മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (69)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (69)
പാ. വീയപുരം ജോർജ്കുട്ടി

9) വിശുദ്ധ പത്രോസ് :
പത്രോസ് പറയുന്നത്, “നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് അറിവ് തന്നത് പോലെ എന്റെ കൂടാരം (ശരീരം) പൊളിഞ്ഞു പോകുവാൻ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞിരിക്കയാൽ ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നിടത്തോളം നിങ്ങളെ ഓർപ്പിച്ചുണർത്തുക യുക്തം എന്ന് വിചാരിക്കുന്നു”. വിശുദ്ധ പത്രോസ് തന്റെ മരണത്തോട് അടുത്തപ്പോഴും സകല വിശ്വാസികളെയും ദൈവവിഷയമായി ഓർപ്പിച്ചുണർത്തുന്നു (2 പത്രോസ് : 1:13:14)

10) വിശുദ്ധ പൗലോസ് :
തന്റെ മരണത്തിന് മുൻപായി ദൈവം തന്നെ ഏല്പിച്ച വേല തികച്ചു എന്ന തൃപ്തി പ്രാപിച്ചു. “ഞാനോ ഇപ്പോൾ തന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു” (2 തിമോ :4:6-8)
യേശുക്രിസ്തുവും തന്റെ മരണത്തിന് മുൻപായി പിതാവിനോട് പ്രാർത്ഥിച്ചു പറഞ്ഞത് (യോഹ : 17:4). “ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്ക് ചെയ്‍വാൻ തന്ന പ്രവർത്തി തികച്ചിരിക്കുന്നു”
ദൈവം നമ്മെ ഏല്പിച്ച പ്രവൃത്തി അവധിക്ക് വയ്ക്കാതെ, മരണം എപ്പോൾ സംഭവിക്കും എന്ന് അറിയാൻ സാധിക്കാത്തത് കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ തിടുക്കത്തോടെ ചെയ്യുക.
ഒരാൾ ജീവനോട് കൂടെയിരിക്കുമ്പോൾ അയാൾ ചെയ്ത സേവനങ്ങളെക്കുറിച്ച് വാക്ക് പോലും പ്രശംസിച്ചു പറയാത്തവർ, മരണശേഷം ശവസംസ്കാര ശുശ്രുഷയിലും തുടർന്നും ധാരാളമായി അയാളെക്കുറിച്ച് പറയുവാൻ ഉത്സാഹിക്കും. അത് തെറ്റായ ഒരു കീഴ്വഴക്കമാണ്. ആരോ ഒരിക്കൽ പറഞ്ഞു, ശവസംസ്കാര ശുശ്രുഷയിൽ ഒരാളെക്കുറിച്ച് പറഞ്ഞ നല്ല കാര്യങ്ങൾ ജീവനോടുകൂടെയിരുന്നപ്പോൾ പറഞ്ഞിരുന്നു എങ്കിൽ അയാൾ ഇത്ര പെട്ടെന്ന് മരിക്കുകയില്ലായിരുന്നു എന്ന്.
ഇപ്പോൾ ഞാൻ ശുശ്രുഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിൽ ഡാലസ്സിലുള്ള ഐപിസി ശാലേം സഭയിലെ ഒരു സീനിയർ സഭാംഗമാണ് പുനലൂർ എണ്ണിക്കാട്ട്, ഞങ്ങൾ കുഞ്ഞുകുട്ടിച്ചായൻ എന്ന് വിളിക്കുന്ന തോമസ് വർക്കി. അദ്ദേഹത്തിന്റെ പിതാവ് നിത്യതയിൽ പ്രവേശിച്ചു. മാതാവ് രോഗിയായി കിടപ്പിലാണ്. ചില വർഷങ്ങൾക്ക് മുൻപ് പിതാവും മാതാവും, പൂർണ്ണാരോഗ്യത്തോടെയിരിക്കുന്ന സമയത്തു അദ്ദേഹം അമേരിക്കയിൽ നിന്ന് നാട്ടിൽ ചെന്ന് മാതാവിനെയും പിതാവിനെയും അടുക്കൽ വിളിച്ചിരുത്തി, അവർ ജന്മം നല്കിയതിനെയും വളർത്തിയതിനെയും പഠിപ്പിച്ചതിനെയും അങ്ങനെ ഓരോന്നും എണ്ണി എണ്ണി പറഞ്ഞു തന്റെ നന്ദി അറിയിക്കുകയുണ്ടായി. നമുക്ക് അനുകരിക്കുവാൻ പറ്റിയ നല്ല ഒരു മാതൃകയാണ് അദ്ദേഹം ചെയ്തത്. മരണാന്തരം പ്രശംസിക്കുന്നതിനേക്കാൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ഈ കാര്യങ്ങൾ അവരോട് പറയുന്നു എങ്കിൽ എത്ര നന്നായിരുന്നു. മരണത്തിന് മുൻപായി ഭക്തന്മാർ ചെയ്യ്ത നല്ല മാതൃകകൾ നമുക്കും പിൻപറ്റാം. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

Leave a Comment

Your email address will not be published. Required fields are marked *

5 × 1 =

error: Content is protected !!