‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (14)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
കൃപ ഗ്രീക്കുകാരുടെ വന്ദനസ്വരവും സമാധാനം (ശാലോം) യഹൂദന്മാരുടെ വന്ദനസ്വരവുമത്രെ. രക്ഷാപദ്ധതിയിൽ, പാപികളോടുള്ള ദൈവത്തിന്റെ അനർഹമായ, സൗജന്യമായ ആനുകൂല്യമാണ് കൃപ. സാധാരണയായി, ക്രമത്തിൽ ആദ്യം വരുന്നത് കൃപയാണ്. കാരണം,അതാണ് ഉറവിടം. അതിൽ നിന്നാണ് സമാധാനവും മറ്റ് എല്ലാ അനുഗ്രഹങ്ങളും പുറപ്പെടുന്നതും. കൃപയും, സമാധാനവും ദൈവം യോജിപ്പിച്ചതാണ്. അത് മനുഷ്യർ വേർപിരിക്കരുത്.
സമാധാനം വിശാലാർത്ഥത്തിൽ സ്വസ്ഥത എന്നതാണ് (യെശ : 32:17) അതിന്റെ അടിസ്ഥാനം ദൈവത്തോടുള്ള സമാധാനമാണ്. അതുണ്ടെങ്കിൽ സന്തോഷവും മറ്റ് അനുഗ്രഹങ്ങളും ഉണ്ടായിരിക്കും. ഈ ക്രമം ശ്രദ്ധിക്കുക. ‘കൃപയും സമാധാനവും’ ആദ്യം കൃപ, പിന്നീട് സമാധാനം. ജീവസുറ്റ വേര് അടിയിൽ, മണ്ണിൽ, ഫലസമ്പൂർണ്ണമായ ശിഖരങ്ങൾ മുകളിൽ; വിഹായുസ്സിൽ ദൈവവും മനുഷ്യനും സന്ധിക്കുമ്പോൾ ആദ്യം മാപ്പ്; തുടർന്ന് അന്യോന്യം സമാധാനം.
കൊലോസ്യ ലേഖനത്തിൽ കൃപയും സമാധാനവും പിതാവിൽ നിന്ന് മാത്രം പുറപ്പെടുന്നതായി പറഞ്ഞിരിക്കുന്നു. തെസ്സലോന്യക്യരുടെ ഒന്നാം ലേഖനത്തിൽ ഇന്നാരിൽ നിന്ന് എന്ന് പറയാതെ, കേവലം കൃപയും സമാധാനവും ഉണ്ടാകട്ടെ എന്ന് മാത്രം പറഞ്ഞിരിക്കുന്നു.
ദൈവം, കർത്താവായ യേശുക്രിസ്തുവിന്റെയും അവനിൽ ആശ്രയിക്കുന്ന എല്ലാവരുടെയും പിതാവാണ്. പൗലോസ് ദൈവത്തെ തന്റെ പിതാവായും യഹൂദനും ജാതിയും ഉൾപ്പെട്ട ദൈവഭവനമായ തന്റെ അനുവാചകരുടെ പിതാവായും വെളിപ്പെടുത്തുന്നു. ദൈവവും നമ്മുടെ കർത്താവായ യേശുക്രിസ്തുവുമാണ് കൃപയുടെയും സമാധാനത്തിന്റെയും ഉറവിടം. ഈ പ്രയോഗം, കർത്താവായ യെഷിക്രിസ്തുവിന്റെ ദൈവത്വത്തിന്റെ തെളിവാണ്. ക്രിസ്തു ദൈവമല്ലായിരുന്നുവെങ്കിൽ അനുഗ്രഹങ്ങളുടെ ഉറവിടമായ പിതാവായ ദൈവത്തോട് ചേർത്തു ഈ ഉപയോഗിക്കില്ലായിരുന്നു. “പരാപേക്ഷ കൂടാതെയുള്ളതും ആവർത്തിച്ചു വരുന്നതുമായ ഈ ക്രമവത്കരണം – ക്രിസ്തുവിനെ ദൈവത്തോട് ചേർത്തു പറയുന്ന ഈ രീതി – പൗലോസിനും ആദിമ ക്രിസ്ത്യാനികൾക്കും തങ്ങളുടെ ചിന്തയിലുംആരാധനയിൽ ക്രിസ്തുവിനുണ്ടായിരുന്ന സ്ഥാനത്തിന്റെ ഉത്തമ തെളിവാണ്.
ഈ നിർണ്ണായകമായ പ്രശ്നത്തിൽ പൗലോസിന്റെ ഉപദേശം എന്താണെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു.