മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (99)
പാ. വീയപുരം ജോർജ്കുട്ടി
ഇത് പോലെ തന്നെ യേശുക്രിസ്തു ജനിച്ച ദിവസം, മരിച്ച ദിവസം, യേശുവിന്റെ മാതാപിതാക്കളായ യോസേഫും മറിയയും മരിച്ച വിവരവും ദിവസങ്ങളുമെല്ലാം ബൈബിളിൽ ദൈവം മറച്ചു വച്ചു. കാരണം, നാം ആ ദിവസങ്ങൾ ആഘോഷമാക്കി മാറ്റാതിരിക്കാൻ തന്നെ. എന്നിട്ടും ചില ദിവസങ്ങളും, മാസങ്ങളും കാലങ്ങളും ആണ്ടുകളും ആഘോഷിച്ച ഗലാത്യ വിശ്വാസികളെ പൗലോസ് തന്റെ ലേഖനത്തിൽ കൂടെ തിരുത്തുന്നുണ്ട്. ഗലാ :4:8-11 – “നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്ക് വേണ്ടി അദ്ധ്വാനിച്ചത് വെറുതെയായി എന്ന് ഞാൻ ഭയപ്പെടുന്നു.”
മോശയുടെ ശവം അടക്കിയത് യഹോവ തന്നെയായിരുന്നു. (ആവ :34:5,6). പിന്നെ മോശയെക്കുറിച്ച് പഴയനിയമം ഒന്നും വെളിപ്പെടുത്തുന്നില്ല.
പുതിയനിയമത്തിൽ യേശുക്രിസ്തു തന്റെ ശിഷ്യന്മാരായ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടികൊണ്ട് ഉയർന്ന ഒരു മലയിലേക്ക് (ഈ മല താബോർ മലയാണ്; മറുരൂപമലയെന്നും അറിയപ്പെടുന്നു) പോയി. തദവസരം യേശുക്രിസ്തു അവരുടെ മുൻപാകെ രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെ പോലെ ശോഭിച്ചു. അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീർന്നു. മോശയും ഏലിയാവും അവനോട് സംഭാഷിക്കുന്നതായി അവർ കണ്ടു. അപ്പോൾ പത്രോസ് യേശുവിനോട്, ‘കർത്താവേ, നാം ഇവിടെയിരിക്കുന്നത് നന്ന്; നിനക്ക് സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്ന് കുടിൽ ഉണ്ടാക്കാം. ഒന്ന് നിനക്കും ഒന്ന് മോശയ്ക്കും ഒന്ന് ഏലീയാവിനും എന്ന് പറഞ്ഞു (മത്തായി :17:1-8)
ഏലീയാവിനെക്കുറിച്ചു നാം പഠിക്കുമ്പോൾ, ദൈവം അയച്ച ഒരു ചുഴലിക്കാറ്റിൽ താൻ ശരീരത്തോട് കൂടെ (ശരീരത്തിന് രൂപാന്തരം വന്നു എന്ന് നാം വിശ്വസിക്കുന്നു, കാരണം മാംസരക്തങ്ങൾക്ക് ദൈവാരാജ്യത്തെ അവകാശമാക്കുവാൻ കഴിയുകയില്ല എന്ന് 1 കോരി 15:50 ൽ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു.) സ്വർഗ്ഗത്തിലേക്ക് കരേറിയതായി തിരുവചനം വെളിപ്പെടുത്തുന്നു (2 രാജ :2:1-12)
ഏലീയാവിനെ പോലെ മോശയും ശരീരത്തോട് കൂടെ തന്നെയാണ് ഇപ്പോൾ മറുരൂപമലയിൽ വന്നിരിക്കുന്നത്. അത്കൊണ്ടാണ് കർത്താവിന്റെ ശിഷ്യന്മാർക്ക് അവരെ കാണുവാൻ കഴിഞ്ഞത്. മോശ ശരീരത്തോട് കൂടെ വരണമെങ്കിൽ അവൻ ഉയിർത്തെഴുനേറ്റ് എന്ന് നാം കരുതേണ്ടിയിരിക്കുന്നു. മോശ ഉയിർത്തെഴുനേറ്റ് എന്ന് വ്യക്തമായി തിരുവചനം വെളിപ്പെടുത്തുന്നില്ല. എങ്കിലും, മോശയുടെ ശരീരത്തെ കുറിച്ച് പ്രധാനദൂതനായ മീഖായേൽ പിശാചിനോട് തർക്കിച്ചു വാദിച്ചു എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ (യൂദാ : 9), മോശയെ ശരീരത്തോട് കൂടെ ഉയിർത്തെഴുനെൽപ്പിക്കേണ്ടതിന് ദൈവം ക്രമീകരണം ചെയ്തപ്പോൾ സാത്താൻ കടന്ന് വന്ന് മോശ ഉയിർക്കാതിരിക്കേണ്ടതിനായി തടസ്സവാദങ്ങൾ ഉന്നയിക്കുകയും തടയുകയും ചെയ്തു. ഈ അവസരം പ്രധാനദൂതനായ മീഖായേൽ ഇറങ്ങി വന്ന് സാത്താനോട്, ‘കർത്താവ് നിന്നെ ഭൽസിക്കട്ടെ’ എന്ന് പറഞ്ഞു മോശയെ ഉയിർപ്പിച്ചു കൊണ്ട് സ്വർഗ്ഗസ്ഥലങ്ങളിലേക്ക് കൊണ്ട് പോയി എന്ന് വേണം കരുതേണ്ടത്.
1 കോരി :15:20 ൽ “എന്നാൽ ക്രിസ്തു നിദ്ര കൊണ്ടവരിൽ ആദ്യ ഫലമായി മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തിരിക്കുന്നു” എന്ന് വെളിപ്പെടുത്തിയിരിക്കുന്നതിനാൽ, മോശ ഉയിർത്തഴുന്നേറ്റു എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ അത് തെറ്റായി തീരും എന്ന് കരുതുന്നവരുമുണ്ട്. എന്നാൽ നാം തിരുവചനത്തിന്റെ വിവിധ ഭാഗങ്ങൾ പരിശോധിച്ചാൽ, യേശുക്രിസ്തുവിന് മുൻപും മരിച്ചവർ ഉയിർത്തഴുന്നേറ്റിട്ടുണ്ട് എന്ന് കാണാം. ഏലിയാവ് സാരെഫാത്തിലെ വിധവയുടെ മരിച്ച മകനെ ജീവിപ്പിച്ചിട്ടുണ്ട്. (1 രാജ :17:17-24) എലീശാ ശൂനേംകാരത്തിയുടെ മരിച്ച മകനെ ജീവിപ്പിച്ചു (2 രാജ:4:8-37). എലീശയെ അടക്കിയ ശവക്കുഴിയിൽ ഒരു മനുഷ്യനെ അടക്കം ചെയ്തപ്പോൾ എലീശായുടെ അസ്ഥികളെ തൊട്ടമാത്രയിൽ അവൻ ജീവിച്ചു കാലൂന്നി എഴുന്നേറ്റു എന്നും നാം കാണുന്നു. (2 രാജ :13:20,21)
കർത്താവ് ഭൂമിയിലായിരുന്നപ്പോൾ പള്ളിപ്രമാണിയായ യായിറോസിന്റെ മകളെ ഉയിർപ്പിച്ചു (മർക്കോസ് :5:22-42). നയീനിലെ വിധവയുടെ മകനെ ഉയിർപ്പിച്ചു (ലൂക്കോസ് :7:11-16). കൂടാതെ മരിച്ച് അടക്കി നാലു ദിവസമായി നാറ്റം വച്ച് തുടങ്ങിയ ബെഥാന്യയിലെ ലാസറിനെയും ഉയിർപ്പിച്ചു (യോഹ :11:1-44) ഈ ഉയിർത്തവരെല്ലാം വീണ്ടും മരിക്കുന്ന ശരീരത്തിലാണ് ഉയിർത്തത്. ഇത് പോലെ തന്നെ മോശയും വീണ്ടും മരിക്കുന്ന ശരീരത്തിലാണ് ഉയിർത്തെഴുനേറ്റത്.