മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (85)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (85)
പാ. വീയപുരം ജോർജ്കുട്ടി

പാപികൾ എന്ന നിലയിൽ നാം അനുഭവിക്കേണ്ട ശിക്ഷ നമുക്ക് പകരമായി പാപമില്ലാത്ത ദൈവപുത്രൻ നമ്മുടെ പാപം വഹിച്ചതിനാൽ ഏല്ക്കേണ്ടി വന്നു. കാൽവരി ക്രൂശിൽ കിടന്ന് കൊണ്ട് ‘നിവൃത്തിയായി’ എന്ന് പറഞ്ഞു തന്റെ ആത്മാവിനെ ഏല്പിച്ചു കൊടുത്തു. ഭ്രഷ്ടനായ മനുഷ്യന്റെ മടങ്ങിവരവിന് വേണ്ടി ദൈവം ചെയേണ്ട കാര്യങ്ങൾ അവിടുന്ന് ചെയ്തു. എന്നാൽ ഇനിയും ബാക്കിയുള്ളത് മനുഷ്യന്റെ തീരുമാനമാണ്. ദൈവം തുറന്ന് തന്ന മാർഗ്ഗം മനുഷ്യൻ ചിന്തിക്കുകയും ഉറച്ച തീരുമാനത്തിൽ എത്തിച്ചേരുകയും വേണം.
കർത്താവ് പറഞ്ഞ ഉപമയിൽ (ലൂക്കോസ് :15:11-24), ധനവാനായ മനുഷ്യന്റെ ഇളയമകൻ തനിക്ക് വരേണ്ടുന്ന പങ്ക് എല്ലാം ചോദിച്ചു വാങ്ങി ദൂരദേശത്തേക്ക് പോകുകയും ദുർനടപ്പ്കാരുമായി ജീവിച്ചു തന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തുകയും ചെയ്തു. ഒടുവിൽ ഭക്ഷണത്തിന് പോലും വകയില്ലാതെ പ്രാകൃതനായി പന്നി ഭക്ഷിക്കുന്ന വാളവിര കൊണ്ട് വയറ് നിറപ്പാൻ ആഗ്രഹിച്ചു. എന്നാൽ അതും അവന് ലഭിച്ചില്ല. ഈ അവസരത്തിലാണ് തന്റെ ഭവനത്തെക്കുറിച്ചും പിതാവിന്റെ സ്നേഹത്തെക്കുറിച്ചും അവിടെയുള്ള സമൃദ്ധിയെക്കുറിച്ചും ചിന്തിച്ചത്.
തത്‌ഫലമായി അവൻ ഹൃദയത്തിൽ ഒരുറച്ച തീരുമാനമെടുത്തു. തീരുമാനം പ്രവൃത്തിയിൽ കൊണ്ട് വരുവാൻ ആഗ്രഹിച്ചു. അവൻ എഴുന്നേറ്റു. വിട്ടു പോന്ന ഭവനത്തെ ലക്ഷ്യമാക്കി യാത്ര ചെയ്തു. എന്നാൽ അവന്റെ കണ്ണുകളെ അവന് വിശ്വസിപ്പാൻ കഴിഞ്ഞില്ല. തന്റെ മടങ്ങി വരവ് കാത്ത് ദിനം പ്രതി വേദനയോടെ കാത്തിരുന്ന പിതാവ് അവനെ ദൂരവേ കണ്ട മാത്രയിൽ ഓടിവന്നു ചുംബനം ചെയ്യുന്നു.
പഴയനിയമത്തിൽ മോശ മുഖാന്തരം ന്യായപ്രമാണം കൊടുത്തപ്പോൾ (ആവ :21:18-21), ശഠനും മത്സരിയുമായ മകനെ പട്ടണവാതിൽക്കൽ കൊണ്ട് പോയി പട്ടണത്തിലെ മൂപ്പന്മാരോട് മകന്റെ സ്വഭാവത്തെക്കുറിച്ച് വിവരിക്കുകയും ഒടുവിൽ പട്ടണവാസികൾ അവനെ കല്ലെറിഞ്ഞു കൊല്ലുകയും വേണം.

ഈ ന്യായപ്രമാണം നിലവിലുള്ളപ്പോൾ അപ്പൻ കാണുന്നതിന് മുൻപ് പട്ടണവാസികൾ അവന്റെ സ്വഭാവം അറിയുന്നതിനാൽ അവനെ കല്ലെറിഞ്ഞു കൊല്ലുവാൻ സാദ്ധ്യതയുള്ളതിനാൽ, പിതാവ് ഓടിച്ചെന്ന് അവനെ സംരക്ഷിച്ച് ഭവനത്തിലേക്ക് കൂട്ടികൊണ്ട് വന്നു. നോക്കുക, പിതാവിന്റെ സ്നേഹം ! അവൻ പിതാവിനോട് പറഞ്ഞു : ‘അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തു. ഇനി നിന്റെ മകൻ എന്ന പേരിന് പോലും ഞാൻ യോഗ്യനല്ല.’ എന്നാൽ ഭ്രഷ്ടനായ മകൻ മടങ്ങി വന്നത് കൊണ്ട് ആ ഭവനം സന്തോഷമുഖരിതമാവുകയും, വലിയ വിരുന്നൊരിക്കി എല്ലാവരെയും വിളിച്ചു കൂട്ടി നൃത്തം ചെയ്യുകയും, നഷ്ട്ടപെട്ട മകനെ മേൽത്തരമായ വസ്ത്രം ധരിപ്പിക്കുകയും, കാലിന് ചെരിപ്പും കൈക്ക് മോതിരവും ഇടുവിക്കുകയും ചെയ്തു.
ഈ പുസ്തകം വായിക്കുന്ന മാന്യസ്‌നേഹിതാ, ദൈവത്തിൽ നിന്ന് താങ്കൾ ഇന്നും അകന്ന് ജീവിക്കുകയാണോ ? ഇതാ, ഒരു സുവർണ്ണാവസരം. യേശുക്രിസ്തു താങ്കളുടെ ഹൃദയകവാടത്തിൽ നിന്ന് മുട്ടുന്നു. ഹൃദയം കർത്താവിനായി തുറന്ന് കൊടുക്കുമോ ? ‘കര്ത്താവേ, ഞാൻ പാപിയാണ്. എന്റെ പാപത്തിന് പരിഹാരമായി അങ്ങ് മരിച്ചു എന്ന് ഞാൻ വസിക്കുന്നു. കാൽവരിയിൽ ചിന്തിയ രക്തത്താൽ എന്റെ പാപങ്ങളെ കഴുകി എന്നെ ശുദ്ധീകരിച്ച് അവിടുത്തെ മകനാക്കി / മകളാക്കി തീർക്കണമേ’ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുമെങ്കിൽ ഇന്ന് രക്ഷാ ദിവസം, ഇന്ന് സുപ്രസാദകാലം. സമയം നഷ്ടമാക്കാതെ തക്കത്തിൽ പ്രയോജനപ്പെടുത്തുക.

Leave a Comment

Your email address will not be published. Required fields are marked *

one × four =

error: Content is protected !!