‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (09)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (09)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ദാസൻ എന്ന് പറഞ്ഞാൽ ചങ്ങല ധരിക്കുന്ന അടിമ എന്നർത്ഥം. ഈ ചങ്ങല അടിമത്തത്തിന്റേതല്ല, അഭിമാനത്തിന്റേതെയും സ്നേഹത്തിന്റേതുമാണ്. ഒരടിമ എന്ന നിലയിൽ പൗലോസ് യേശുക്രിസ്തുവിന് മാന്യനും വിലയേറിയവനും ദൈവത്തിന്റെ സ്ഥാനാപതിയുമാണ്.
‘നമ്മുടെ കർത്താവായ യേശുക്രിസ്തു’ എന്ന പ്രയോഗം റോമാലേഖനത്തിൽ 10 പ്രാവശ്യം പൗലോസ് ഉപയോഗിക്കുന്നുണ്ട്. പെന്തെക്കോസ്ത് മുതൽ അതാണ് അവന്റെ പൂർണ്ണനാമം. കാരണം, ‘നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കി വച്ചു. (അപ്പൊ : 2:36) യേശു രക്ഷിതാവ് എന്ന നിലയിൽ അവന്റെ വ്യക്തിപരമായ നാമവും, കർത്താവ്, നമ്മുടെയെല്ലാം മേൽ തന്റെ അധികാരം കാണിക്കുന്ന നാമവും ആകുന്നു. അങ്ങനെ സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സകലത്തിന്റെയും കർത്താവാണ് താൻ എന്ന് അപ്പൊ : 10:36, മത്തായി : 28:18 വെളിപ്പെടുത്തുന്നു.
ഈ യേശുക്രിസ്തു ആരാണ് ? ‘ജഡം സംബന്ധിച്ച് ദാവീദിന്റെ സന്തതിയിൽ നിന്ന് ജനിച്ചവൻ’ ഇത്‌ അവന്റെ മനുഷ്യത്വത്തെ കാണിക്കുന്നു. കുരുടനായ ബർത്തിമായി ക്രിസ്തുവിനെ ‘ദാവീദ് പുത്രാ’ എന്ന് സംബോധന ചെയ്തു. (മാർ : 10:47) ക്രിസ്തു മാനുഷികമായി ദാവീദിന്റെ പുത്രനും ആത്മീകമായി ദാവീദിന്റെ കർത്താവുമത്രെ. ‘ദാവീദിന്റെ സന്തതി’ എന്ന പ്രയോഗം അവൻ ദാവീദിന്റെ സിംഹാസനത്തിന്റെ അനന്തരാവകാശിയാണെന്ന് വെളിപ്പെടുത്തുന്നു.
ജഡം എന്ന വാക്ക് പല അർത്ഥത്തിൽ പ്രയോഗിച്ചിട്ടുണ്ട്.
1) ജീവനുള്ള എന്തിന്റെയെങ്കിലും മാംസം (ലുക്കോ : 24:39)
2) ശരീരം (അപ്പൊ : 2:31, 1 കോരി :5:5)
3) ശരീരവും പ്രാണനും ഉൾപ്പടെ മനുഷ്യൻ (റോമാ : 8:3, 1 കോരി : 15:50, മത്തായി :16:17, ലുക്കോ :3:6)
4) മനുഷ്യപ്രകൃതി (അപ്പൊ : 2:30, റോമാ : 9:5) ഈ അർത്ഥമാണ് പ്രത്യുത ഭാഗത്തുള്ളത്. അതായത് ദാവീദിൽ നിന്നുള്ള മനുഷ്യസ്വഭാവം. മനുഷ്യസ്വഭാവം കൂടാതെ ദൈവീകസ്വഭാവവും തനിക്കുണ്ടെന്ന് ഈ വാക്യം സൂചിപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

one + 9 =

error: Content is protected !!