മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (47)
പാ. വീയപുരം ജോർജ്കുട്ടി
12
മരണത്തിന് മുൻപ് നാം അറിഞ്ഞിരിക്കേണ്ട ഒമ്പത് കാര്യങ്ങൾ
ഒരു മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട അനേക വിഷയങ്ങളുണ്ട്. നാം പാർക്കുന്ന രാജ്യത്തെ എല്ലാ നിയമങ്ങളും അത് പോലെ അറിഞ്ഞിരിക്കുവാൻ ചിലപ്പോൾ സാധിച്ചു എന്ന് വരികയില്ല. എന്നാൽ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നാം അറിഞ്ഞിരിക്കുകയും വേണം.
പണ്ടൊരിക്കൽ സായിപ്പ് കേരളത്തിൽ വന്നു വള്ളത്തിൽ യാത്ര ചെയ്ത കഥ കേട്ടിട്ടുണ്ട്. വള്ളക്കാരനോട് കുശലപ്രശ്‌നത്തിനിടെ സായിപ്പ് ചോദിച്ചു : “നിനക്ക് തിയോളജി അറിയാമോ ?” ഇല്ലായെന്ന് വള്ളക്കാരൻ മറുപടി കൊടുത്തപ്പോൾ, ‘നിന്റെ ആയുസ്സിന്റെ കാൽ ഭാഗം നഷ്ടമായി പോയി’ എന്ന് സായിപ്പ് പറഞ്ഞു. വീണ്ടും ബയോളജിയും സുവോളജിയും അറിയാമോ എന്ന് ചോദിച്ചു. ഇല്ലായെന്നുള്ള മറുപടി വീണ്ടും ലഭിച്ചപ്പോൾ സായിപ്പ് പറഞ്ഞു, നിന്റെ ആയുസ്സിന്റെ മുക്കാൽ ഭാഗം നഷ്ടമായി’ എന്ന്. പെട്ടെന്ന് വലിയ കാറ്റും മഴയും ഉണ്ടായി വള്ളത്തിൽ വെള്ളം കയറിയപ്പോൾ സായിപ്പിനോട് വള്ളക്കാരൻ തിരിച്ചു ചോദിച്ചു : ‘സായിപ്പേ, നീന്തോളജി അറിയാമോ ?’ സായിപ്പ് പറഞ്ഞു : ‘അറിയില്ല !’ ഉടനെ വള്ളക്കാരൻ പറഞ്ഞത് ഇപ്രകാരമായിരുന്നു “‘വള്ളം മുങ്ങുവാൻ പോകുന്നു ; സായിപ്പിന്റെ ആയുസ്സ് മുഴുവൻ ഇപ്പോൾ നഷ്ട്ടമാകുവാൻ പോകുകയാണ്” ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാകുന്നത്, അറിയേണ്ട പ്രധാന കാര്യങ്ങൾ നിശ്ചയമായും അറിയാതെ മറ്റ് അനേക കാര്യങ്ങൾ അറിഞ്ഞിരിക്കുന്നു എന്ന് പറയുന്നത് യുക്തിയല്ല.
വിശുദ്ധ ബൈബിളിൽ ‘അറിയുന്നു’ എന്ന് പറയുന്ന അനേക കാര്യങ്ങൾ ഉണ്ട്. അതിൽ നിശ്ചയമായും നാം അറിഞ്ഞിരിക്കേണ്ട ചില യാഥാർഥ്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുകയാണ്.
1) യേശുക്രിസ്തു എന്റെ രക്ഷകൻ ആകുന്നു എന്നുള്ള അറിവ്
“ഇനി നിന്റെ വാക്ക് കൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾ തന്നെ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്ന് അറികയും ചെയ്തിരിക്കുന്നു എന്ന് സ്ത്രീയോട് പറഞ്ഞു” (യോഹ : 4:42)
ആദാമ്യപാപത്താൽ എല്ലാ മനുഷ്യരും ദൈവമുൻപാകെ പാപികളും ആണ്. “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ആരുമില്ല; ഒരുത്തൻ പോലുമില്ല” (റോമർ : 3:10)
പാപം മൂലം ദൈവത്തിൽ നിന്ന് അകന്ന് പോയ മനുഷ്യനെ വീണ്ടെടുക്കുവാൻ ദൈവം ആഗ്രഹിക്കുകയും അതിന്റെ പൂർത്തീകരണത്തിനായി തന്റെ ഏക ജാതനായ പുത്രനെ (യേശുക്രിസ്തുവിനെ) മാനവജാതിക്കായി ഏല്പിച്ചു തരുകയും ചെയ്തു. ഈ ദൗത്യം സ്വയം ഏറ്റെടുത്ത യേശുക്രിസ്തു നമ്മെ ദൈവപുത്രന്മാർ ആക്കെണ്ടതിന് മനുഷ്യപുത്രനായി അവതരിച്ചു. ഏകജാതൻ ആദ്യജാതനായി, സമ്പന്നൻ ദരിദ്രനായി, ഉന്നതൻ താഴ്ചയുള്ളവനായി, തേജസ്സുള്ളവൻ വിരൂപനായി, ദൂതന്മാരുടെ ആരാധനാപാത്രമായിരുന്നവൻ മനുഷ്യരുടെ നിന്ദാപാത്രമായി തീർന്നു.
നമ്മുടെ പാപത്തിന്റെ പരിഹാരത്തിനായി നാം ഏല്ക്കേണ്ടിയിരുന്ന ശിക്ഷ നമുക്ക് പകരമായി യേശുക്രിസ്തു ഏറ്റെടുക്കുകയും യെരുശലേമിൽ ഗോൽഗോഥാ മലമുകളിൽ നമുക്ക് വേണ്ടി ക്രൂശിക്കപ്പെടുകയും തന്റെ ജീവനെ നമുക്ക് വേണ്ടി ഏല്പിച്ചു തരികയും ചെയ്തു. എന്നാൽ മൂന്നാം ദിവസം മരണത്തിന്മേൽ ജയം പ്രാപിച്ചു ശക്തിയോട് കൂടെ ഉയിർത്തെഴുനേൽക്കുകയും സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുകയും പിതാവിന്റെ വലതു ഭാഗത്ത് ഇരുന്ന് കൊണ്ട് നമുക്കായി പക്ഷവാദം ചെയ്യുകയും ചെയ്യുന്നു.
മനുഷ്യന്റെ സഹായത്തിനായി മതങ്ങൾ അഭിപ്രായങ്ങൾ പറയുമ്പോൾ, യേശുക്രിസ്തു രക്ഷകനായി അവതരിച്ചു. “അവനെ കൈകൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കളാകുവാൻ അവൻ അധികാരം കൊടുത്തു” (യോഹ : 1:12)