മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (82)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (82)
പാ. വീയപുരം ജോർജ്കുട്ടി

22
ശുശ്രുഷാകാലം തികച്ച് വീട്ടിലേക്ക് പോകുക

യേശുക്രിസ്തുവിന് വഴിയൊരുക്കേണ്ടതിന് ദൈവം നിയോഗിച്ചയച്ച യോഹന്നാൻ സ്നാപകന്റെ പിതാവ് സെഖര്യാവും അമ്മ എലീശബെത്തും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടന്നവരും ആയിരുന്നു. സെഖര്യാവ് കൂറിന്റെ ക്രമപ്രകാരം ദൈവാലയത്തിൽ ശുശ്രുഷ ചെയ്യുകയും വിശുദ്ധമന്ദിരത്തിൽ ധൂപം കാട്ടുകയും ചെയ്തിരുന്നു. തന്റെ ശുശ്രുഷാകാലം തികഞ്ഞ ശേഷം അവൻ വീട്ടിലേക്ക് പോയി എന്ന് തിരുവചനം പറയുന്നു. (ലൂക്കോസ് :1:5-23)
ഇവിടെ പറഞ്ഞിരിക്കുന്നത്, താൻ തന്റെ അക്ഷരീകഭവനത്തിലേക്ക് പോയ കാര്യമാണ്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ഇവിടെ പാർക്കേണ്ടതിനായി ഓരോരുത്തരും അവരവരുടെ സാമ്പത്തിക കഴിവിനനുസരിച്ച് വീടുകൾ നിർമ്മിക്കാറുണ്ട്. എന്നാൽ ഈ വീടുകൾ എത്ര വലുതായിരുന്നാലും അതെല്ലാം തത്കാലത്തേക്ക് മാത്രമാണെന്ന് നാം അറിഞ്ഞിരിക്കണം. നാം എല്ലാവരും ഇവിടെ അന്യരും പരദേശികളുമാണ് എന്നുള്ള ചിന്ത എല്ലായ്‌പോഴും നമ്മെ ഭരിക്കേണ്ടതാണ്.
നമ്മുടെ പിതാക്കന്മാർ, അവർ അന്യരും പരദേശികളും എന്ന് എപ്പോഴും ഏറ്റുപറയുമായിരുന്നു. എബ്രാ :11:13 – “ഇവർ എല്ലാവരും വാഗ്ദത്ത നിവൃത്തി പ്രാപിക്കാതെ ദൂരത്തു നിന്ന് അത് കണ്ട് അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്ന് ഏറ്റ് പറഞ്ഞു കൊണ്ട് വിശ്വാസത്തിൽ മരിച്ചു” എബ്രാ :11:9,10 – “വിശ്വാസത്താൽ അബ്രഹാം വാഗ്ദത്ത ദേശത്ത് ഒരു അന്യദേശത്ത് എന്ന പോലെ ചെന്ന് വാഗ്ദത്തത്തിന് കൂട്ടവകാശികളായ യിസ്സഹാക്കിനോടും യാക്കോബിനോടും കൂടെ കൂടാരങ്ങളിൽ പാർത്ത് കൊണ്ട് ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനമുള്ളതുമായ നഗരത്തിനായി കാത്തിരുന്നു”
ദാവീദ് പറയുന്നത് (1 ദിന :29:15), “ഞങ്ങൾ നിന്റെ മുൻപാകെ സകല പിതാക്കന്മാരെയും പോലെ അതിഥികളും പരദേശികളും ആകുന്നു. ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ, യാതൊരു സ്ഥിരതയുമില്ല”
വിശുദ്ധ പൗലോസ് പറയുന്നത് (ഫിലി :3:20), “നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്ന് കർത്താവായ യേശുക്രിസ്തു രക്ഷിതാവായ വരും എന്ന് നാം കാത്തിരിക്കുന്നു”
കർത്താവ് തന്റെ ശിഷ്യന്മാരോട് പറഞ്ഞു (യോഹ :14:1-3), “ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്ന് നിങ്ങളെ എന്റെ അടുക്കൽ ചേർത്ത് കൊള്ളും”
പിതാവിന്റെ സന്നിധിയിൽ നിന്ന് ഇറങ്ങി വന്ന പുത്രനായ യേശുക്രിസ്തു തിരിച്ചു പിതാവിന്റെ സന്നിധിയിലേക്ക് കരേറി പോകുന്നതിന് മുൻപായി പറഞ്ഞത് (യോഹ :17:4), “ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്ക് ചെയ്‍വാൻ തന്ന പ്രവർത്തി തികച്ചിരിക്കുന്നു” വിശുദ്ധ പൗലോസിന്റെ അന്ത്യവാചകങ്ങൾ (2 തിമോ :4:7,8), “ഞാൻ നല്ല പോർ പോരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു” എന്നാണ്.
നമുക്കും നമ്മെ ഏല്പിച്ച വേല ഉദാസീനത്തോടെയല്ല, തിടുക്കത്തോടെ തികയ്ക്കാം. നമുക്ക് തന്നിരിക്കുന്ന ശുശ്രുഷക്കാലം തികയുമ്പോൾ നമുക്കും നമ്മുടെ സ്വന്ത ഭവനത്തിലേക്ക് മടങ്ങി പോകാം. ആ പ്രത്യാശയോടെ ദൈവവേലയിൽ മുന്നേറിടാം.

Leave a Comment

Your email address will not be published. Required fields are marked *

five × one =

error: Content is protected !!