മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (09)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (09) 

പാ. വീയപുരം ജോർജ്കുട്ടി

3) വാതില്ക്കൽ നില്ക്കുന്ന നാല് കാര്യങ്ങൾ

a) പാപം വാതില്ക്കൽ കിടക്കുന്നു

യഹോവയായ ദൈവം ഹാബേലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. എന്നാൽ തന്റെ വഴിപാടിലും തന്നിലും ദൈവം പ്രസാദിച്ചില്ല എന്ന് കണ്ടപ്പോൾ കായീന് ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി. എന്നാറെ യഹോവ കായീനോട്, “നീ കോപിക്കുന്നത് എന്തിന് ? നിന്റെ മുഖം വാടുന്നതും എന്ത് ? നീ നന്മ ചെയ്യുന്നുവെങ്കിൽ പ്രസാദമുണ്ടാക്കുകയില്ലയോ ? നീ നന്മ ചെയുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കാകുന്നു; നീയോ അതിനെ കീഴടക്കേണം” (ഉല്പത്തി : 4:4-7)

എല്ലാ പാപത്തിന്റെയും ഉറവിടം മോഹമാണ്. “മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ട് മരണത്തെ പെറുന്നു” (യാക്കോബ് : 1:15) “പാപത്തിന്റെ ശമ്പളം മരണമത്രേ” (റോമർ : 6:23) “മരണത്തിന്റെ വിഷമുള്ള് പാപം” (1 കോരി : 15:56) “പാപമോ അവസരം ലഭിച്ചിട്ട് കല്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു” (റോമർ : 7: 8) “പാപം അവസരം ലഭിച്ചിട്ട് കല്പനയാൽ എന്നെ ചതിക്കുകയും കൊല്ലുകയും ചെയ്തു” (റോമർ : 7:11). പാപം എല്ലായ്‌പോഴും ഒരു വിശുദ്ധനെ ഇല്ലായ്മ ചെയ്യെണ്ടതിനായി അവസരങ്ങൾ ഒരുക്കി വാതില്ക്കൽ നിൽക്കുന്നു എന്നുള്ള കാര്യം നാം മറന്ന് പോകരുത്.

യോസേഫിനെക്കൊണ്ട് പാപം ചെയ്യിക്കേണ്ടതിന് അവന്റെ മുൻപിൽ അവസരങ്ങൾ ഒരുക്കി വച്ചു. എന്ന് വച്ചാൽ പോത്തീഫറിന്റെ ഭവനത്തിൽ, അദ്ദേഹത്തിന്റെ ഭാര്യയുടെ ഇംഗിതം നിറവേറ്റണ്ടതിനായി, ആ വീട്ടിൽ മറ്റാരും ഇല്ലാത്ത സാഹചര്യം ഒരുക്കിക്കൊടുത്തു (ഉല്പത്തി : 39:11). എന്നാൽ യോസേഫ് ഒരു വിശുദ്ധജീവിതത്തിന്റെ ഉടമയും ദൈവഭയം ഉള്ളവനുമാകയാൽ അതിനെ വിജയകരമായ രീതിയിൽ ഒഴിഞ്ഞു പോകുവാൻ ഇടയായി.

ഒരുവനെ ആത്മീകനാക്കുന്നത് അവന്റെ പാട്ട്, പ്രാർത്ഥന, അന്യഭാഷാ, പ്രവചനം, മറ്റ് ആത്മീക പ്രവർത്തനങ്ങളുടെ വെളിച്ചത്തിലല്ല; പിന്നെയോ പാപത്തോടുള്ള വെറുപ്പാണ് അവനെ തികഞ്ഞ ആത്മീകനാക്കുന്നത്.

എബ്രാ : 12:4 – ‘പാപത്തോട് പോരാടുന്നതിൽ പ്രാണത്യാഗത്തോളം എതിർത്ത് നില്കേണ്ടതാകുന്നു’

നാം പലപ്പോഴും, പട്ടികയിൽപ്പെട്ട വലിയ പാപങ്ങൾ മാത്രമേ പാപമായി പരിഗണിക്കാറുള്ളൂ. എന്നാൽ തിരുവചനം പഠിക്കുമ്പോൾ, പാപങ്ങളുടെ ഒരു വലിയ നിര പരിശുദ്ധാത്മാവ് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

1) ചെയ്യരുതെന്ന് ദൈവം കല്പിച്ചത് ചെയുന്നത് പാപമാണ്. “ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാൽ പിഴച്ചു ആ വക വല്ലതും ചെയ്താൽ” (ലേവ്യ : 4:2) “ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും പിഴച്ചിട്ട് അവൻ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവൻ തന്റെ കുറ്റം വഹിക്കേണം” (ലേവ്യ : 5:17)

2) ചെയ്യണം എന്ന് ദൈവം കല്പിച്ചിട്ടുള്ള കാര്യം ചെയ്യാതിരിക്കുന്നത് പാപമാണ്. മാനസാന്തരപ്പെടേണം, സ്നാനപ്പെടേണം, പരിശുദ്ധാത്മാവിനെ പ്രാപിക്കേണം, വേർപാടും വിശുദ്ധിയും പാലിക്കേണം – ഇതെല്ലാം ദൈവകല്പനയാണ്. ഇത് ചെയ്യാതിരിക്കുന്നവർ പാപം ചെയ്യുന്നു.

3) വിശ്വാസത്തിൽ നിന്ന് ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ (രോമർ : 14:23, യോഹ : 16:9)

4) വിഗ്രഹനിർമ്മിതിയും വിഗ്രഹാരാധനയും പാപമത്രേ (പുറ: 32:30,31; 34:17; 20:4,5; ആവ : 4:14-18; ലേവ്യ : 26:1; 2 കോരി : 6:16; സങ്കീ : 115:4-8; അപ്പൊസ്‌ത : 17:29; 1 യോഹ : 5:21; റോമർ : 1:22,23; സങ്കീ :16:4)

5) നാം സാക്ഷിയായി കാണുകയോ അറിയുകയോ ചെയ്തത് അറിയിക്കാതെയിരിക്കുന്നത് പാപമാണ് (ലേവ്യ : 5:1)

Leave a Comment

Your email address will not be published. Required fields are marked *

fifteen − 11 =

error: Content is protected !!