മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (97)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (97)
പാ. വീയപുരം ജോർജ്കുട്ടി

2) ദൈവത്തിന്റെ കാഹളം
കർത്താവിന്റെ ഗംഭീരനാദത്തിങ്കൽ, മണ്മറഞ്ഞ സകല വിശുദ്ധന്മാരും ഉയിർത്തെഴുനേൽക്കും. തൽക്ഷണം തന്നെ ദൈവത്തിന്റെ കാഹളവും ഊതപ്പെടും. ആ അവസരം ജീവനോട് കൂടിയിരിക്കുന്ന വിശുദ്ധന്മാർ മരണം കാണാതെ രൂപാന്തരപ്പെടും. അതിനെകുറിച്ച് പൗലോസ് പറയുന്നത്, “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരികയും ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയിർത്തെഴുനേൽക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും”. (1 തെസ്സ : 4:16,17). അതിനെ കുറിച്ച് കുറേകൂടി വ്യക്തമായി പൗലോസ് വിശദീകരിക്കുന്നത്, “സഹോദരൻമാരെ, മാംസരക്തങ്ങൾക്ക് ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴിയുകയില്ല. ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയില്ല എന്ന് ഞാൻ പറയുന്നു. ഞാൻ ഒരു മർമ്മം നിങ്ങളോട് പറയാം : നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്ന് കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും” (1 കോരി : 15:50-52)
ദൈവത്തോട് കൂടെ മുന്നൂറ് സംവത്സരം നടന്ന ഹാനോക്ക് ദൈവശബ്ദത്തോടുള്ള ബന്ധത്തിൽ മരണം കാണാതെ രൂപാന്തര ശരീരിയായി എടുക്കപ്പെട്ടത് പോലെയും (ഉല്പത്തി : 5:21-24), ഏലിയാവിനെ ചുഴലികാറ്റിൽ രൂപാന്തരശരീരിയായി എടുത്തത് പോലെയും (2 രാജ :2:1-11) ദൈവത്തിന്റെ കാഹളധ്വനിയിൽ ജീവനോട് കൂടിയിരിക്കുന്ന വിശുദ്ധന്മാർക്ക് രൂപാന്തരം ഉണ്ടാകും.
കർത്താവ് ഭൂമിയിലായിരുന്നപ്പോൾ ഇപ്രകാരം പറഞ്ഞു :”ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവർ ആരും ഒരുനാളും മരിക്കയില്ല” (യോഹ :11:26). ദൈവത്തിന്റെ കാഹളധ്വനിയിൽ വിശുദ്ധന്മാർ രൂപാന്തരപ്പെടുന്നതിനോടൊപ്പം, ഭൂമിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഉയിർത്തെഴുന്നേറ്റ വിശുദ്ധന്മാരും രൂപാന്തരപ്പെട്ട ജീവനോട് കൂടെയുള്ള വിശുദ്ധന്മാരും ഒന്നിച്ചു കൂടി ആകാശമേഘങ്ങളിൽ കർത്താവിനെ എതിരേൽക്കാൻ മദ്ധ്യാകാശത്തിലേക്ക് എടുക്കപ്പെടും.
പഴയനിയമ കാലത്ത് ജനത്തെ ഒന്നിച്ചു കൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനുമായി കാഹളം ഊതുമായിരുന്നു. (സംഖ്യാ : 10:1-3). ഇത് പോലെ, ഈ ഭൂമിയിലെ ജീവിതം അന്യരും പരദേശികളും എന്ന് എണ്ണി സ്വർഗ്ഗീയപൗരന്മാരായി ജീവിച്ച വിശുദ്ധന്മാർ ദൈവത്തിന്റെ കാഹളനാദത്തിങ്കൽ ഒന്നിച്ചു കൂടി ഇവിടെ നിന്ന് അവർ പ്രത്യാശയോടെ കാത്തിരുന്ന സ്വർഗ്ഗീയകനാനിലേക്ക് യാത്ര പുറപ്പെടും. അപ്പോൾ, അവർ പാടും, ‘ഹേ മരണമേ, നിന്റെ ജയം എവിടെ ? ഹേ മരണമേ, നിന്റെ വിഷ മുള്ള് എവിടെ ?’ എന്ന്. ആ സുദിനം സമാഗതമാകുവാൻ സമയം വളരെ അടുത്ത് പോയി.

Leave a Comment

Your email address will not be published. Required fields are marked *

three × 2 =

error: Content is protected !!