മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (51)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (51)
പാ. വീയപുരം ജോർജ്കുട്ടി

4) ദൈവപൈതലിന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം നന്മയ്ക്കാണെന്നുള്ള അറിവ്
റോമർ : 8:28 – “എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണ്ണയപ്രകാരം വിളിക്കപെട്ടവർക്ക് തന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപാരിക്കുന്നു എന്ന് നാം അറിയുന്നു”
ഒരു രാജാവിന്റെ ദൈവഭക്തനായ മന്ത്രിയെക്കുറിച്ചുള്ള കഥ കേട്ടിട്ടുണ്ട്. രാജാവ് ഏതെങ്കിലും വിഷയത്തിൽ ഭാരപ്പെട്ട്, ഇത് എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് മന്ത്രിയോട് ചോദിച്ചാൽ ഉടനെ അദ്ദേഹം പറയും ‘എല്ലാം നന്മയ്ക്കായിട്ടാണ്’ എന്ന്. ഒരിക്കൽ രാജാവും മന്ത്രിയും കൂടെ വനത്തിൽ വേട്ടയ്ക്കായി പോയി. എങ്ങനെയോ രാജാവിന്റെ കൈയ്ക്ക് പരുക്ക് പറ്റുകയും ഒരു വിരൽ മുറിയുകയും ചെയ്തു. അപ്പോഴും മന്ത്രി പറഞ്ഞു, ‘ഇതും നന്മയ്ക്കാണ്’ എന്ന്. ഇത് രാജാവിനെ പ്രകോപിപ്പിച്ചു. അദ്ദേഹം മന്ത്രിയെ ഒരു കൊക്കയിലേക്ക് തള്ളിയിട്ടശേഷം ഏകനായി വേട്ടയ്ക്ക് പോയി. തുടർന്ന് വനത്തിൽ വഴി തെറ്റി പോകയും കാട്ടു മനുഷ്യരുടെ കൈയിൽ അകപ്പെടുകയും ചെയ്തു. അന്ന് അവരുടെ ദേവിയുടെ ഉത്സവം ആയിരുന്നു. ഒരു മനുഷ്യനെ ബലി കൊടുക്കുവാനായി അന്വേഷിച്ചു കൊണ്ടിരുന്നപ്പോഴാണ് രാജാവിനെ കിട്ടിയത്. അവർ അദ്ദേഹത്തെ കുളിപ്പിച്ച് കൊണ്ടിരുന്നപ്പോൾ കൈയിലൂയുടെ രക്തം വരുന്നത് ശ്രദ്ധിച്ചു. മുറിവും ചതവും ഉള്ളവരെ ബലി കൊടുക്കുവാൻ പാടില്ലാത്തതിനാൽ അവർ രാജാവിനെ വെറുതെ വിട്ടു. അപ്പോൾ അദ്ദേഹം മന്ത്രി പറഞ്ഞത് ഓർത്തു. ‘എല്ലാം നന്മയ്ക്കാണ്’ എന്നുള്ളത്. ഒടുവിൽ അദ്ദേഹം തിരിച്ചു ചെന്ന് മന്ത്രിയെ കൊക്കയിൽ നിന്ന് കയറ്റിയപ്പോൾ മന്ത്രി പറഞ്ഞു. ‘എന്നെ കൊക്കയിൽ ഇട്ടതും നന്മയ്ക്കായി’ എന്ന്. ഇതിൽ രാജാവ് അതിശയിച്ചു ചോദിച്ചു, ‘ഇത് എന്ത് നന്മയാണ്’ എന്ന്. ഉടനെ മന്ത്രി പറഞ്ഞു, ‘എന്നെ കൊക്കയിൽ ഇട്ടിലായിരുന്നുവെങ്കിൽ നമ്മൾ രണ്ട് പേരും ഒന്നിച്ചു പോകും. എനിക്ക് മുറിവ് ഇല്ലാത്തതിനാൽ അവർ എന്നെ ദേവിക്ക് ബലി കൊടുക്കുമായിരുന്നു. അത് കൊണ്ട് എല്ലാം നന്മയ്ക്കായി തീർന്നു’ എന്ന്.
സ്വന്ത സഹോദരന്മാരാൽ ഉപേക്ഷിക്കപെട്ടവനായി വെള്ളമില്ലാത്ത പൊട്ടക്കുഴിയിൽ വീണപ്പോഴും, ഇരുപത് വെള്ളിക്കാശിന് യിശ്മായേല്യർക്ക് വിറ്റപ്പോഴും, മിസ്രയെമിൽ പോത്തിഫേറിന്റെ വീട്ടിൽ ചെയ്യാത്ത തെറ്റുകൾ തന്റെ മേൽ ചുമത്തിയപ്പോഴും, കാരാഗൃഹത്തിൽ ദീർഘനാളുകൾ കഴിച്ചു കൂട്ടേണ്ടി വന്നപ്പോഴും ഒന്നിലും പിറുപിറുക്കയോ മറ്റാരിലും ആരോപിക്കുകയോ ചെയ്യാതെ ദൈവത്തിൽ പൂർണാശ്രയം വച്ച യോസേഫിനെ ദൈവം ഉയർത്തുകയും ഫറവോന് പിതാവും ഗൃഹത്തിന് ഒക്കെയും യജമാനനും മിസ്രയീം ദേശത്തിനൊക്കെയും അധിപതിയും ആക്കിത്തീർത്തു. ഒടുവിൽ യോസേഫിനെ ആശ്രയിക്കേണ്ടി വന്ന തന്റെ സഹോദരന്മാർ കുറ്റബോധത്താൽ തെറ്റുകൾ ഏറ്റു പറഞ്ഞു വന്ദിക്കുമ്പോൾ യോസേഫ് പറഞ്ഞത്, “എന്നെ ഇവിടെ വിറ്റത് കൊണ്ട് നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കുകയും വേണ്ടാ, ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങൾക്ക് മുൻപേ അയച്ചതാകുന്നു” (ഉല്പത്തി : 45:1-8)
ദൈവം അറിയാതെ നമ്മുടെ തലയിലെ ഒരു മുടിപോലും താഴെ വീഴുകയില്ല. നാം ഇരിക്കുന്നതും എഴുനേൽക്കുന്നതും അവൻ അറിയുന്നു. അങ്ങനെയെങ്കിൽ ദൈവപൈതലിന്റെ ജീവിതത്തിൽ വന്നു ഭവിക്കുന്നതെല്ലാം ദൈവം അറിഞ്ഞു കൊണ്ട് തന്നെയാണ്. ആകയാൽ പതറിപ്പോകാതെ പൂർണാശ്രയം ദൈവത്തിൽ വയ്ക്കുന്നുവെങ്കിൽ സകലവും നമ്മുടെ നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കുവാൻ അവിടുത്തേക്ക് കഴിയും. ഈ അറിവ് നിരന്തരം നമ്മെ ഭരിക്കുന്നുവെങ്കിൽ കഷ്ടതയിലും പ്രതിസന്ധികളിലും നമുക്ക് ധൈര്യം ലഭിക്കുകയും ഉറച്ചു നിൽക്കുവാൻ ഇടയാക്കുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *

19 + 15 =

error: Content is protected !!