is protected !!